ഖത്തര്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടുന്നതിനെതിരെ സ്പാനിഷ് ഇതിഹാസ താരം സാവി; നീക്കം ലോകകപ്പിന്‍റെ നിറം കെടുത്തും

Update: 2019-03-19 20:25 GMT
Advertising

2022 ഖത്തര്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടുന്നതിനെതിരെ സ്പാനിഷ് ഇതിഹാസ താരം സാവി. ഫിഫയുടെ നീക്കം ലോകകപ്പിന്‍റെ നിറം കെടുത്തുമെന്ന് സാവി മുംബൈയില്‍ പറഞ്ഞു. ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32 ല്‍ നിന്നും 48 ആക്കി മാറ്റുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്പാനിഷ് ബാഴ്സലോണ ഇതിഹാസ താരം സാവി എതിര്‍പ്പുമായി രംഗത്ത് വന്നത്.

ടീമുകളുടെ എണ്ണം കൂട്ടുന്നത് ലോകകപ്പിന്‍റെ മനോഹാരിതയെ ബാധിക്കുമെന്ന് സാവി പറഞ്ഞു. മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെയാണ് സാവി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 32 ടീമുകളെ പങ്കെടുപ്പിച്ചുള്ള ടൂര്‍ണമെന്‍റിനുള്ള നടത്തിപ്പവകാശമാണ് ഖത്തര്‍ 2010 ല്‍ നേടിയത്. അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകളാണ് ഖത്തര്‍ നടത്തി വരുന്നത്. ഈ അവസാനഘട്ടത്തില്‍ ടീമുകളുടെ എണ്ണം കൂട്ടണമെന്ന് പറയുന്നത് ശരിയല്ല. മാത്രവുമല്ല ലോകകപ്പിന്‍റെ ശരിയായ നടത്തിപ്പിനെയും അതിന്‍റെ ഭംഗിയെയും അത് ബാധിക്കും. നാല്‍പ്പത്തിയെട്ട് ടീമുകള്‍ മത്സരിക്കുകയെന്നത് ചിന്തിക്കാവുന്നതിനുമപ്പുറമാണെന്നും സാവി പറഞ്ഞു. ബാഴ്സലോണയില്‍ നിന്നും വിരമിച്ചതിന് ശേഷം ഖത്തറിലെ അല്‍സദ്ദില്‍ കളിക്കുകയാണ് സാവി.

ഖത്തര്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത ജൂണിലുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഫിഫ അധ്യക്ഷന്‍ പറ‍ഞ്ഞിരുന്നു. എന്നാല്‍ ഇത് ഖത്തറിന്‍റെ താല്‍പ്പര്യം കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കും.

Tags:    

Similar News