ജെ.എന്‍.യു ആക്രമണം ‘ആസൂത്രണം’ ചെയ്ത വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചീഫ് പ്രോക്ടറും എ.ബി.വി.പി ഭാരവാഹികളും

ജെ.എന്‍.യു ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന വാട്സ്ആപ്പ് ഗ്രൂപ്പ് സ്ക്രീന്‍ഷോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഗ്രൂപ്പില്‍ പ്രോക്ടർ ധനഞ്ജയ് സിങ് അംഗമാണെന്ന് കണ്ടെത്തിയത്. 

Update: 2020-01-07 07:12 GMT
Advertising

ജെ.എന്‍.യു ആക്രമണം ആസൂത്രണം ചെയ്തെന്ന് ആരോപിക്കുന്ന വിവാദ വാട്സാപ്പ് ഗ്രൂപ്പില്‍ യൂണിവേഴ്സിറ്റി ചീഫ് പ്രോക്ടറുമെന്ന് റിപ്പോർട്ട്. ഫ്രണ്ട്സ് ഓഫ് ആർ.എസ്.എസ് എന്ന ഗ്രൂപ്പിലാണ് ജെ.എന്‍.യു ചീഫ് പ്രോക്ടർ ധനഞ്ജയ് സിങ് അംഗമായിട്ടുള്ളത്. ചർച്ചകൾ നടന്ന ഗ്രൂപ്പുകളിൽ ഉള്ളത് എ.ബി.വി.പിയുടെ എട്ട് ഭാരവാഹികൾ. ഡൽഹി സര്‍വകലാശാലക്ക് കീഴിലുള്ള കോളജിലെ അധ്യാപകനും ഗ്രൂപ്പിലുണ്ട്.

ജെ.എന്‍.യു ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന വാട്സ്ആപ്പ് ഗ്രൂപ്പ് സ്ക്രീന്‍ഷോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഗ്രൂപ്പില്‍ പ്രോക്ടർ ധനഞ്ജയ് സിങ് അംഗമാണെന്ന് കണ്ടെത്തിയത്. 2004 ലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയുടെ പ്രസി‍ഡന്റ് സ്ഥാനാര്‍ഥിയായിരുന്നു ധനഞ്ജയ് സിങ്. എന്നാല്‍ ഗ്രൂപ്പില്‍ താന്‍ അത്ര സജീവമല്ലെന്നും ആക്രമണം സംബന്ധിച്ച് നടന്ന ചര്‍ച്ചകളെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ധനഞ്ജയ് സിങ് പറയുന്നത്. താന്‍ ഗ്രൂപ്പ് വിട്ടതായും സിങ് വ്യക്തമാക്കി.

ജെ.എൻ.യുവില്‍ ഞായറാഴ്ച നടന്ന അക്രമത്തിനിടെ മുഖംമൂടി ധരിച്ചവർ “കോഡ് വാക്കുകളാ”ണ് ഉപയോഗിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഹോസ്റ്റലിൽ ഉച്ചകഴിഞ്ഞ‌് അക്രമമുണ്ടായതിനെത്തുടർന്ന് ഹോസ്റ്റല്‍വാസികള്‍ വാട്‌സ്ആപ്പിൽ സഹായം അഭ്യര്‍ഥിച്ച് സന്ദേശങ്ങൾ അയച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു. വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ച മൊബൈൽ ഫോൺ നമ്പറുകളുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും സംഭവസമയത്തെ അവരുടെ ലൊക്കേഷന്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇതേസമയം, ആക്രമണം നടന്നിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ആക്രമികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞു. ആക്രമണത്തിന് പൊലീസ് സഹായം നൽകിയെന്ന ആരോപണം നിലനിൽക്കെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Tags:    

Similar News