'ഏഴ്' റൺസോടെ സിംബാബ്‌വെയുടെ ബ്രെൻഡൻ ടെയ്‌ലർ കളി മതിയാക്കി

സിംബാബ്‌വെയുടെ മികച്ച ക്രിക്കറ്ററായി വിലയിരുത്തപ്പെടുന്ന ബ്രെൻഡൻ ടെയ്‌ലർ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. അയർലാൻഡിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ഏകദിനത്തോടെ ടെയ്‌ലർ പാഡ് അഴിക്കും.

Update: 2021-09-13 16:10 GMT
Editor : rishad | By : Web Desk
Advertising

സിംബാബ്‌വെയുടെ മികച്ച ക്രിക്കറ്ററായി വിലയിരുത്തപ്പെടുന്ന ബ്രെൻഡൻ ടെയ്‌ലർ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. അയർലാൻഡിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ഏകദിനത്തോടെ ടെയ്‌ലർ പാഡ് അഴിക്കും. ഈ മത്സരത്തിൽ നേടിയ ഏഴ് റൺസോടെ ടെയ്‌ലറുടെ അന്താരാഷ്ട്ര ബാറ്റിങ് കരിയർ അവസാനിച്ചു. 2004ൽ ശ്രീലങ്കയ്‌ക്കെതിരായ എകദിനത്തിലാണ് ടെയ്‌ലർ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

34 കാരനായ ടെയ്‌ലര്‍ 204 ഏകദിന മത്സരങ്ങളില്‍ നിന്നായി 6677 റണ്‍സ് എടുത്തിട്ടുണ്ട്. 11 തവണ സെഞ്ചുറി നേടി. 145 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ന് നടന്ന മത്സരത്തില്‍ 112 റണ്‍സ് നേടാനായാല്‍ സിംബാബ്‌വെയ്ക്ക് വേണ്ടി ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡ് ടെയ്‌ലര്‍ക്ക് സ്വന്തമാക്കാനാകുമായിരുന്നു. നിലവില്‍ ആന്‍ഡി ഫ്‌ളവറിന്റെ പേരിലാണ് ഈ റെക്കോഡ്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ടെയ്‌ലര്‍ 34 ടെസ്റ്റ് മത്സരങ്ങളും 44 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 2320 റണ്‍സും ട്വന്റി 20 യില്‍ 859 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. സിംബാബ്‌വെ ടീമിനൊപ്പമുള്ള 17 വര്‍ഷങ്ങള്‍ എല്ലാകാലത്തും ഓര്‍ക്കുമെന്ന് ടെയ്‌ലര്‍ ട്വിറ്ററിലെ വിരമിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കി. ഇത്രയും കാലും ടീമിന് വേണ്ടി സേവനം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ടെയ്‌ലര്‍ കുറിപ്പില്‍ പറഞ്ഞു.

അതേസമയം മഴമൂലം 34 ഓവറാക്കി ചുരുക്കിയ മൂന്നാം ഏകദിനത്തില്‍ സിംബാബ്‌വെ 131ന് എല്ലാവരും പുറത്തായി. മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയിൽ സിംബാബ് വെ 1-0ത്തിന് മുന്നിലാണ്. ആദ്യ ഏകദിനത്തിലായിരുന്നു സിംബാബ്‌വെയുടെ വിജയം. രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. അവസാന ഏകദിനം ജയിച്ച് ടെയ്‌ലർക്ക് ജയത്തോടെ യാത്രയപ്പ് നൽകാനുള്ള ശ്രമത്തിലാണ് സിംബാബ്‌വെ.

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News