ലൈംഗികാതിക്രമ കേസില്‍ ജാമ്യം ലഭിക്കാന്‍ രാഖി; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

മധ്യപ്രദേശിലെ ഉജ്ജയിനിലായിരുന്നു ഹൈക്കോടതിയുടെ വിവാദ വിധിയുണ്ടായത്

Update: 2021-03-18 11:22 GMT
Advertising

ലൈം​ഗികാതിക്രമ കേസിൽ ജാമ്യം ലഭിക്കാൻ ഇരയുടെ കയ്യിൽ രാഖി കെട്ടാൻ ആവശ്യപ്പെട്ട മധ്യപ്രദേശ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരായ ഒൻപത് സ്ത്രീ അഭിഭാഷകരുടെ ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഇത്തരം കേസുകളിൽ മുൻവിധികൾ ഉപേക്ഷിക്കണമെന്ന് പറഞ്ഞ സുപ്രീം കോടതി പ്രതിയുടെ ജാമ്യവും റദ്ദാക്കി.

മധ്യപ്രദേശിലെ ഉജ്ജയിനിലായിരുന്നു ഹൈക്കോടതിയുടെ വിവാദ വിധിയുണ്ടായത്. അയൽവാസിയായ യുവതിയെ ലൈം​ഗികമായി അക്രമിച്ച വിക്രം ബജ്‍രി എന്നയാൾക്ക് കോടതി ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു. രക്ഷാ ബന്ധൻ ദിവസം സ്ത്രീയുടെ കയ്യിൽ രാഖി കെട്ടികൊടുക്കാനും, സഹോദരനെ പോലെ സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായി 11,000 രൂപ നൽകാനും കോടതി ഉത്തരവിട്ടു. യുവതിയുടെ മകന് വസ്ത്രങ്ങളും മിഠായികളും വാങ്ങി നൽകാനും പണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. തെളിവായി എല്ലാത്തിന്റെയും ഫോട്ടോ​ഗ്രാഫുകൾ സമർപ്പിക്കാനും കോടതി ആവശ്യപ്പെടുകയുണ്ടായി.

എന്നാൽ ഒക്ടോബർ പതിനാറിന് ഹൈക്കോടതി വിധി മരവിപ്പിച്ച സുപ്രീംകോടതി, പ്രതിയെ വെറുതെ വിട്ട ഉത്തരവും പിൻവലിച്ചു. ഇത്തരം വിധികൾ ലൈം​ഗികാതിക്രമ കേസുകളുമായി വരുന്ന പരാതിക്കരുടെ മാനസിക മുറിവുകളെയും അവർക്കുണ്ടായ അപകടത്തേയും വില കുറച്ച് കാണുന്നതാണെന്ന ഹരജിക്കാരുടെ വാദം കോടതി അം​ഗീകരിച്ചു.

Tags:    

Similar News