തൃശൂരിങ്ങെടുക്കാൻ സുരേഷ് ഗോപിക്കാകുമോ? മണ്ഡലത്തിലെ കണക്കുകൾ, സമവാക്യങ്ങൾ

തൃശൂരിൽ സൂപ്പർ താര പരിവേഷവുമായി സുരേഷ് ഗോപിയിറങ്ങുമ്പോൾ അത്ഭുതങ്ങൾ തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്

Update: 2021-03-19 11:18 GMT
Advertising

'എനിക്കീ തൃശൂര് വേണം. നിങ്ങളെനിക്ക് ഈ തൃശൂര് തരണം, ഈ തൃശൂര് ഞാനിങ്ങെടുക്കുവാ... എനിക്ക് വേണം ഈ തൃശൂർ. അങ്ങനെ സംഭവിക്കും. സംഭവിക്കട്ടെ' - തേക്കിൻകാട് മൈതാനിയിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂപ്പർതാരം സുരേഷ് ഗോപി നടത്തിയ പഞ്ച് ഡയലോഗാണിത്. ഫലം വന്നപ്പോൾ സുരേഷ്‌ഗോപി തോറ്റെങ്കിലും ആ ഡയലോഗിന്റെ മാറ്റൊലി ഇപ്പോഴും കേരളത്തിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്. ട്രോളായും അല്ലാതെയും. വിശേഷിച്ചും, നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി അങ്കത്തിനിറങ്ങുന്ന സാഹചര്യത്തിൽ.

തൃശൂരിൽ സൂപ്പർ താര പരിവേഷവുമായി സുരേഷ് ഗോപിയിറങ്ങുമ്പോൾ അത്ഭുതങ്ങൾ തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. വടക്കുംനാഥന്റെ മണ്ണ് ചരിത്രത്തിലാദ്യമായി ഇത്തവണ ബിജെപിക്കൊപ്പം നിൽക്കുമോ? സിപിഐ സീറ്റു നിലനിര്‍ത്തുമോ? അതോ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമോ?- കണക്കുകളും സമവാക്യങ്ങളും ഇങ്ങനെ;

എൽഡിഎഫ് പിടിച്ചെടുത്ത മണ്ഡലം

1991 മുതൽ 2011 വരെ കോൺഗ്രസിന്റെ തേറമ്പിൽ രാമകൃഷ്ണൻ നിയമസഭയിലെത്തിയ തൃശൂർ കഴിഞ്ഞ തവണയാണ് കോൺഗ്രസിനെ കൈവിട്ടത്. ലീഡർ കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലിനെ തോൽപ്പിച്ച് 2016ൽ സഭയിലെത്തിയത് സിപിഐയുടെ വിഎസ് സുനിൽകുമാർ. 6,987 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സുനിൽ കുമാറിന്റെ ജയം. 2011ല്‍ തേറമ്പിൽ രാമകൃഷ്ണൻ 16,169 വോട്ടിന് ജയിച്ച മണ്ഡലത്തിലായിരുന്നു പദ്മജയുടെ തോൽവി.

പി ബാലചന്ദ്രന്‍

ഇത്തവണയും പദ്മജ തന്നെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ടേം നിബന്ധനകൾ കർശനമാക്കിയതോടെ സുനിൽകുമാറിന് സീറ്റില്ലാതായി. പി ബാലചന്ദ്രനാണ് സിപിഐക്ക് വേണ്ടി മത്സരിക്കുന്നത്. 2011ൽ തേറമ്പിലിനോട് തോറ്റ സ്ഥാനാർത്ഥിയാണ് ബാലചന്ദ്രൻ.

ലീഡറുടെ മകൾ

പദ്മജയുടെ ഏറ്റവും വലിയ മേൽവിലാസം ലീഡർ കെ കരുണാകരന്റെ മകൾ എന്നതാണ്. തൃശൂരിനോട് ലീഡർക്കുള്ള മമതയും പ്രസിദ്ധം. എന്നിട്ടും 2016ൽ തൃശൂർക്കാർ പദ്മജയെ തോൽപ്പിച്ചു. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം പദ്മജ തിരിച്ചുപിടിക്കുമോ എന്നാണ് കോൺഗ്രസുകാർ ഉറ്റു നോക്കുന്നത്. അച്ഛന്റെ തട്ടകത്തിലെ ജനങ്ങൾ ഇത്തവണ കൈവിടില്ലെന്നാണ് ഇവർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

പത്മജ വേണുഗോപാല്‍

തോറ്റവർ തമ്മിലുള്ള പോരാണ് ഇത്തവണ മണ്ഡലത്തില്‍ എന്ന പ്രത്യേകതയുമുണ്ട്.

ഇങ്ങെടുക്കുമോ ബിജെപി

ലോക്‌സഭയിൽ മൂന്നാം സ്ഥാനത്തായി പോയെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ബിജെപിയുടേത്. 2,93,822 ലക്ഷം വോട്ടാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്, പോള്‍ ചെയ്തതിന്‍റെ 28.2 ശതമാനം വോട്ടുകൾ. രണ്ടാം സ്ഥാനത്തെത്തിയ സിപിഐയുടെ രാജാജി മാത്യു തോമസിന് കിട്ടിയത് 3,21,456 വോട്ടുകൾ. വിജയിച്ച കോൺഗ്രസിന്റെ ടിഎൻ പ്രതാപന് ലഭിച്ചത് 4,15,089 വോട്ടും.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 102,681 വോട്ടുമാത്രമാണ് ബിജെപി സ്ഥാനാർത്ഥി കെപി ശ്രീശന് കിട്ടിയിരുന്നത്. ഇതാണ് സുരേഷ് ഗോപി ഏകദേശം മൂന്നു ലക്ഷത്തിലേക്ക് ഉയർത്തിയത്. 17.05 ശതമാനം കൂടുതൽ വോട്ടാണ് സൂപ്പർതാര ബലത്തിൽ ബിജെപിയുടെ പെട്ടിയിലെത്തിയത്.

2016ല്‍ വിഎസ് സുനില്‍കുമാര്‍ നേടിയത് 53,664 വോട്ടാണ്. പത്മജ സ്വന്തമാക്കിയത് 46,677 വോട്ട്. ബിജെപിക്കു വേണ്ടി മത്സരിച്ച മുതിർന്ന നേതാവ് ബി ഗോപാലകൃഷ്ണൻ നേടിയത് 24,748 വോട്ടും. ആ പ്രകടനം ഏറെ മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. ലോക്‌സഭാ പോരാട്ടത്തിൽ തൃശൂർ നിയോജക മണ്ഡലത്തിൽ 37,641 വോട്ടാണ് സുരേഷ് ഗോപിക്ക് കിട്ടിയിരുന്നത്.

Tags:    

Similar News