ആണവ ചർച്ചയിൽ ഗൾഫിന് പ്രതീക്ഷ; സമാധാന നീക്കങ്ങൾക്ക് കരുത്താകും

ഗൾഫ് മേഖലയിൽ വിന്യസിച്ച സൈനിക സന്നാഹം ലഘൂകരിക്കാന്‍ അമേരിക്ക നീക്കമാരംഭിച്ചു.

Update: 2021-04-04 02:22 GMT
Advertising

ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിൽ പ്രതീക്ഷയർപ്പിച്ച് ഗൾഫ് മേഖല. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷ സാഹചര്യം ഇല്ലതാകുന്നത് ഗൾഫ് സമാധാന നീക്കങ്ങൾക്കും കരുത്തായി മാറും.

ഗൾഫ് മേഖലയിൽ ശക്തിപ്പെടുത്തിയ സൈനിക സന്നാഹം ലഘൂകരിക്കാന്‍ അമേരിക്ക നീക്കമാരംഭിച്ചതായാണ് റിപ്പോർട്ടുകള്‍. ചൊവ്വാഴ്ചയാണ് അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തി രാജ്യങ്ങളും ഇറാനും തമ്മിൽ വിയന്നയിൽ നിർണായക ചർച്ച നടക്കുക.

2015ൽ രൂപപ്പെടുത്തിയ ആണവ കരാറിൽ നിന്ന് 2018ൽ ട്രംപ് ഭരണകൂടം പിൻമാറിയതോടെ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. ഗൾഫിൽ തങ്ങളുടെ സൈനിക സന്നാഹങ്ങൾ വർധിപ്പിക്കാനും അമേരിക്ക തുനിഞ്ഞു.

എന്നാൽ, ബൈഡൻ ഭരണകൂടം നയംമാറ്റത്തിന്‍റെ പാതയിലാണ്. ഗൾഫ് മേഖലയിൽ വിന്യസിച്ച മൂന്ന് പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ അമേരിക്ക പിന്‍വലിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിൽനിന്നാണ് ഒരു പാട്രിയറ്റ് പിൻവലിച്ചത്. ഒരു വിമാനവാഹിനി യുദ്ധക്കപ്പലും നിരീക്ഷണ സംവിധാനങ്ങളും ഇതോടൊപ്പം പിൻവലിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൾഫ് മേഖലയിൽ അര ലക്ഷത്തോളം യു.എസ് സൈനികരാണ് നിലയുറപ്പിച്ചിട്ടുള്ളത്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News