വിമര്‍ശകര്‍ക്ക് മുഖമടച്ച മറുപടി; വിജയ് ഹസാരെയില്‍ കൊടുങ്കാറ്റായി പൃഥ്വി ഷാ

മോശം ഫോമിനെത്തുടര്‍ന്ന് ഒരുപാട് പഴി കേള്‍ക്കേണ്ടിവന്ന താരമായിരുന്നു പൃഥ്വി ഷാ

Update: 2021-03-11 14:32 GMT
Advertising

വിജയ് ഹസാരെ ട്രോഫിയില്‍ നാലാം സെഞ്ച്വറി കുറിച്ച് മുംബൈ നായകന്‍ പൃഥ്വി ഷാ. കര്‍ണാടകക്കെതിരായ രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിലാണ് പൃഥ്വി നാലാം ശതകം കുറിച്ചത്. ഇതോടെ ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും പൃഥ്വിയുടെ പേരിലാണ്. നായകന്‍റെ മികച്ച ഇന്നിങ്സിന്‍റെ പിന്‍ബലത്തില്‍ മുംബൈ കര്‍ണാടകയെ പരാജയപ്പെടുത്തി ഉത്തര്‍പ്രദേശിനെതിരായ ഫൈനല്‍ പോരാട്ടത്തിലേക്ക് യോഗ്യത നേടി.

122 പന്തുകളില്‍ നിന്ന് 17 ഫോറും ഏഴ് സിക്‌സും പറത്തി പൃഥ്വി 165 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റില്‍ ആകെ 754 റണ്‍സെടുത്ത് ടോപ് സ്‌കോററായി നില്‍ക്കുകയാണ് പൃഥ്വി. സെമി ഫൈനലടക്കം മൂന്ന് മത്സരങ്ങളിലാണ് പൃഥ്വി മുംബൈ ടീമിനെ നയിച്ചത്. ഈ മൂന്ന് മത്സരങ്ങളിലും താരം സെഞ്ച്വറി കുറിക്കുകയും ചെയ്തു.

സൗരാഷ്ട്രക്കെതിരായ പോരാട്ടത്തില്‍ 123 പന്തുകള്‍ നേരിട്ട് 185 റണ്‍സും പൃഥ്വി കണ്ടെത്തിയിരുന്നു. ലിസ്റ്റ് എ പോരാട്ടത്തില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡും പൃഥ്വി നേടിയിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവരെയാണ് താരം പിന്തള്ളിയത്.

മോശം ഫോമിനെത്തുടര്‍ന്ന് ഒരുപാട് പഴി കേള്‍ക്കേണ്ടിവന്ന താരമായിരുന്നു പൃഥ്വി ഷാ. വിജയ് ഹസാരെ ട്രോഫിയില്‍ പുറത്തെടുത്ത മിന്നുന്ന ഫോം വീണ്ടും ഷായ്ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലുകള്‍ തുറന്നുകൊടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം സെമി ഫൈനലില്‍ മുംബൈ ഉയര്‍ത്തിയ 323 വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടക 250 റണ്‍സിന് പുറത്താവുകയായിരുന്നു.

Tags:    

Similar News