പ്രവാസികളായ ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നത് വലിയ പ്രശ്നമാണ്... - കേന്ദ്രമന്ത്രി

പിന്നെയവര്‍ വിദേശത്തേക്ക് പോകുന്നു. എന്നിട്ട് ബീഫ് കഴിക്കാന്‍ തുടങ്ങുകയായി. അത് എന്തുകൊണ്ടാണെന്ന് അറിയാമോ ?

Update: 2020-01-02 11:37 GMT
Advertising

ബീഫ് വിഷയത്തില്‍ ഒരിടവേളക്ക് ശേഷം വീണ്ടും വിചിത്ര പ്രസ്താവനയുമായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ് രംഗത്ത്. വിദേശത്തുള്ള ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നത് വലിയ പ്രശ്നമാണെന്നായിരുന്നു കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയായ ഗിരിരാജിന്റെ പ്രസ്താവന. മിഷണറി സ്കൂളുകളിലെ പഠനമാണ് ഇതിന് കാരണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

''എല്ലാ സ്കൂളുകളിലും ഭഗവത് ഗീത പഠിപ്പിക്കണം. നാം നമ്മുടെ കുട്ടികളെ മിഷണറി സ്കൂളുകളില്‍ വിട്ട് പഠിപ്പിക്കുന്നു. അവര്‍ക്ക് ഐ.ഐ.ടിയില്‍ പ്രവേശനം ലഭിക്കുന്നു. അവര്‍ പിന്നീട് എന്‍ജിനീയര്‍മാരാകുന്നു. പിന്നെയവര്‍ വിദേശത്തേക്ക് പോകുന്നു. എന്നിട്ട് ബീഫ് കഴിക്കാന്‍ തുടങ്ങുകയായി. അത് എന്തുകൊണ്ടാണെന്ന് അറിയാമോ ? കാരണം നമ്മള്‍ അവരെ നമ്മുടെ സംസ്കാരവും പാരമ്പര്യമൂല്യങ്ങളും പഠിപ്പിച്ചിട്ടില്ല. അതു കഴിഞ്ഞ് മാതാപിതാക്കള്‍ പറയും, അവരെ മക്കള്‍ നോക്കുന്നില്ലെന്ന്.'' ബഗുസാരായിയില്‍ നടന്ന ഒരു ചടങ്ങില്‍ ഗിരിരാജ് സിങ് പറഞ്ഞു.

ഏതായാലും ഗിരിരാജ് സിങിനെ പരിഹസിച്ച് നവമാധ്യമങ്ങളില്‍ നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. ബീഫ് കഴിക്കാന്‍ വേണ്ടി എന്തിനാണ് വിദേശത്ത് പോകുന്നതെന്നാണ് പലരുടെയും ചോദ്യം. കേരളത്തിലോ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലോ പോയാല്‍ ഇഷ്ടം പോലെ ബീഫ് കിട്ടില്ലേയെന്ന് ചിലര്‍ ചോദിക്കുന്നു. പുതുവര്‍ഷത്തിലും ഒരു മാറ്റവുമില്ലല്ലോയെന്നാണ് മറ്റു ചിലരുടെ പരിഹാസം.

Tags:    

Similar News