ദേശീയ കായിക പുരസ്കാര പട്ടികയില്‍ മലയാളി തിളക്കം

നിരവധി തവണ പുരസ്കാരങ്ങള്‍ വഴുതിമാറിയ മാനുവല്‍ ഫ്രെഡറിക്കിന് ഇത്തവണ അര്‍ഹിക്കുന്ന ആദരമാണ് രാജ്യം നല്‍കുന്നത്

Update: 2019-08-17 13:56 GMT
Advertising

മൂന്ന് മലയാളികള്‍ ദേശീയ കായിക പുരസ്കാര പട്ടികയില്‍. ഹോക്കി താരം മാനുവല്‍ ഫ്രെഡ‍റിക് ധ്യാന്‍ചന്ദ് പുരസ്കാരത്തിനും അത്‍ലറ്റ് മുഹമ്മദ് അനസ് അര്‍ജുന അവര്‍ഡ‍് പുരസ്കാര പട്ടികയിലും ഇടംപിടിച്ചു. മലയാളിയായ ബാഡ്മിന്‍റണ്‍ പരിശീലകന്‍ യു. വിമല്‍കുമാറിനെ ദ്രോണാചാര്യ പുരസ്കാരത്തിനായും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ശുപാര്‍ശകള്‍ കായികമന്ത്രാലയത്തിന് കൈമാറി.

നിരവധി തവണ പുരസ്കാരങ്ങള്‍ വഴുതിമാറിയ മാനുവല്‍ ഫ്രെഡറിക്കിന് ഇത്തവണ അര്‍ഹിക്കുന്ന ആദരമാണ് രാജ്യം നല്‍കുന്നത്. 1972ലെ ഒളിമ്പിക്സില്‍ വെങ്കലം നേടിയ മാനുവില്‍ ഫ്രഡറിക്കിനെ കായിക രംഗത്തെ ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. അത്ലറ്റായ മുഹമ്മദ് അനസിനെ അര്‍ജുന അവാര്‍ഡിനായും പുരസ്കാര സമിതി തെരഞ്ഞെടുത്തിട്ടുണ്ട്. അനസക്കം 19 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡിനായുള്ള ശുപാര്‍ശ ലഭിച്ചത്. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ അനസിപ്പോള്‍ ടോക്കിയോ ഒളിമ്പിക്സ് ലക്ഷ്യമിട്ട് പോളണ്ടില്‍ പരിശീലനത്തിനാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയടക്കം മൂന്ന് മെഡലുകള്‍ അനസ് നേടിയിരുന്നു. അര്‍ജുന പട്ടികയില്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ഷൂട്ടിങ് താരം അഞ്ജും മൌദ്ഗില്‍ എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. പരിശീലകര്‍ക്കുള്ള ദ്രോണചാര്യ പുരസ്കാരത്തിന് മലയാളിയായ ബാഡ്മിന്‍റണ്‍ പരിശീലകന്‍ യു. വിമല്‍കുമാറും തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉണ്ട്. 1983/84 വര്‍ഷങ്ങളിലെ ബാഡ്മിന്‍റണ്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയ വിമല്‍കുമാര്‍ 1992ലെ ബാഴ്സലോന ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. നിലവില്‍ സൈന, കശ്യപ് എന്നിവരുടെ പരിശീലകനാണ് വിമല്‍കുമാര്‍.

Tags:    

Similar News