20 ലക്ഷം കോടിയുടെ പാക്കേജ്: പ്രധാനമന്ത്രി നല്‍കിയത് തലക്കെട്ടും ശൂന്യമായ പേജുമെന്ന് ചിദംബരം

Update: 2020-05-13 06:33 GMT
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. പ്രധാനമന്ത്രി ഇന്നലെ ഒരു തലക്കെട്ടും ശൂന്യമായ പേജുമാണ് നല്‍കിയത്. അതുകൊണ്ട് തന്റെ പ്രതികരണവും ശൂന്യമാണെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

"ഇന്നലെ നമുക്ക് പ്രധാനമന്ത്രി ഒരു തലക്കെട്ടും ശൂന്യമായ പേജും നല്‍കി. സ്വാഭാവികമായും എന്റെ പ്രതികരണവും ശൂന്യമായിരുന്നു. ഇന്ന് ധനമന്ത്രി ആ പേജ് പൂരിപ്പിക്കാന്‍ നമ്മള്‍ കാത്തിരിക്കുകയാണ്. സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓരോ അധിക രൂപയും ഞങ്ങള്‍ ശ്രദ്ധയോടെ എണ്ണും" എന്നാണ് ചിദംബരത്തിന്‍റെ ട്വീറ്റ്.

ആര്‍ക്കൊക്കെ എന്തൊക്കെയാണ് ലഭിക്കുന്നതെന്ന് പരിശോധിക്കും. ദരിദ്രരും പട്ടിണി കിടക്കുന്നവരും എല്ലാം നഷ്ടപ്പെട്ടവരുമായ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നടക്കുകയാണ്. അവര്‍ക്കെന്ത് ലഭിക്കും എന്നതാണ് ആദ്യം അന്വേഷിക്കുകയെന്നും ചിദംബരം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ കോവിഡ് പ്രതിരോധ സാമ്പത്തിക പാക്കേജ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അറിയിക്കും. ലോക്ക്ഡൌണിന്‍റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ മെയ് 18ന് മുമ്പ് വിശദീകരിക്കാമെന്ന് മോദി വ്യക്തമാക്കി.

Tags:    

Similar News