യോഗി ആദിത്യനാഥിനെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടി തുടരുന്നു

മൂന്ന് ദിവസത്തിനിടെ നാല് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

Update: 2019-06-10 11:45 GMT
Advertising

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ചുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടി തുടരുന്നു. ഉത്തര്‍പ്രദേശ് പൊലീസ് മൂന്ന് ദിവസത്തിനിടെ നാല് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

യോഗി ആദിത്യനാഥുമായി പ്രണയത്തിലാണെന്ന് അവകാശപ്പെട്ടെത്തിയ യുവതിയുടെ വാര്‍ത്ത പോസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി.അറസ്റ്റിലായ പ്രശാന്ത് കനോജിയയുടെ മോചനമാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും

ഗോരഖ്പൂരില്‍ നിന്നാണ് നാലാമത്തെ മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫ്രീലാന്റ് ജേണലിസ്റ്റ് പ്രശാന്ത് ജഗ്ദീഷ് കനോജിയ, നാഷന്‍ലൈവ് ചാനല്‍ തലവന്‍ ഇഷിക സിങ്, എഡിറ്റര്‍ അനുഡ് ശുക്ല എന്നിവരാണ് ആദ്യം അറസ്റ്റിലായത്.

ഇവരെ കോടതില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുൻപ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ഒരു യുവതി എത്തി മാധ്യമങ്ങളെ കണ്ടിരുന്നു. യോഗിയുമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കണമെന്നുമായിരുന്നു ആവശ്യം. ജൂണ്‍ ആറിന് ഏതാനും മാധ്യമങ്ങള്‍ നല്‍കിയ യുവതിയുടെ വാര്‍ത്ത ഇവര്‍ ട്വീറ്റ് ചെയ്തിരുന്നു.

പ്രശാന്ത് കനോജിയയെ ഉത്തര്‍പ്രദേശ് പൊലീസ് ഡല്‍ഹിയിലെ വസതിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി ലഖ്നൌവിലേക്ക് കൊണ്ടുപോവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്

Tags:    

Similar News