ലോകകപ്പില്‍ ഹര്‍ദിക് എന്തിന്?; രൂക്ഷ വിമര്‍ശനം

ജസ്പ്രീത് ബുംറയെ ലോകകപ്പ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കണമായിരുന്നു എന്ന് പത്താന്‍

Update: 2024-05-02 12:10 GMT
Advertising

'അയാൾക്ക് മാത്രം എന്തിനാണ് ബി.സി.സി.ഐ ഇങ്ങനെ സൂപ്പർ സ്റ്റാർ പദവി നൽകുന്നത്' മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന്റെ ചോദ്യം ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹർദിക് പാണ്ഡ്യയെ കുറിച്ചാണ്. കഴിഞ്ഞ ദിവസമാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. പല താരങ്ങളുടെയും അഭാവം ചർച്ചയായ പ്രഖ്യാപനത്തിൽ ഹർദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തിയത് എന്തിനാണ് എന്ന ചോദ്യം ഉയർത്തി തുടങ്ങിയിട്ടുണ്ട് ഇപ്പോൾ ആരാധകരും ക്രിക്കറ്റ് വിശാരധരും. ടീമിൽ ഉണ്ടാവുമെന്ന് ആരാധകർ ഉറച്ച് വിശ്വസിച്ചിരുന്ന റിങ്കു സിങ്ങടക്കമുള്ളവർ പുറത്തിരിക്കുമ്പോൾ മോശം ഫോമിൽ കളിക്കുന്ന ഹർദിക് വൈസ് ക്യാപ്റ്റൻ പദവിയിൽ തന്നെ ടീമിൽ കയറിപ്പറ്റുന്നത് എങ്ങനെയാണ് എന്നാണ് പലരുടേയും ചോദ്യം.

ഇന്ത്യൻ ടീം സെലക്ഷന് പിന്നിൽ നടക്കുന്ന ആസൂത്രണങ്ങളെ കുറിച്ച് തനിക്ക് സംശയമുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഇർഫാൻ പത്താൻ പ്രതികരിച്ചത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് പത്താന്റെ പ്രതികരണം.

 ''കളിക്കാര്‍ക്ക് പരിക്ക് പറ്റുന്നത് സ്വാഭാവികമാണ്. എന്നാൽ പരിക്ക് മാറി താരങ്ങള്‍ ഇന്ത്യൻ ടീമിലേക്ക് സാധാരണയായി തിരിച്ചെത്താറുള്ളത് എങ്ങനെയാണ്? അവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നു. മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നു. തങ്ങൾ ദേശീയ ടീമിൽ കളിക്കാൻ ഫിറ്റാണെന്ന് സെലക്ടർമാരെ ബോധ്യപ്പെടുത്തുന്നു. എന്നാൽ പാണ്ഡ്യക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. പരിക്ക് മാറി അയാൾ തിരികെയെത്തുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഒരു മത്സരം പോലും കളിക്കാതെ  ദേശീയ ടീമിൽ കയറിപ്പറ്റുന്നു.

ഇത് ടീമിലെ മറ്റുള്ളവർക്ക് നൽകുന്ന സന്ദശമെന്താണ്? ഒരാൾക്ക് മാത്രം എപ്പോഴും പ്രത്യേക പരിഗണന ലഭിക്കുന്നത് ടീമിന്റെ അന്തരീക്ഷത്തെ തന്നെ ബാധിക്കും. ക്രിക്കറ്റ് ടെന്നീസ് പോലെയല്ല എന്നോർത്താൽ നല്ലത്. ഇതൊരു ടീം ഗെയിമാണ്. എല്ലാ കളിക്കാർക്കും തുല്യ പരിഗണനയാണ് ലഭിക്കേണ്ടത്. ഇതുവരെ ദേശീയ ടീമിന്റെ വിജയങ്ങളിൽ വലിയ സംഭാവനകളൊന്നും നല്‍കാതിരുന്നിട്ടും ബി.സി.സി.ഐ പാണ്ഡ്യക്ക് ഇത്രയധികം മുൻഗണന നൽകുന്നതെന്തിനാണ് എന്ന് മനസ്സിലാവുന്നില്ല. പലരുടേയും കൺസിസ്റ്റൻസിയെ കുറിച്ച് ചോദ്യമുന്നയിക്കുന്ന ബി.സി.സി.ഐക്ക് പാണ്ഡ്യയുടെ കൺസിസ്റ്റൻസിയെ കുറിച്ച് എന്താണ് പറയാനുള്ളത്''- പത്താൻ ചോദിച്ചു. ഹര്‍ദികിന് പകരം ബുംറയെ വൈസ് ക്യാപ്റ്റനാക്കാമായിരുന്നു എന്നും പത്താന്‍ അഭിപ്രായപ്പെട്ടു. 

നേരത്തേയും ഹര്‍ദികിന് ബി.സി.സി.ഐ നല്‍കുന്ന പ്രിവിലേജുകളെ കുറിച്ച് പത്താന്‍ ചോദ്യമുന്നയിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെ തുടര്‍ന്ന് ഇഷാന്‍ കിഷനേയും ശ്രേയസ് അയ്യരേയും ബി.സി.സി.ഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പാണ്ഡ്യയെ ഒഴിവാക്കിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെയും പാണ്ഡ്യ കരാറില്‍ തുടരുന്നതെങ്ങനെയാണ് എന്നും ഇന്ത്യന്‍ ടീമില്‍ പലര്‍ക്കും പല പരിഗണനകളാണ് എന്നുമായിരുന്നു പത്താന്‍റെ വിമര്‍ശനം. പാണ്ഡ്യ ചന്ദ്രനില്‍ നിന്ന് പൊട്ടി വീണതാണോ എന്നായിരുന്നു ഈ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ കുമാറിന്‍റെ പ്രതികരണം.

''ഹർദിക് പാണ്ഡ്യ ചന്ദ്രനിൽ നിന്ന് പൊട്ടിവീണതാണോ..ഇന്ത്യൻ ടീമിൽ അവന് മാത്രം പ്രത്യേകം നിയമം വല്ലതുമുണ്ടോ. ചെവിക്ക് പിടിച്ച് ആഭ്യന്തര ലീഗിൽ കളിക്കാൻ ബി.സി.സി.ഐ അവനോട് പറയണം''- പ്രവീൺ കുമാർ പറഞ്ഞു.

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് നായക പദവിയിൽ ദുരന്തകാലമാണ് ഹർദികിന്. ഹർദികിന്റെ ക്യാപ്റ്റൻസിയിൽ പത്ത് മത്സരങ്ങൾ കളിച്ച മുംബൈ ഏഴിലും തോറ്റു. ജയിച്ചത് ആകെ മൂന്ന് മത്സരങ്ങളിൽ. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരയ ആർ.സി.ബിക്കും മുംബൈക്കും ഒരേ പോയിന്റാണ്. ടീമിനായി ഹർദികിന്റെ സംഭാവനകളും ദയനീയം. പത്ത് മത്സരങ്ങളിൽ നിന്ന് താരം ആകെ അടിച്ചെടുത്തത് 197 റൺസ്. 21.89 ആണ് ബാറ്റിങ് ആവറേജ്.

ഓൾ റൗണ്ടർ പദവിയിൽ ലോകകപ്പ് ടീമിലെത്തിയ ഹർദികിന്റെ ഐ.പി.എൽ ബോളിങ് പ്രകടനങ്ങൾ നോക്കൂ. 10 മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റാണ് താരത്തിന്റെ ആകെ സമ്പാദ്യം. പല മത്സരങ്ങളിലും കണക്കിന് തല്ലു വാങ്ങിക്കൂട്ടിയ താരത്തിന്റെ എക്കോണമി 11 ഉം ബോളിങ് ആവറേജ് 42.16 ഉമാണ്. രോഹിതിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റി ഹർദികിനെ പ്രതിഷ്ഠിച്ച അന്ന് മുതൽ ടീം മാനേജ്‌മെന്റിനെതിരെ തിരിഞ്ഞ ആരാധകരുടെ രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ടീമിന്റെ തുടർ തോൽവികളുടെ സമ്പൂർണ ഉത്തരവാദിത്ത്വം ഹര്‍ദികിനാണെന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്. ഹര്‍ദികിന്‍റെ ക്യാപ്റ്റൻസിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് ക്രിക്കറ്റ് പണ്ഡിറ്റുകളും മുൻ താരങ്ങളുമടക്കമുള്ളവർ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. ഈ സീസണില്‍ മുംബൈയുടെ ആദ്യ മത്സരം മുതല്‍  മൈതാനങ്ങളില്‍ സ്വന്തം ആരാധകര്‍ തന്നെ ഹര്‍ദികിനെ പലതവണ കൂവിയാര്‍ക്കുന്ന കാഴ്ചകള്‍ ക്രിക്കറ്റ് ലോകം കണ്ടു. തുടര്‍ വിജയങ്ങള്‍ കൊണ്ട് വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഹര്‍ദികിന് ഇതുവരെ ആയുമില്ല. 

ലോകകപ്പ് ടീമിൽ ഹർദിക് ഉൾപ്പെട്ടതിനെ കുറിച്ച് ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡനും ആശങ്ക പ്രകടിപ്പിച്ചു. 'ടീമിലെ വലിയൊരു ചോദ്യ ചിഹ്നമാണ് ഹര്‍ദിക്. ഒരു ഓൾറൗണ്ടർ എന്ന നിലയിൽ ലോകകപ്പിൽ ഇന്ത്യക്കായി അയാൾ എന്ത് ചെയ്യും. മുംബൈ ഇന്ത്യൻസിൽ അയാളുടെ പ്രകടനങ്ങൾ നോക്കൂ. അയാൾ അധികം പന്തെറിയാറില്ല. ബാറ്റിങ്ങിൽ ഫോമിലെത്തിയിട്ടുമില്ല. ലോകകപ്പിൽ നാലോവറെങ്കിലും എറിയാൻ കഴിയാത്തൊരു ഓള്‍ റൗണ്ടറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ട് എന്താണ് കാര്യം'- ഹെയ്ഡന്‍ ചോദിച്ചു. 

സെലക്ഷൻ കമ്മറ്റി യോഗത്തിനിടെ ഹർദികിനെ ടീമിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വലിയ ചർച്ചയാണ് നടന്നതെന്നും സഞ്ജുവിന് വേണ്ടി പോലും ഇത്രയും വാഗ്വാദങ്ങൾ നടന്നില്ലെന്നുമാണ് ബി.സി.സി.ഐ വൃത്തങ്ങൾ വാർത്താ ഏജൻസിയായ പി.ടി.ഐ യോട് കഴിഞ്ഞ ദിവസം പറഞ്ഞത്. ഐ.പി.എല്ലില്‍ ഹര്‍ദികിന്‍റെ മോശം ഫോമാണിതിന് കാരണം. 

എന്നാല്‍ പാണ്ഡ്യക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. 'രാജ്യത്തിനായും ഐ.പി.എല്ലിലും കളിക്കുന്നതും രണ്ടും രണ്ടാണ്. രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഒരു കളിക്കാരൻ ശ്രമിച്ച് കൊണ്ടിരിക്കും. ലോകകപ്പിൽ ഹർദിക് തിരിച്ചെത്തും. വിദേശ പിച്ചുകളിൽ കളിക്കാനിറങ്ങുമ്പോൾ ഹർദിക് മികവിലേക്കുയരും എന്നാണ് എന്‍റെ പ്രതീക്ഷ. ടി20 ലോകകപ്പിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും അയാൾ അത്ഭുതങ്ങള്‍ കാണിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്.''- ഗവാസ്കര്‍ പറഞ്ഞു.  ഏതായാലും പാണ്ഡ്യ ലോകകപ്പ് വേദിയില്‍ കാണിക്കാനിരിക്കുന്ന അത്ഭുവും കാത്തിരിക്കുകയാണ് ആരാധകര്‍. ഐ.പി.എല്ലില്‍ പുറത്തെടുക്കുന്ന ഈ ഫോം തുടരാനാണ് തീരുമാനമെങ്കില്‍ ലോകകപ്പ് വേദിയില്‍ താരത്തിനെതിരെ ആരാധകര്‍ കൂവിയാര്‍ത്താലും അതില്‍ അത്ഭുതപ്പെടാനില്ല. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News