തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഉത്തപ്പ; വിജയ്ഹസാരെ ട്രോഫിയില്‍ ജയത്തോടെ തുടങ്ങി കേരളം

ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കേരളത്തിന്റെ ഹൈലൈറ്റ്. 85 പന്തുകളില്‍ നിന്ന് 10 ഫോറും നാല് സിക്‌സറുകളും അടക്കം 107 റണ്‍സാണ് റോബിന്‍ ഉത്തപ്പ നേടിയത്.

Update: 2021-02-20 12:45 GMT
Advertising

വിജയ്ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ജയത്തോടെ തുടങ്ങി കേരളം. ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ 34 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. 38.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയില്‍ എത്തി നില്‍ക്കെ മഴ പെയ്യുകയായിരുന്നു. പിന്നീട് മത്സരം പുനരാരംഭിക്കാന്‍ കഴിയാതിരുന്നതോടെ വി ജയദേവന്‍ മഴനിയമപ്രകാരം കേരളം 34 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കേരളത്തിന്റെ ഹൈലൈറ്റ്. 85 പന്തുകളില്‍ നിന്ന് 10 ഫോറും നാല് സിക്‌സറുകളും അടക്കം 107 റണ്‍സാണ് റോബിന്‍ ഉത്തപ്പ നേടിയത്.

മറ്റൊരു ഓപ്പണറായ വിഷ്ണു വിനോദ്(28) നായകന്‍ സച്ചിന്‍ ബേബി(40) എന്നിവരാണ് കേരളത്തനായി റണ്‍സ് കണ്ടെത്തിയത്. കളി നിര്‍ത്തുമ്പോള്‍ വത്സല്‍(29) മുഹമ്മദ് അസ്ഹറുദ്ദീന്‍(23) എന്നിവരായിരുന്നു ക്രീസില്‍. അതേസമയം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. നാല് റണ്‍സെ സഞ്ജുവിന്ന നേടാനായുള്ളൂ. ടോസ് നേടിയ കേരളം ഒഡീഷയെ ബാറ്റിങിനയക്കുകയായിരുന്നു. 45 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഒഡീഷ 258 റണ്‍സ് എടുത്തത്. ഒഡീഷയ്ക്കായി ഗൗരവ് ചൗധരി (57) സന്ദീപ് പട്‌നായിക്(66) എന്നിവര്‍ തിളങ്ങി.

കേരളത്തിനായി ശ്രീശാന്ത് എട്ട് ഓവര്‍ എറിഞ്ഞ് രണ്ട് വിക്കറ്റ് വീഴ്ത്തി. 41 റണ്‍സാണ് ശ്രീശാന്ത് വിട്ടുകൊടുത്തത്. നിധേഷ് എം.ഡി. ജലജ് സക്‌സേന എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തിങ്കളാഴ്ച ഉത്തര്‍പ്രദേശുമായാണ് കേരളത്തിന്‍റെ രണ്ടാം മത്സരം.

Tags:    

Similar News