ഇന്ത്യന്‍ മുസ്‍ലിംകളെ പൗരത്വ നിയമം ബാധിക്കില്ലെന്ന് രജനീകാന്ത്

ഭാവിയിൽ സി‌.എ‌.എ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയാല്‍ പ്രതിഷേധത്തിന് ഇറങ്ങുന്ന ആദ്യത്തെയാളായിരിക്കുമെന്നും താനെന്നും താരം കൂട്ടിച്ചേർത്തു.   

Update: 2020-02-05 06:34 GMT
Advertising

വിവാദമായ പൗരത്വ ഭേദഗതി നിയമ(സി.‌എ‌.എ)ത്തില്‍ പ്രതികരണവുമായി നടന്‍ രജനീകാന്ത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന സി.എ.എ ഇന്ത്യൻ മുസ്‌ലിംകളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് രജനീകാന്ത് അവകാശപ്പെട്ടു. ചെന്നൈയിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ഭാവിയിൽ സി‌.എ‌.എ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയാല്‍ പ്രതിഷേധത്തിന് ഇറങ്ങുന്ന ആദ്യത്തെയാളായിരിക്കും താനെന്നും താരം കൂട്ടിച്ചേർത്തു.

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം രേഖപ്പെടുത്തുന്നതിന് ഓരോ രാജ്യത്തിനും എൻ‌.ആർ.‌സി വളരെ പ്രധാനമാണെന്നും താരം വ്യക്തമാക്കി. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനായി ചിലർ സി‌.എ‌.എയെക്കുറിച്ച് തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർഥികൾക്ക് ഇരട്ട പൗരത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൂത്തുക്കുടി വെടിവയ്പിനെക്കുറിച്ച് നടന്റെ വിവാദ പരാമർശം ദേശീയതലത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 25 ന് ഹാജരാകാൻ ആവശ്യപ്പെട്ട് രജനീകാന്തിന് അരുണ ജഗദീശൻ കമ്മീഷൻ സമന്‍സ് അയച്ചിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് തനിക്ക് ഇതുവരെ ഒരു സമൻസും ലഭിച്ചിട്ടില്ലെന്നാണ് താരം പ്രതികരിച്ചത്.

Tags:    

Similar News