അമിത് ഷാ പ്രചാരണത്തിനെത്തുമെന്ന പോസ്റ്റിന് പിന്നാലെ നാമനിര്‍ദേശ പത്രിക തള്ളി; ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ഫേസ്ബുക്കില്‍ പൊങ്കാല

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയതിന് പിന്നാലെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് സൈബറിടത്തില്‍ പൊങ്കാല

Update: 2021-03-20 13:24 GMT
Advertising

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളിയതിന് പിന്നാലെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് സൈബറിടത്തില്‍ പൊങ്കാല. തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചിരുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കൂടിയായ എന്‍ ഹരിദാസനെതിരെയാണ് ഫേസ്ബുക്കില്‍ ട്രോളുകള്‍ പറക്കുന്നത്.

ഹരിദാസന്‍റെ മണ്ഡലമായ തലശ്ശേരിയില്‍ പ്രചാരണത്തിനായി അമിത് ഷാ എത്തുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരിദാസ് അറിയിച്ചത്. ഇതിന് താഴെയായാണ് ഇപ്പോള്‍ സൈബര്‍ പൊങ്കാല നടക്കുന്നത്. ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായിരുന്നു തലശ്ശേരി മണ്ഡലം. അതുകൊണ്ട് തന്നെയാണ് മണ്ഡലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ തന്നെ പ്രചാരണത്തിനിറക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

പക്ഷേ പ്രചാരണം കൊഴുപ്പിക്കാനായി അമിത് ഷായെ രംഗത്തിറക്കാനിരിക്കെ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിക്കുന്ന നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയിൽ തലശ്ശേരിയുള്‍പ്പടെ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയാണ് തള്ളിയത്. തലശ്ശേരിയിൽ എൻ. ഹരിദാസന്‍റെയും ദേവികുളത്ത് ആർ. എം ധനലക്ഷ്മിയുടെയും ഗുരുവായൂരിൽ സി. നിവേദിതയുടെയും പത്രികകളാണ് തള്ളിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹു: കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ തലശ്ശേരിയിൽ...

Posted by N Haridas on Wednesday, March 17, 2021

ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടുള്ള എന്‍ ഹരിദാസന്‍റെ പോസ്റ്റിന് കീഴെ ട്രോളുകള്‍ വന്നുതുടങ്ങിയത്.

'തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹു: കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ തലശ്ശേരിയിൽ എത്തിച്ചേരുന്നു. ഭാരത മാതാവിന്‍റെ വീരപുത്രന്‍റെ ആഗമനത്തിനായി നമുക്ക് കാത്തിരിക്കാം. ആ സിംഹ ഗർജ്ജനങ്ങൾക്കായി നമുക്ക് ചെവിയോർക്കാം.' എന്നായിരുന്നു എന്‍ ഹരിദാസന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Tags:    

Similar News