പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടയ്ക്കുമെന്ന് യോഗി ആദിത്യനാഥ്

പ്രതികരണം ഗോവധ നിരോധന നിയമം യു.പിയില്‍ ദുരുപയോഗം ചെയ്യുന്നുവെന്ന കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ

Update: 2020-10-28 07:59 GMT
Advertising

പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടയ്ക്കുമെന്ന് ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍ പ്രദേശില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് യോഗിയുടെ പരാമര്‍ശം. നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള റാലിയില്‍ പങ്കെടുക്കുമ്പോഴാണ് യോഗിയുടെ പ്രതികരണം.

"പശുക്കളെ രക്ഷിക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധനാണ്. പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടയ്ക്കുക തന്നെ ചെയ്യും. പശുക്കള്‍ക്കായി എല്ലാ ജില്ലകളിലും ഗോശാലകള്‍ സ്ഥാപിക്കും. പശുക്കളെ സംരക്ഷിക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്"- യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഗോവധത്തിന്‍റെ പേരിൽ അറസ്റ്റിലായ റഹിമുദ്ദീന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി ഗോവധ നിരോധന നിയമം ദുരുപയോഗപ്പെടുത്തുന്നുവെന്ന് നിരീക്ഷിച്ചത്. എഫ്.ഐ.ആറിൽ പേരില്ലാതിരുന്നിട്ടും ഒരു മാസമായി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് റഹിമുദ്ദീന്‍ കോടതിയെ സമീപിച്ചത്.

എവിടെ നിന്ന് എന്ത് മാംസം പിടിച്ചാലും പരിശോധിക്കുക പോലും ചെയ്യാതെ പശുവിറച്ചിയാണെന്ന നിഗമനത്തില്‍ എത്തുന്ന പതിവ് യു.പിയിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മിക്ക കേസുകളിലും മാംസം വിദഗ്ധ പരിശോധനക്ക് അയക്കുന്നില്ല. ചെയ്യാത്ത കുറ്റത്തിന് നിരപരാധികള്‍ ജയിലില്‍ അടയ്ക്കപ്പെടുന്നുവെന്നും കോടതി പറഞ്ഞു.

പിടിച്ചെടുത്ത പശുക്കൾ തെരുവിൽ അലഞ്ഞുതിരിയുകയാണ്. വളർത്തുന്ന പശുക്കളെയും റോഡുവക്കിൽത്തന്നെ അലഞ്ഞുതിരിയാൻ വിടുന്നു. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു. വീണ്ടെടുക്കുന്ന പശുക്കള്‍ പിന്നീട് എങ്ങോട്ട് പോകുന്നു എന്നതിനെക്കുറിച്ചുള്ള കണക്കുമില്ലെന്നും കോടതി പറയുകയുണ്ടായി.

Tags:    

Similar News