'ജനറല്‍ ഡയര്‍ ആകാന്‍ ആരാണ് അധികാരം നല്‍കിയത്?' തേജസ്വി യാദവ്

മുംഗറിലെ പൊലീസ് അതിക്രമത്തെ 1919ല്‍ ജനറല്‍ ഡയറിന്‍റെ നേതൃത്വത്തില്‍ ജാലിയന്‍ വാലാബാഗിലുണ്ടായ കൂട്ടക്കൊലയോടാണ് തേജസ്വി യാദവ് താരതമ്യം ചെയ്തത്.

Update: 2020-10-28 06:53 GMT
Advertising

ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. മുംഗറില്‍ പൊലീസ് വെടിവെപ്പില്‍ 18 വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് തേജസ്വി യാദവിന്‍റെ പ്രതികരണം. മുംഗറിലെ പൊലീസ് അതിക്രമത്തെ 1919ല്‍ ജനറല്‍ ഡയറിന്‍റെ നേതൃത്വത്തില്‍ ജാലിയന്‍ വാലാബാഗിലുണ്ടായ കൂട്ടക്കൊലയോടാണ് തേജസ്വി യാദവ് താരതമ്യം ചെയ്തത്.

"ബിഹാര്‍ മുഖ്യമന്ത്രി എന്താണ് ചെയ്യുന്നത്? എന്താണ് ബിജെപി നേതാവ് കൂടിയായ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി ചെയ്യുന്നത്? ജനറല്‍ ഡയര്‍ ആവാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയത്? ട്വീറ്റ് ചെയ്യുക എന്നത് അല്ലാതെ സുശീല്‍ കുമാര്‍ മോദി എന്താണ് ചെയ്തത്? സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ നിന്നും സംഭവത്തില്‍ അവരുടെ പങ്ക് വ്യക്തമാകുന്നു. ക്രിമിനലുകള്‍ക്ക് മുന്‍പില്‍ സര്‍ക്കാര്‍ കീഴടങ്ങിയിരിക്കുകയാണ്"- തേജസ്വി യാദവ് പറഞ്ഞു.

മുംഗറിൽ ദുർഗാപൂജ ആഘോഷങ്ങൾക്കിടെയാണ് സംഘർഷമുണ്ടായത്. വിഗ്രഹ നിമജ്ജനത്തിനിടെ പൊലീസും നാട്ടുകാരും ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ചില സാമൂഹ്യവിരുദ്ധര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് പൊലീസ് വിശദീകരണം. ബിഹാറില്‍ ക്രമസമാധാനം തകര്‍ന്നെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. നിതീഷ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും പ്രതിപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

Tags:    

Similar News