‘ഗസ്സയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണം’; സർക്കാറിന് നിവേദനം നൽകി 1400 ഇസ്രായേലി അക്കാദമിക് വിദഗ്ധർ

‘ഇസ്രായേൽ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ടു’

Update: 2024-05-22 10:59 GMT
Advertising

ജെറൂസലേം: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 1400-ലധികം ഇസ്രായേലി അക്കാദമിക് വിദഗ്ധർ ഒപ്പിട്ട നിവേദനം സർക്കാറിന് സമർപ്പിച്ചു. ‘യുദ്ധം അവസാനിപ്പിക്കാനും ബന്ദികളുടെ തിരിച്ചുവരവ് ഉറപ്പാക്കാനും ഇസ്രായേൽ സർക്കാറിനോട് ആഹ്വാനം ചെയ്യുന്നു’ എന്ന പേരിലുള്ള നിവേദനമാണ് നൽകിയത്.

‘ഞങ്ങൾ, ഇസ്രായേലിലെ അക്കാദമിക് സ്ഥാപനങ്ങളിലെ ഫാക്കൽറ്റികളും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളും ഗസ്സയിലെ യുദ്ധം ഉടനടി അവസാനിപ്പിക്കാൻ ഇസ്രായേലി സർക്കാറിനോട് ആവശ്യപ്പെടുന്നു. ബന്ദികളെ ഉടനടി തിരികെ കൊണ്ടുവരുന്നത് ഉറപ്പാക്കണം. ഹമാസ് തടവിലാക്കിയ ഇസ്രായേലി ബന്ദികളെ തിരികെ കൊണ്ടുവരുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ധാർമികമായ അനിവാര്യതയാണ്. കൂടാതെ അതാണ് ഇസ്രായേലി ജനതയുടെ പൊതുതാൽപ്പര്യവും.

ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്. എന്നാൽ, അതിന്റെ പ്രാരംഭ ലക്ഷ്യം അവസാനിച്ചിരിക്കുന്നു. യുദ്ധത്തിനപ്പുറം തന്ത്രപരമോ രാഷ്ട്രീയമോ ആയ കാഴ്ചപ്പാട് തയ്യാറാക്കാൻ സർക്കാർ മനഃപൂർവം ശ്രമിക്കുന്നില്ല. പകരം, മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ പോലും ഇല്ലാത്ത ഒരു 'സമ്പൂർണ വിജയം' ലക്ഷ്യമിടുകയാണ്. അത് നേടാനാകില്ലെന്ന് മാത്രമല്ല, കൂടുതൽ ബന്ദികൾ മരണപ്പെടാനും സാധ്യതയുണ്ട്.

ഇസ്രായേലി​ന്റെ ആക്രമണം ഗസ്സയിലെ സാധാരണക്കാർക്ക് വലിയ വിപത്തും പട്ടിണിയുമാണ് സൃഷ്ടിച്ചിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ വലിയ രീതിയിൽ നശിച്ചു. ഇസ്രായേലിനും ഏറെ നാശനഷ്ടങ്ങളുണ്ടായി. ലക്ഷക്കണക്കിന് ആളുകൾക്ക് മാനസിക ബുദ്ധിമുട്ടുകളും വലിയ സാമ്പത്തിക ബാധ്യതയും വരുത്തിവെച്ചു. ഇസ്രായേലിലെ ക്രമസമാധാന നിലയിൽ ഗുരുതര പ്രശ്നങ്ങളുണ്ടായി.

രാജ്യത്തിന്റെ വടക്ക് സ്ഥിതിഗതികൾ അസ്ഥിരമാണ്. ഇവിടെ നിന്ന് പലായനം ചെയ്തവർക്ക് തിരിച്ചുവരാൻ സാധിക്കുന്നില്ല. അന്തരാഷ്ട്ര തലത്തിലും ഇസ്രായേലിന്റെ നിലനിൽപ്പിനെ ഗുരുതരമായി ബാധിച്ചു. അന്താരാഷ്ട്ര ഒറ്റപ്പെടലിലേക്കും നിയമപരമായ കുരുക്കുകളിലേക്കും സാംസ്‌കാരികവും അക്കാദമികവുമായ ബഹിഷ്‌കരണത്തിലേക്കും യുദ്ധം വഴിവെച്ചു. കൂടാതെ ദീർഘകാല പ്രശ്നങ്ങളും രാജ്യം അഭിമുഖീകരിക്കുന്നുണ്ട്.

ബന്ദികളെ തിരികെ എത്തിക്കുകയെന്ന പരമമായ കടമ നിറവേറ്റാനുള്ള ഇസ്രായേലിന്റെ ആവശ്യത്തെ ഇത് വലിയരീതിയിൽ ദുർബലപ്പെടുത്തുന്നു. സ്വയം പ്രതിരോധം എന്നത് അനന്തമായ യുദ്ധത്തിനും നേതൃത്വത്തിൻ്റെ രാഷ്ട്രീയ നിലനിൽപ്പിനും വേണ്ടിയാകരുത്. അതിനാൽ, ബന്ദികളെ തിരികെ കൊണ്ടുവരാനും കാലതാമസമില്ലാതെ യുദ്ധം അവസാനിപ്പിക്കാനും സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

യു.എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര നീതിന്യായ കോടതിയും ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇസ്രായേലിന്റെ ക്രൂരതകൾ നിർബാധം തുടരുകയാണ്. 35,600-ലധികം ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. കൂടാതെ 79,900 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

എന്നാൽ, ഒരു ഭാഗത്ത് അന്താരാഷ്ട്ര സമ്മർദ്ദം തുടരുമ്പോഴും ഇസ്രായേൽ സൈന്യം ഗസ്സയിലെ കൂടുതൽ മേഖലയിൽ കടന്നുകയറുകയാണ്. ലക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന റഫ നഗരത്തിലെ കൂടുതൽ ഭാഗങ്ങളിൽ ഇസ്രായേൽ സൈന്യം നിലയുറപ്പിച്ചു കഴിഞ്ഞു. ഗസ്സക്കും ഈജിപ്തിനുമിടയിലുള്ള ഫിലാഡൽഫി ഇടനാഴിയുടെ ഭൂരിഭാഗം ​പ്രദേശവും ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.

ഇസ്രായേൽ സൈന്യം നിലവിൽ റഫയുടെ കിഴക്കൻ, മധ്യ പ്രദേശങ്ങളിലും റഫയുടെ തെക്കൻ പ്രദേശങ്ങളുടെ പ്രാന്തപ്രദേശങ്ങളിലുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മെയ് ആറിനാണ് റഫയിൽ കരയാക്രമണം ആരംഭിച്ചത്. ഇതിനെ തുടർന്ന് ഇവിടെ നിന്ന് എട്ട് ലക്ഷം ഫലസ്തീനികൾ പലായനം ചെയ്തുവെന്നാണ് റിപ്പോർട്ട്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News