അധികാര പങ്കാളിത്തം ചോദിച്ച് എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്ര; രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു

മുസ്‍ലിംകള്‍ അനർഹമായി ആനൂകൂല്യങ്ങള്‍ കൈയ്യടക്കിയെന്ന സംഘപരിവാര്‍- തീവ്ര ക്രൈസ്തവ ഗ്രൂപ്പുകളുടെ പ്രചാരണം തുറന്നു കാട്ടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന നിലപാട് സംഘടന വ്യക്തമാക്കി.

Update: 2021-01-14 14:20 GMT
Advertising

മുസ്‍ലിംകളുടെ പാര്‍ലമെന്‍ററി-ഉദ്യോഗസ്ഥ പങ്കാളിത്തം ഉന്നയിച്ച് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച 12 ദിനം നീണ്ട മുന്നേറ്റ യാത്ര സമാപിച്ചു. 'അസ്തിത്വം അവകാശം, യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തില്‍ നടന്ന യാത്ര രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പിന്നാക്ക സംവരണം അട്ടിമറിച്ച് മുന്നാക്ക സംവരണം നടപ്പാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് സമസ്തയുടെ യുവജന-വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്ര സംഘടിപ്പിച്ചത്.

ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ മുസ്‍ലിംകള്‍ ഏകപക്ഷീയമായി കൈയ്യടക്കുന്നുവെന്ന പ്രചാരണം, ഇസ്‍ലാമോഫോബിയ രാഷ്ട്രീയ നേട്ടത്തിന് അവസരമാക്കുന്ന സംസ്ഥാനത്തെ പ്രത്യേക സാഹചര്യം, ഹിന്ദുത്വ ഫാഷിസം, ഭരണഘടനാ സംരക്ഷണം തുടങ്ങിയ വിഷയങ്ങളെല്ലാം ജാഥയില്‍ ചര്‍ച്ചയായി. സര്‍വകലാശാലകളിലെ 600ഓളം സ്റ്റാറ്റ്യൂട്ടറി പദവികളില്‍ മുസ്‍ലിംകള്‍ തഴയപ്പെട്ടതും വി.സി പദവികളില്‍ ഒട്ടും പരിഗണിക്കപ്പെടാതിരിക്കുകയും ചെയ്ത സ്ഥിതി വിശേഷവും ചർച്ച ചെയ്യപ്പെട്ടു. മുസ്‍ലിംകള്‍ അനർഹമായി ആനൂകൂല്യങ്ങള്‍ കൈയ്യടക്കിയെന്ന സംഘപരിവാര്‍- തീവ്ര ക്രൈസ്തവ ഗ്രൂപ്പുകളുടെ പ്രചാരണം തുറന്നു കാട്ടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന നിലപാട് സംഘടന വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന ആവശ്യവും സംഘടന ഉന്നയിച്ചു.

സാമ്പത്തിക സംവരണ വിഷയത്തില്‍ യൂത്ത് ലീഗ് മൗനം പാലിക്കുകയും മുസ്‍ലിം ലീഗ് കോണ്‍ഗ്രസിന് വഴങ്ങി പിന്‍വാങ്ങുകയും ചെയ്തതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വിഷയം ഉന്നയിച്ചേ മതിയാകൂവെന്ന നിലപാട് സംഘടന സ്വീകരിക്കുകയായിരുന്നു.

വികസന ആവശ്യങ്ങളുമായി ബന്ധപ്പെട്ട നിവേദനങ്ങള്‍ ജില്ലകളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ സ്വീകരിച്ചു. ഈ നിവേദനങ്ങള്‍ ക്രോഡീകരിച്ച് യുഡിഎഫിനും എല്‍ഡിഎഫിനും സംഘടന കൈമാറും. ആവശ്യങ്ങള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്നണി നേതൃത്വത്തോട് ആവശ്യപ്പെടാനും എസ്.കെ.എസ്.എസ്.എഫ് തീരുമാനിച്ചു.

സത്താര്‍ പന്തല്ലൂര്‍

എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരുമാണ് ജാഥ നയിച്ചത്. സംവരണ വിഷയത്തില്‍ മറുപടി പറയാതെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മുന്നോട്ടു പോകാനാകില്ലെന്ന മുന്നറിയിപ്പ് കൂടി ജാഥ നല്‍കി. ഒരേ സമയം മുസ്‍ലിം ലീഗിനും കോണ്‍ഗ്രസിനും സിപിഎമ്മിനും മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു ഇത്.

ഡിസംബര്‍ 30 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച മുന്നേറ്റ യാത്ര ജനുവരി 11 ന് മംഗലാപുരത്താണ് സമാപിച്ചത്. 63 കേന്ദ്രങ്ങളില്‍ മുന്നേറ്റ യാത്രക്ക് സ്വീകരണം നല്‍കപ്പെട്ടു. തമിഴ്നാട്ടിലെ നീലഗിരിയിലും കര്‍ണാടകയിലെ കുടകിലും പര്യടനം നടത്തിയ ശേഷമാണ് മംഗളൂരുവില്‍ ജാഥ സമാപിച്ചത്. കൊല്ലം ഒഴിച്ചുള്ള തെക്കന്‍ ജില്ലകളില്‍ മികച്ച പ്രതികരണം ലഭിച്ചെന്ന് എസ്.കെ.എസ്.എസ്.എഫ് വിലയിരുത്തി.

മുന്നേറ്റ യാത്രയില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്കൊപ്പം പികെ ഫിറോസ്‌

സിപിഎം, കോണ്‍ഗ്രസ്, ലീഗ് നേതാക്കളും പൊതുയോഗ വേദികളിലെത്തി. ജാഥയെ ആദ്യം ഗൗനിക്കാതിരുന്ന ലീഗ് നേതൃത്വം പിന്നീട് പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടത്തി. ക്ഷണം ലഭിക്കാതിരുന്ന യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന് പലവട്ടം എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തോട് അഭ്യര്‍ഥിച്ച ശേഷമാണ് തളിപ്പറമ്പിലെ പൊതുയോഗ വേദിയില്‍ അവസരം നല്‍കിയത്. ശരീഅത്ത് വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് പറഞ്ഞാണ് ഫിറോസിനെ സമസ്തയുടെ വേദികളില്‍ നിന്ന് സാധാരണ മാറ്റി നിര്‍ത്താറുള്ളത്.

കോഴിക്കോട് സൗത്തിലോ താനൂരിലോ മത്സരിക്കാന്‍ സാധ്യതയുള്ള പി.കെ ഫിറോസ്, സമസ്തയുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സമ്മര്‍ദ്ധം ചെലുത്തിയെങ്കിലും ജാഥയില്‍ അവസരം വാങ്ങിയത്. മത വിരുദ്ധരായ ഹമീദ് ചേന്ദമംഗല്ലൂരിന്‍റെയും എം.എൻ കാരശ്ശേരിയുടെയും ലൈനാണ് ഫിറോസിന്‍റേത് എന്ന വിമർശനമാണ് സമസ്തയിലെ പ്രബല വിഭാഗത്തിനുള്ളത്.

അധികാര പങ്കാളിത്തം, സാമൂഹിക നീതി തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ച് ഒരു സുന്നി സംഘടന ഇതാദ്യമായാണ് സംസ്ഥാനത്ത് ജാഥ നടത്തുന്നത്. അതുകൊണ്ട് തന്നെ ജാഥയുടെ രാഷ്ട്രീയ ഉള്ളടക്കം ലീഗും കോണ്‍ഗ്രസും സിപിഎമ്മും സവിശേഷമായി ശ്രദ്ധിച്ചിട്ടുണ്ട്.

Tags:    

Similar News