നെഹ്‌റുവിന്റെ സ്ഥാനാർത്ഥി പോലും തോറ്റിട്ടുണ്ട്, ഹൈക്കമാൻഡിനും അടിയിടറാം - ചരിത്രം പറയുന്നത്

ചരിത്രത്തിലെ രണ്ടു സംഭവങ്ങൾ ശശി തരൂരിന് ഒപ്പമുണ്ട്

Update: 2022-10-04 07:48 GMT
Advertising

ന്യൂഡൽഹി: പതിറ്റാണ്ടുകളായി ചെറുചലനം പോലുമുണ്ടാക്കിയിട്ടില്ലാത്ത കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പാണ് ദേശീയ രാഷ്ട്രീയത്തിലെ ഹോട് ടോപിക്. ആഗോളതലത്തിൽ ആമുഖങ്ങൾ വേണ്ടാത്ത തിരുവനന്തപുരം എംപി ശശി തരൂരിന്റെ വരവാണ് പാർട്ടിക്കകത്തെ സംഘടനാ തെരഞ്ഞെടുപ്പിനെ ഇത്തരത്തിൽ ചടുലമാക്കിയത്. കാലങ്ങളായി സമവായത്തിന്റെ സാധ്യതകൾ മാത്രം പരീക്ഷിക്കപ്പെട്ടിരുന്ന പോരാട്ടത്തിൽ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന തരൂരിന്റെ നിലപാടാണ് വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

അറുപത്തിയാറുകാരനായ തരൂർ സംസ്ഥാനങ്ങളിൽനിന്ന് സംസ്ഥാനങ്ങളിലേക്കുള്ള യാത്രയിലാണെങ്കിൽ എതിരെ നിൽക്കുന്ന ഹൈക്കമാൻഡ് 'നോമിനി' ഖാർഗെ വ്യക്തിബന്ധങ്ങൾ വഴി വോട്ടുറപ്പിക്കാനുള്ള തിടുക്കത്തിലാണ്. 'അണ്ടർഡോഗ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന തരൂർ ഈ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നുണ്ടാകില്ല. എന്നാൽ പ്രവർത്തകരിൽനിന്ന്, പ്രത്യേകിച്ചും യുവാക്കളിൽ നിന്ന് അദ്ദേഹത്തിന് കിട്ടുന്ന സ്വീകാര്യത നേതൃത്വത്തെ ആകുലപ്പെടുത്തുന്നുണ്ട്. 

മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മധുസൂദനൻ മസ്ത്രിക്ക് മുമ്പാകെ പത്രിക സമർപ്പിക്കാൻ കൊട്ടുംകുരവയുമായി എത്തിയാണ് തരൂർ നേതൃത്വത്തെ ആദ്യം അമ്പരപ്പിച്ചത്. തൊട്ടുപിന്നാലെ എല്ലാ ദേശീയ-പ്രാദേശിക മാധ്യമങ്ങൾക്കും ഇന്റർവ്യൂ. ഇംഗ്ലീഷിലെ മാസ്റ്ററായ തരൂർ ഹിന്ദിയിലാണ് മിക്ക മാധ്യമങ്ങളോടും സംസാരിച്ചത് എന്നതും ശ്രദ്ധേയമായി. ഓരോ ഇന്റർവ്യൂവും തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവയ്ക്കാനും തരൂർ ശ്രദ്ധ കാണിച്ചു. 

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ 

 

'തിങ്ക് ടുമോറോ, തിങ്ക് തരൂർ' (നാളെയ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ) എന്ന ഹാഷ് ടാഗോടെ നവമാധ്യമങ്ങളുടെ എല്ലാ സാധ്യതയും ഉപയോഗിച്ചാണ് തരൂരിന്റെ പ്രചാരണം. നേതൃത്വത്തിനെതിരെ, പാർട്ടിയുടെ ചതുരക്കള്ളിക്ക് ഉള്ളിൽ നിന്നു കൊണ്ടു തന്നെ വിമർശനങ്ങൾ തൊടുക്കാനും അദ്ദേഹം ധൈര്യം കാണിച്ചു. ഹൈക്കമാൻഡ് സംസ്‌കാരത്തിൽ മാറ്റം വരണം എന്നതാണ് ഇതിൽ ശ്രദ്ധേയം. മറ്റൊരു അവസരത്തിലായിരുന്നു എങ്കിൽ ഒരുപക്ഷേ, വലിയ ഒച്ചപ്പാടുകൾക്ക് വഴിവച്ചേക്കാവുന്ന പരാമർശമാണ് ഇതെന്നതിൽ സംശയമില്ല.

പാർട്ടിയിലെ നിലവിലെ പോക്കിൽ സംതൃപ്തരാണ് എങ്കിൽ ഖാർഗെയ്ക്ക് വോട്ടു ചെയ്യൂ. മാറ്റത്തിനാണെങ്കിൽ തനിക്ക് വോട്ടു ചെയ്യൂ എന്നാണ് തരൂർ പറയുന്നത്. താൻ മാറ്റത്തിന്റെ പ്രതിനിധിയാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്നതിനൊപ്പം അതിനെ മാധ്യമങ്ങൾ വഴി അവതരിപ്പിക്കാനും തരൂർ ജാഗ്രത കാണിക്കുന്നു.

രാജ്യത്തെ മധ്യവർഗ-നഗരകേന്ദ്രീകൃത വോട്ടർമാരിൽ (ബിജെപിയുടെ പ്രധാന വോട്ടുബാങ്ക്) പഴയ യുഎൻ നേതാവിന് സ്വാധീനം ചെലുത്താൻ കഴിയുന്ന പോലെ, പാർട്ടിക്കുള്ളിൽ പിടുത്തമുണ്ടാക്കാൻ തരൂരിനാകുന്നില്ല എന്നത് യാഥാർത്ഥ്യമായി നിലനിൽക്കുന്നു. കേരളം അടക്കം രാജ്യത്തെ മിക്ക പിസിസികളും നിലവിൽ നെഹ്‌റു-ഗാന്ധി കുടുംബത്തിനോടൊപ്പമാണുള്ളത്. കെപിസിസി അടക്കമുള്ള നേതൃത്വങ്ങൾ അതു തുറന്നു പറഞ്ഞിട്ടുണ്ട്. ആ പിന്തുണ തരൂർ പ്രതീക്ഷിക്കുന്നുമുണ്ടാകില്ല. 

ചരിത്രവും ഒപ്പമുണ്ട്

യാഥാർത്ഥ്യങ്ങൾ ഒപ്പമില്ല എങ്കിലും ചരിത്രത്തിലെ രണ്ടു സംഭവങ്ങൾ തരൂരിന് ഒപ്പമുണ്ട് എന്നതാണ് കൗതുകകരം. ഒന്ന് 1939ൽ. അന്ന് സാക്ഷാൽ മഹാത്മാഗാന്ധിയുടെ പിന്തുണയോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച പട്ടാഭി സീതാരാമയ്യ, സുഭാഷ് ചന്ദ്രബോസിനോട് തോറ്റു.

രണ്ടാമത്തേത് സ്വാതന്ത്ര്യത്തിന് ശേഷമാണ്- 1950ൽ. കോൺഗ്രസിലെ മുടിചൂടാമന്നനായിരുന്ന ജവഹർലാൽ നെഹ്‌റുവിന്‍റെ പിന്തുണയുണ്ടായിരുന്ന ആചാര്യ കൃപലാനിയാണ് ആ തെരഞ്ഞെടുപ്പിൽ തോറ്റത്. കൃപലാനിയെ മലർത്തിയടിച്ചത് പുരുഷോത്തം ദാസ് ടാണ്ഠനും. അന്ന് സർദാർ പട്ടേൽ വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായിരുന്നു ടാണ്ഠൻ. കൃപലാനിക്ക് 1092 വോട്ടും ടാണ്ഠന് 1306 വോട്ടുമാണ് കിട്ടിയത്. തോൽവിയോടെ കോൺഗ്രസ് വിട്ട കൃപലാനി കിസാൻ മസ്ദൂർ പ്രജാപാർട്ടിക്ക് രൂപം നൽകി. 

ജവഹര്‍ ലാല്‍ നെഹ്റു

 

47 വർഷത്തിന് ശേഷമാണ് പ്രസിഡണ്ട് പദവിയിലേക്ക് അടുത്ത തെരഞ്ഞെടുപ്പ് നടന്നത്, 1997ൽ. സീതാറാം കേസരി, ശരദ് പവാർ, രാജേഷ് പൈലറ്റ് എന്നിവർ മത്സരിച്ച പോരാട്ടത്തിൽ ജയം കേസരിക്കൊപ്പമായിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ഒഴികെയുള്ള എല്ലാ പിസിസികളും കേസരിയെ പിന്തുണച്ചു. കിട്ടിയ വോട്ടുകൾ ഇങ്ങനെ; സീതാറാം കേസരി-6224, ശരദ് പവാർ 882, രാജേഷ് പൈലറ്റ് 354.

മൂന്നാമത്തെ തെരഞ്ഞെടുപ്പ് രണ്ടായിരത്തിലാണ്. സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്രപ്രസാദ് ദയനീയമായി തോറ്റു. സോണിയയ്ക്ക് 7400ലേറെ വോട്ടുകൾ കിട്ടിയപ്പോൾ 94 വോട്ടു മാത്രമേ ജിതേന്ദ്രയ്ക്ക് ലഭിച്ചുള്ളൂ. ഏതായാലും, ആരു ജയിച്ചാലും 24 വർഷത്തിന് ശേഷം കോൺഗ്രസിന് ഒരു നെഹ്‌റു-ഗാന്ധിയിതര പ്രസിഡണ്ടിനെ ലഭിക്കും എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ സവിശേഷത. 

Summary: With a contest for the Congress president's post certain, history beckons the party as it would be the fourth time since Independence that polling would decide who would lead the party.

Tags:    

Writer - abs

contributor

Editor - abs

contributor

By - അഭിമന്യു എം

contributor

Similar News