സർജിക്കൽ സ്‌ട്രൈക്ക് പാകിസ്താനെതിരെ മാത്രമോ? സർക്കാറിനെ ചോദ്യം ചെയ്ത് മുൻ ബി.ജെ.പി കേന്ദ്രമന്ത്രി

'വീട്ടിൽ കയറി അടിക്കും എന്നതാണ് നമ്മുടെ സിദ്ധാന്തം. ഒരു രാജ്യത്തിനും നമ്മളെ നിസ്സഹായാവസ്ഥയിൽ ആക്കാൻ കഴിയില്ല...' എന്നാണ് അഹമ്മദാബാദിൽ നടത്തിയ റാലിയിൽ മോദി പറഞ്ഞത്.

Update: 2020-06-17 05:49 GMT
യശ്വന്ത് സിന്‍ഹ
Advertising

കിഴക്കൻ ലഡാക്കിൽ 20 ജവാന്മാരെ കൊലപ്പെടുത്തിയ ചൈനീസ് അതിക്രമത്തിനെതിരെ പ്രതികാരം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാവുമോ എന്ന ചോദ്യവുമായി യശ്‌വന്ത് സിൻഹ. ബി.ജെപി മുൻ ദേശീയ വൈസ് പ്രസിഡണ്ടും, വാജ്‌പെയ് മന്ത്രിസഭയിൽ അംഗവുമായിരുന്ന സിൻഹ ട്വിറ്ററിലൂടെയാണ് കേന്ദ്രത്തെ വെല്ലുവിളിച്ചത്.

'ഒരു കമാൻഡിങ് ഓഫീസറടക്കമുള്ള നമ്മുടെ 20 ധീരജവാന്മാരുടെ മരണത്തിന്, ടിബറ്റിലെ ചൈനീസ് സൈനിക കേന്ദ്രങ്ങളിൽ സർജിക്കൽ എയർ സ്‌ട്രൈക്ക് നടത്തുന്നതിനെപ്പറ്റി എന്തു പറയുന്നു? നമ്മുടെ സിദ്ധാന്തം 'വീട്ടിൽ കടന്നുകയറി അടിക്കുക' എന്നതാണല്ലോ. അതോ, ഈ വീമ്പുപറച്ചിൽ പാകിസ്താനെതിരെ മാത്രമേയുള്ളോ?'
യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു

2019-ലെ പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്താനിലെ ബലാകോട്ടിൽ ഇന്ത്യൻ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമുള്ള സർജിക്കൽ സ്‌ട്രൈക്ക് ആയിരുന്നു ഇതെന്നായിരുന്നു വിശദീകരണം. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ തകർത്തുവെന്നും നിരവധി ഭീകരരെ വധിച്ചുവെന്നും ബി.ജെ.പി അവകാശപ്പെടുകയും ചെയ്തു.

ഈ വാദങ്ങളുടെ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 'വീട്ടിൽ കയറി അടിക്കുക' പരാമർശം നടത്തിയത്.

'വീട്ടിൽ കയറി അടിക്കും എന്നതാണ് നമ്മുടെ സിദ്ധാന്തം. ഒരു രാജ്യത്തിനും നമ്മളെ നിസ്സഹായാവസ്ഥയിൽ ആക്കാൻ കഴിയില്ല...' എന്നാണ് അഹമ്മദാബാദിൽ നടത്തിയ റാലിയിൽ മോദി പറഞ്ഞത്.

അടൽ ബിഹാരി വാജ്‌പേയ് സർക്കാറിൽ ധനകാര്യ, വിദേശകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിൻഹ, പാർട്ടിക്കുള്ളിൽ മോദിയെ ശക്തമായി വിമർശിച്ചിരുന്നയാളായിരുന്നു. പാർട്ടിയുടെ നിലവിലെ അവസ്ഥ ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്നാരോപിച്ച് 2018-ലാണ് അദ്ദേഹം ബി.ജെപിയിൽ നിന്ന് രാജിവെച്ചത്.

Tags:    

Similar News