ബേഗുസരായിലേത് 2019ലെ ഏറ്റവും കടുത്ത പോരാട്ടം

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബീഹാറിലെന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വാശിയേറിയ മല്‍സരമാവുകയാണ്.

Update: 2019-04-10 02:34 GMT
Advertising

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബീഹാറിലെന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വാശിയേറിയ മല്‍സരമാവുകയാണ് ബേഗുസരായിയിലേത്. ബി.ജെ.പിയുടെ വിവാദ നേതാവ് ഗിരിരാജ് സിംഗും സി.പി.ഐ സ്ഥാനാര്‍ഥിയായ കനയ്യ കുമാറും ആര്‍.ജെ.ഡി കോണ്‍ഗ്രസ് സഖ്യത്തിന്റെ തന്‍വീര്‍ ഹസനും ഒപ്പത്തിനൊപ്പം പോരാടുന്ന മണ്ഡലത്തില്‍ കടുത്ത ത്രികോണ മല്‍സരമാണ് അരങ്ങേറുന്നത്.

ആര്‍.ജെ.ഡി വിട്ട് ബി.ജെ.പിയിലെത്തി 2014ല്‍ ജയിച്ചു കയറിയ ഡോ: ബോലാസിംഗിനു പകരമായാണ് ബി.ജെ.പി ദേശീയ നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ് ഇക്കുറി മല്‍സരരംഗത്ത്. കഴിഞ്ഞ തവണ നവാദയില്‍ നിന്നും ജയിച്ച സിംഗിന് ഇക്കുറി സിറ്റിംഗ് മണ്ഡലം എല്‍.ജെ.പിക്ക് വിട്ടു കൊടുക്കേണ്ടി വന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു മടങ്ങിയതിലപ്പുറം സിംഗ് ഇതുവരെ ബേഗുസരായിയില്‍ സജീവമായ പ്രചരണം ആരംഭിച്ചിട്ടില്ല. മതേതര വോട്ടുകള്‍ വിഭജിക്കപ്പെടുന്ന സാഹചര്യമുണ്ടാവുകയാണെങ്കില്‍ മാത്രമാണ് ഭൂമിഹാറുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ഗിരിരാജിന് വിജയപ്രതീക്ഷ. കഴിഞ്ഞ തവണ രണ്ടാമതെത്തിയ ആര്‍.ജെ.ഡി നേതാവ് തന്‍വീര്‍ ഹസനും കനയ്യ കുമാറും തമ്മില്‍ കൊടുമ്പിരി കൊള്ളുന്ന മല്‍സരത്തില്‍ മതേതര വോട്ടുകള്‍ പിളരുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

ജെ.ഡി.യുവിന്റെ മുസ്‌ലിം വോട്ടുകളിലും ബി.ജെ.പിയുടെ ഭൂമിഹാര്‍ വോട്ടുകളിലുമാണ് കനയ്യയുടെ പ്രതീക്ഷ. ഭൂമിഹാര്‍ വിഭാഗത്തില്‍ പെടുന്ന കനയ്യക്ക് സവര്‍ണ വോട്ടുകളില്‍ കടന്നു കയറാനായേക്കും. യുവാക്കളും നല്ലൊരു പങ്ക് കനയ്യയോടൊപ്പമുണ്ട്. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ പോരാട്ടത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ചും ആര്‍.ജെ.ഡിയെ കുറിച്ച് മൗനം പാലിച്ചുമാണ് കനയ്യയുടെ പ്രചാരണം.

Tags:    

Similar News