തൂക്കിലേറ്റിയാൽ അനു​ഗ്രഹമായി കരുതും: ബാബരി കേസിൽ ഉമാഭാരതി

കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ബി.ജെ.പി നേതാക്കളിൽ ഒരാളാണ് ഉമാ ഭാരതി. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്കെതിരെയും സമാന കേസുണ്ട്.

Update: 2020-07-26 09:41 GMT
Advertising

1992ലെ ബാബരി മസ്ജിദ് പൊളിച്ച കേസിലെ വിധി എന്തായാലും പ്രശ്നമില്ലെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. തൂക്കിലേറ്റിയാൽ അനു​ഗ്രഹമായി കരുതും. കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ബി.ജെ.പി നേതാക്കളിൽ ഒരാളാണ് ഉമാ ഭാരതി. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്കെതിരെയും സമാന കേസുണ്ട്.

“എന്റെ ഭാ​ഗം കേൾക്കാൻ കോടതി വിളിപ്പിച്ചിരുന്നു. എന്താണ് സത്യമെന്ന് ഞാൻ കോടതിയെ അറിയിച്ചിട്ടുണ്ട്. വിധി എന്തായിരിക്കുമെന്നത് എനിക്ക് പ്രശ്നമല്ല. എന്നെ തൂക്കിലേറ്റിയാൽ അത് അനുഗ്രഹമായി കരുതും. ഞാൻ ജനിച്ച നാട് അതിൽ സന്തോഷിക്കും” - ഉമാ ഭാരതി എൻഡിടി‌വിയോട് പറഞ്ഞു.

കേസിൽ ജൂലൈ ആദ്യമാണ് ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ ഉമാ ഭാരതി ഹാജരായത്. എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരായത്.

സുപ്രീംകോടതിയുടെ നിർദേശപ്രകാരം ആഗസ്ത് 31നകം വിചാരണ പൂർത്തിയാക്കാനായി കോടതിയിൽ വാദം തുടരുകയാണ്. ഇരു വിഭാ​ഗവും അവകാശമുന്നയിച്ച അയോധ്യയിലെ 2.77 ഏക്കർ ഭൂമി ക്ഷേത്രം പണിയുന്നതിനായി സർക്കാർ നടത്തുന്ന ട്രസ്റ്റിന് കൈമാറുന്നതായി സുപ്രീംകോടതിയുടെ അഞ്ച് അം​ഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വർഷം വിധിച്ചിരുന്നു. അയോധ്യയിലെ മറ്റൊരു സ്ഥലത്ത് പള്ളിക്കായി അഞ്ച് ഏക്കർ സ്ഥലവും കോടതി ഉത്തരവിട്ടിരുന്നു. ആഗസ്ത് 5നാണ് ഭൂമിപൂജ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

രാമക്ഷേത്രം നിർമിച്ചാൽ കൊറോണ പോകുമെന്നാണ് ചിലരുടെ ധാരണയെന്ന് എൻസിപി നേതാവ് ശരദ് പവാർ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാൽ ഇത് രണ്ടും തമ്മിൽ ബന്ധപ്പെടുത്തേണ്ടെന്നാണ് ഉമാഭാരതി പറയുന്നത്. കോവിഡിനെതിരെ ആരോ​ഗ്യപ്രവർത്തകരടങ്ങുന്ന ഒരു സംവിധാനം മുഴുവൻ പോരാടുകയാണ്. അതും രാമ ക്ഷേത്ര നിർമാണവുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. ഭൂമി പൂജക്ക് താൻ ഉണ്ടാകുമോ ഇല്ലയോ എന്നതൊന്നും പ്രസക്തമല്ലെന്നും ആ​ഗസ്ത് 5ന് ശിലാസ്ഥാപനം നടക്കുമെന്നും ഉമാഭാരതി പറഞ്ഞു.

Tags:    

Similar News