അപ്പുക്കിളിയും പൂമ്പാറ്റ കണ്ട സ്വപ്നവും; വി.പി ശിവകുമാറിനെ ഓര്‍ക്കുമ്പോള്‍

വി.പി.ശിവകുമാറിന്റെ എല്ലാ കഥകളും നമ്മെ പല രീതിയില്‍പ്രലോഭിപ്പിക്കുന്നവയും പ്രകോപിപ്പിക്കുന്നവയുമാണ്. എങ്കിലും ഇവിടെ മൂന്നു കഥകളാണ് ചര്‍ച്ചയ്ക്ക് വയ്ക്കുന്നത്. പരദേശീമോക്ഷ യാത്ര, അമ്മ വന്നു, വരമ്പ് എന്നീ കഥകളാണ് ഇവിടെ സ്വീകരിക്കുന്നത്. കാല്‍നൂറ്റാണ്ടിനു ശേഷം വി.പി ശിവകുമാറിന്റെ കഥകളിലൂടെയുള്ള സഞ്ചാരം.

MediaOne Logo

ഡോ. ഷൂബ കെ.എസ്‌

  • Updated:

    2022-09-23 05:55:03.0

Published:

6 July 2022 12:30 PM GMT

അപ്പുക്കിളിയും പൂമ്പാറ്റ കണ്ട സ്വപ്നവും;  വി.പി ശിവകുമാറിനെ ഓര്‍ക്കുമ്പോള്‍
X
Listen to this Article

പ്രതി ആധുനികത

മുഖ്യധാരാ ആധുനികതയെ നിഷേധിക്കുന്ന ഒരു പ്രതി ആധുനികത നിലനിന്നിരുന്നു. വി.പി ശിവകുമാറിനെയും സി.അയ്യപ്പനെയും വി.കെ.എന്നിനെയും മറ്റും ചേര്‍ത്തുവച്ചു പ്രതി ആധുനികത എന്ന സംജ്ഞ രൂപപ്പെടുത്താമോ എന്ന ഒരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍, വി.പി.ശിവകുമാറിനെ പരിഗണിക്കുമ്പോള്‍ അങ്ങനെ സംശയത്തിന് ഇടവരേണ്ട കാര്യമില്ല. കഥകളിലൂടെ മാത്രമല്ല, ലേഖനങ്ങളിലൂടെയും മറ്റും ആധുനികതയുടെ വ്യാവസായിക ആഘോഷധാരയെ അതിശക്തമായി വിമര്‍ശിച്ച ആളാണ് വി.പിശിവകുമാര്‍.

പി. എ.ഉത്തമന്‍ എന്ന കഥാകൃത്തിന്റെ സമാഹാരത്തിന് അദ്ദേഹമെഴുതിയ അവതാരിക ഇതിനുള്ള ഉത്തമോദാഹരണമാണ്. ആധുനികതയുടെ അര്‍ഥശൂന്യതയെ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ഇതില്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്. അന്യതാബോധം, ഉദ്വിഗ്‌നത, വഴിഞ്ഞൊഴുകുന്ന ലാവണ്യം എന്നിങ്ങനെയുള്ള വാക്കുകള്‍ കൊണ്ടു വിശദീകരിക്കപ്പെട്ട ഒന്നാണ് ആധുനികത എന്നു അതില്‍ നിരീക്ഷിക്കുന്നു. എന്നാല്‍, ഈ സംജ്ഞകള്‍ ഒന്നും തന്നെ സാധാരണ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതല്ലെന്നും തുടര്‍ന്ന് പറയുന്നു. ആധുനികത എന്നത് പണിയായുധം കയ്യിലുള്ളവന്റെ അനുഭവങ്ങള്‍ അല്ല എന്നും ഉയര്‍ന്ന തരം ജാതിക്കാരുടെ പ്രശ്‌നങ്ങള്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആധുനികതയുടെ വ്യാവസായിക ധാര ഉപരിവര്‍ഗത്തിനു വേണ്ടിയായിരുന്നു എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.


ക്ഷുരകനും അസ്തിത്വവാദിയും

അന്നത്തെ ഒറ്റപ്പെടല്‍ കഥകള്‍ ഒന്നു കൂടി വായിച്ചു നോക്കിയാല്‍ അതു മനസ്സിലാകുന്നു. 'മുണ്ഡനം ചെയ്യപ്പെട്ട ജീവിതം' (എം.മുകുന്ദന്‍) എന്ന കഥനോക്കുക. ഒരാള്‍ പ്രത്യേകിച്ച് കുറ്റകാരണങ്ങളില്ലാതെ ശിക്ഷിക്കപ്പെടുന്നു, തല മുണ്ഡനം ചെയ്യപ്പെടുന്നു. എന്താണ് ഞാന്‍ ചെയ്ത കുറ്റം എന്ന ചോദ്യം ആവര്‍ത്തിക്കുന്നു. ഈ കഥ ആധുനിക കാലത്ത് രചിക്കപ്പെട്ടതും അതിന്റെ പൊതുസവിശേഷതകളെ ഏകദേശ പൂര്‍ണതയോടെ ഉള്‍ക്കൊള്ളുന്നതുമാണ്. ദാഹിച്ച് വലഞ്ഞു വന്ന ഒരാള്‍ക്ക് വെള്ളം നല്‍കി എന്ന കാരണത്താല്‍ അഥവാ യുക്തിപരമായ കാര്യങ്ങളേതുമില്ലാതെ തല മുണ്ഡനം ചെയ്യപ്പെടുന്ന, ശിക്ഷിക്കപ്പെടുന്ന ഒരാളാണ് ഇതിലെ നായകന്‍ എന്നു പറഞ്ഞല്ലോ. എം മുകുന്ദന്റെ തന്നെ 'എന്താണ് ആധുനികത' എന്ന പുസ്തകത്തില്‍ ആധുനികതാ പ്രസ്ഥാനത്തെ സംബന്ധിച്ചുള്ള സ്വവിചാരങ്ങളെ അദ്ദേഹം ക്രോഡീകരിക്കുന്നുണ്ട്. അക്രമോത്സുകവും അഴിമതി നിറഞ്ഞതുമായ ഒരു സാമൂഹിക ക്രമത്തില്‍ നിത്യസ്‌നാനം ചെയ്യാന്‍ വിധിക്കപ്പെട്ട നീതിമാനെന്നാണ് ഇതിലൂടെ ആധുനിക സാഹിത്യകാരന് മുകുന്ദന്‍ നല്‍കാന്‍ ശ്രമിക്കുന്ന നിര്‍വചനം. എന്നാല്‍, ഈ എഴുത്തുകാരന്റെ യഥാര്‍ഥ പ്രശ്‌നം എന്താണ് എന്നു കഥ സൂക്ഷ്മമായി നോക്കിയാല്‍ മനസ്സിലാകും. മുണ്ഡനം ചെയ്യപ്പെട്ട ജീവിതം എന്ന കഥയില്‍ നിര്‍ബന്ധിതമായി ക്ഷൗരം ചെയ്യപ്പെടുമ്പോള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടിട്ടും അത് തുടര്‍ന്നുകൊണ്ടിരിക്കെ നായകന്‍ നടത്തുന്ന ആത്മഗതം, 'ഒരു ക്ഷുരകന്‍ പോലും' തന്റെ വാക്കുകളെ അനുസരിക്കുന്നില്ല എന്നാണ്. ക്ഷുരകന്‍ താന്‍ പറഞ്ഞാല്‍ അനുസരിക്കണമെന്ന സവര്‍ണ ബോധമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വിവാഹം ചെയ്യാന്‍ വിധിപ്രകാരം നിശ്ചയിക്കപ്പെട്ട മുറപ്പെണ്ണും അധ്വാനരഹിതമായ ജീവിതവും ആസ്വദിച്ചുപോന്ന ഉപരിവര്‍ഗ-ഉന്നതജാതി യുവതയുടെ അനന്തരകാല ഒറ്റപ്പെടലാണ്, താണവര്‍ എന്നു കരുതിയിരുന്നവരും തങ്ങള്‍ ആട്ടിപ്പുറത്താക്കിയവരും തിരിച്ചു വരുമ്പോഴുള്ള ഒറ്റപ്പെടലാണ് ആധുനികത എന്നത് എന്നു വ്യക്തമാകുന്നു. താന്‍ പറയുന്നത് കേള്‍ക്കാന്‍ വിധിക്കപ്പെട്ട താഴ്ന്ന വര്‍ഗം ഉണ്ടായിരിക്കണമെന്നതാണ് ആഗ്രഹം. അതില്ലാത്തതിന്റെ വേദനയ്ക്ക് രക്തസാക്ഷിത്വ പരിവേഷം നല്‍കുമ്പോഴാണ് ആധുനികതാവാദത്തിലെ അസ്തിത്വദുഃഖം ഉദയം ചെയ്യുന്നത്.


'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിനെ സംബന്ധിച്ചുള്ള വിമര്‍ശനാത്മകമായ നിലപാടുകളും ഇതേ അവതാരികയില്‍ ശിവകുമാര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നു. ഗ്രാമത്തിന്റെ വ്യവഹാരങ്ങളെ ആവിഷ്‌കരിക്കുമ്പോള്‍ അവരുടെ തനതുഭാഷയ്ക്ക് സമാനമായ ഒരു ഭാഷ ഉപയോഗിക്കുകയും മറ്റിടങ്ങളില്‍ ആര്‍ദ്രവും തരളവുമായ മറ്റൊരു ഭാഷ ഉപയോഗിക്കുകയും ചെയ്യുന്ന വിജയന്റെ രീതി വി.പി ശിവകുമാര്‍ ചൂണ്ടിക്കാട്ടുന്നു. അവതാരികയിലെ ഒരു വാചകം തന്നെ ഉദ്ധരിച്ചു പറഞ്ഞാല്‍, 'ചാത്തനേയും കോരനേയും ആദര്‍ശവത്കരിച്ച് ഭാവപരമല്ലാതാക്കിത്തീര്‍ക്കുകയാണ് തകഴി; ഒ.വി വിജയന്‍ അവരെ ഫിലോസഫൈസ് ചെയ്യുന്നു. രണ്ടിടത്തും ചാത്തനും കോരനും രക്ഷയില്ല'. പാവപ്പെട്ടവരുടെ സ്ഥലമല്ല ഖസാക്ക് പാവപ്പെട്ടവരുടേതുപോലുള്ള സ്ഥലമാണത്. 'ഖസാക്കിലെ സമ്പദ്വ്യവസ്ഥ' എന്ന എന്‍.എസ് മാധവന്റെ ലേഖനമുണ്ട്. മാധവന്റെ കഥകള്‍ കഥകളാണോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കിലും ലേഖനം പ്രസക്തമാണ്. ഖസാക്കിലെ മനുഷ്യര്‍ എങ്ങനെ ജീവിക്കുന്നു, അവര്‍ക്കിടയിലെ സാമ്പത്തികബന്ധങ്ങള്‍ എങ്ങനെയാണ് എന്നിവ വ്യക്തമാക്കാത്തതു വഴി ഖസാക്ക് ഒരു അടഞ്ഞ ഗ്രാമമാകുന്നു എന്നാണ് ഈ ലേഖനത്തിന്റെ സാരം. ഇതാണ് പാവപ്പെട്ടവരെ ഫിലോസഫൈസ് ചെയ്യുന്നു എന്നു വി.പി ശിവകുമാര്‍ പറയുന്നത്. പട്ടിണിയെ ഒരു തരത്തില്‍ നമുക്ക് ദാര്‍ശനികവല്‍കരിക്കാനാകും. അതിനെയാണ് നോയമ്പെന്ന് വിശേഷിപ്പിക്കുന്നത്. തിങ്കള്‍ ഒഴിച്ചു ബാക്കി എല്ലാ ദിവസവും ഭക്ഷണമുള്ളവര്‍ക്ക് മാത്രമേ തിങ്കളാഴ്ച വ്രതമെടുക്കാന്‍ പറ്റൂ. ഭൂരിഭാഗം ജനതയും ഭൂരിഭാഗം ദിവസവും പട്ടിണി കിടക്കുന്ന സമൂഹത്തില്‍ പട്ടിണിയെ ദാര്‍ശനികവത്കരിക്കുന്നതിനെയാണ്, മഹത്വവത്കരിക്കുന്നതിനെയാണ് നോയമ്പ് എന്നു പറയുന്നത്. ഇതു പോലെയാണ് പാവപ്പെട്ടവനെയും ദാര്‍ശനിവത്ക്കുന്നത്. ഗ്രാമത്തെയും ഗ്രാമീണനെയും ദാര്‍ശനികവത്കരിക്കാം. അപ്പുക്കിളിയൊക്കെ അങ്ങനെ ഉണ്ടാകുന്നതാണ്. അപ്പുക്കിളിക്ക് പ്രായമുണ്ട്, പക്ഷെ പ്രായം തോന്നില്ല. അപ്പുക്കിളിയുടെ വളര്‍ച്ചയില്ലായ്മയെ, അറിവില്ലായ്മയെ, പൂജ്യം മാത്രം അറിയാവുന്നതിനെ ദാര്‍ശനികവത്കരിക്കുന്നു. ഇതിനെ എതിര്‍ക്കാനാണ്, പയ്യത്തരത്തിന്റെ ആഘോഷത്തെ, ദാര്‍ശനികത്വത്തെ മറിച്ചിടാനാണ് തമാശ നിറഞ്ഞ പയ്യന്‍ കഥകള്‍ വി.കെ.എന്‍ എഴുതിയത്. ഗ്രാമീണ യൗവ്വനത്തെ ചുരുക്കിയെടുക്കുന്നത്, കൂട്ടിക്കൊടുപ്പുകാരനാക്കുന്നത് വി.കെ.എന്‍ തുറന്നു കാട്ടുന്നു. രവിയുടെ ആത്മീയ യാത്രയ്ക്കുള്ള ഇടനിലക്കാര്‍ മാത്രമാണ് അപ്പുക്കിളിമാര്‍. 'കാവി' എന്ന നോവല്‍ ഒക്കെ ഈ ആത്മീയ യാത്രകളുടെ ഹാസ്യവത്കരണമാണ്.


രവിയും കഴുതയും പിന്നെ ഒട്ടകവും

വി.പി ശിവകുമാറും ഇതിനെ ഹാസ്യമാക്കി നിഷേധങ്ങള്‍ നിര്‍മിക്കുന്നു. 'പരദേശി മോക്ഷയാത്ര' എന്ന ശിവകുമാറിന്റെ കഥയില്‍ ഖസാക്കിലെ തത്വചിന്താവല്‍കരണവും ആത്മീയയാത്രയും ഒരു പാരഡിയെന്നോണം അവതരിപ്പിക്കപ്പെടുന്നുണ്ട്. 'അര്‍ദ്ധവിരാമം' എന്ന ആത്മീയാന്വേഷണ കൃതിയുടെ പാരഡിയാണ് 'കാവി' എന്നു പറയുമ്പോലെ ഖസാക്കിലെ നായകന്റെ ആത്മീയാന്വേഷണത്തിന്റെ പാരഡിയാണ് 'പരദേശി മോക്ഷ യാത്ര'. ഒരു മഹാന്‍ പാവപ്പെട്ടവന്റെ ഇടയിലേയ്ക്കു ആത്മീയ സഞ്ചാരം നടത്തുന്നതിന്റെ ഉള്ളിലുള്ള ഹാസ്യദുരന്ത ബോധമാണ് കഥ വിനിമയം ചെയ്യുന്നത്. രവിക്ക് പകരം ഒരു കാര്‍ലോസ് ആണ് നായകന്‍. അയാള്‍ ഐ.എ.എസ് ഉപേക്ഷിച്ച് അധ്യാപകനും അധ്യാപനമുപേക്ഷിച്ച് ഗോഡൗണ്‍ കീപ്പറും അതുപേക്ഷിച്ച് തകരപ്പെറുക്കിയും ആകുന്നു. പിന്നീട് മതാത്മക ആത്മീയതയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ആസ്‌ട്രോ ഫിസിക്‌സിലെ ഗവേഷണമുപേക്ഷിച്ച് ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തില്‍ ചേക്കേറുന്ന ഖസാക്കിലെ നായകനാണ് ഇവിടെ പരിഹസിക്കപ്പെടുന്നത്. ഉപേക്ഷിക്കാന്‍ എന്തെങ്കിലും ഉള്ളവര്‍ മാത്രമേ മഹാന്മാരാകൂ. അങ്ങനെയാണ് ഇവിടത്തെ നായകന്‍ മഹാനാകുന്നത്. ഗൃഹാതുരത്വം കൊണ്ട് ഐ.എ.എസ്സ് ഉപേക്ഷിച്ചു കോളജ് അധ്യാപകനാകുന്നു. ക്ലാസ്സില്‍ പോകുമ്പോള്‍ ഏതാണ്ട് ഇരുപതു മിന്നിട്ടിനകം തന്നെ നാല്പതു കുട്ടികളും പതിവായി ഉറങ്ങുന്നു. അങ്ങനെ ഇരിക്കെ ആണ് ക്ലാസ്സില്‍ ഒരു പട്ടി കടന്നു വരുന്നത്. ക്ലാസ്സില്‍ ഓടിക്കയറുകയും സാറിരുന്നുറങ്ങുന്ന മേശയില്‍ ചാടിക്കയറുകയും ചെയ്യുന്നു. അവിടെ ഇരുന്നു ആത്മരതിയോടെ വാലു നക്കുകയും ചെയ്യുന്നു. ഖസാക്കിലൊക്കെ ഇങ്ങനെ ആത്മരതി അനുഭവിക്കുന്ന നായകന്മാരെ കാണാം. പെട്ടെന്ന് കാര്‍ലോസ് ഉറക്കമുണരുകയും കോളജ് അധ്യാപകനായിരിക്കുക എന്തോ കുഴപ്പമാണെന്നു തോന്നുകയും ചെയ്യുന്നു. എങ്കിലും അധ്യാപനം തുടര്‍ന്നു. അങ്ങനെയിരിക്കെ കോളജില്‍ ഫീസ് പിരിക്കുന്ന ജോലി നിയോഗമായി വന്നു ചേര്‍ന്നു. നിയോഗമാണല്ലോ രവിയുടെ ജീവിതത്തെയും നിര്‍ണയിക്കുന്നത്. അങ്ങനെ പണം പിരിക്കുമ്പോള്‍, പണം കയ്യില്‍ വരുമ്പോള്‍ അയാള്‍ക്കു പ്രത്യേക അനുഭൂതി ഉണ്ടാകുന്നു. പണം വിനിമയം ചെയ്യുന്ന പണി കൊള്ളാമല്ലോ എന്നു കണ്ടാണ് കാഷ്യര്‍ കം ഗോഡൗണ്‍ കീപ്പര്‍ ആകുന്നത്. പണത്തിന്റെ മായാപ്രപഞ്ചം അയാള്‍ക്കിഷ്ടപ്പെട്ടു. പക്ഷെ, പിന്നീട് പണമെണ്ണി പണമെണ്ണി വിരക്തി ഉണ്ടാകുന്നു. പെട്ടെന്നു ദൈവവിളി പോലെ ഒരു വിളി കേല്‍ക്കുന്നു. 'പേപ്പര്‍ തകരം കുപ്പി ... പകരം ഈന്തപ്പഴം.' ഇങ്ങനെ പെറുക്കിയുടെ വിളി കേള്‍ക്കുന്നു. അപ്പോള്‍ അയാള്‍ ആലോചിക്കുന്നു പെറുക്കി എത്ര സ്വതന്ത്രമായ ലോകത്താണ് വിഹരിക്കുന്നത്. പിറ്റേ ദിവസം അയാല്‍ കൈലിയും ബനിയനും ധരിച്ചു പെറുക്കിയാവുന്നു. അങ്ങനെ പെറുക്കിയായി ജീവിക്കുമ്പോഴാണ് പെറുക്കിയെടുക്കുന്നതില്‍ നിന്നും അയാള്‍ക്ക് ഒരു സാധനം കിട്ടുന്നത്.'തമ്പിയുടെ ഹൃദയം' എന്ന ലഘുലേഖ. മതത്തിലേയ്ക്ക് മടങ്ങാനുള്ളത്. ഇങ്ങനെ തുടര്‍ന്നശേഷം ഏറ്റവും ഒടുവില്‍ പ്രകാശം കാണുന്ന ദിക്കിലേയ്ക്ക് ചാടി മരിക്കുന്നതാണ്. ഉപനിഷത്തിന്റെ ആസ്‌ട്രോ ഫിസിക്‌സിന്റെയും കലര്‍പ്പില്‍ വിദേശ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ പ്രബന്ധം എഴുതാന്‍ കഴിവുള്ള രവി ഖസാക്കിലേയ്ക്ക് യാത്ര ചെയ്യുന്നതിന്റെ പാരഡിയാണ് ഈ കഥ. സാര്‍ത്രിയന്‍ തത്ത്വചിന്തയെ നമ്മുടെ ആധുനികര്‍ എപ്രകാരം ദുര്‍വ്യാഖ്യാനിച്ചു എന്നതിലേക്കുള്ള ഒരു ചൂണ്ടുപലകയായി ഒരു ഗുണപാഠവും ഈ കഥയില്‍ ചേര്‍ത്തിട്ടുണ്ട്. 'പ്രവൃത്തിയാണ് അസ്തിത്വത്തെ നിര്‍ണയിക്കുന്നത് എന്ന സാര്‍ത്രിയന്‍ നിലപാട് നിയോഗവും ആത്മീയതയുമായി ഇവിടെ അവതരിപ്പിക്കപ്പെട്ടു. അതിനെയാണ് വി.പി ശിവകുമാര്‍ ഹാസ്യവത്കരിച്ചത്. 'ഘുണാക്ഷരന്യായം 'എന്ന കഥയില്‍ ഒച്ചിഴയുന്ന അടയാളത്തില്‍ ലിപി അന്വേഷിച്ചു അതില്‍ പുരാവസ്തുവും കേരള ചരിത്രവും ആരായുന്നതു കാണാം. ഇതു തന്നെയായിരുന്നു ആധുനിക കാല കൃതികളില്‍ അസ്തിത്വവാദം അന്വേഷിച്ച രീതിയും. ഒച്ചിന്റെ ഇഴയലിനെ ദാര്‍ശനികവത്കരിച്ചു ആധുനിക കൃതിയാക്കുന്നതു കണ്ടിട്ടാണ് ഇവര്‍ മനുഷ്യരാണോ എന്ന സംശയം വി.പി ശിവകുമാറിനുണ്ടാകുകയും മൃഗകഥകള്‍ എഴുതുകയും ചെയ്തത്. ഇവരൊക്കെ ഒട്ടകങ്ങളാണ്. ഒട്ടകങ്ങള്‍ യു.ജി.സി ശമ്പളം വാങ്ങുകയും സ്ഥാനമാനങ്ങള്‍ നേടുകയും ചെയ്യുന്നു. നിരര്‍ഥകമായ തര്‍ക്കങ്ങളിലൂടെ വലിയ എഴുത്തുകാരായി മാധ്യമങ്ങളില്‍ ഇടം നേടുന്നു. 'സാഹിത്യത്തില്‍ കഴുതകള്‍ക്കുള്ള സ്വാധീനം ' എന്ന കഥയില്‍ കഴുതകളെ വളര്‍ത്തുന്ന രണ്ട് എഴുത്തുകാരുടെ കഥയാണ്. ഒരാള്‍ എഴുതുമ്പോള്‍ മറ്റേയാള്‍ കഴുതയുടെ ശബ്ദം കേള്‍പിച്ച് ശല്യപ്പെടുത്തും. അക്കാലത്തെ തര്‍ക്കങ്ങള്‍ ഉദാഹരണമായി കെ.പി അപ്പനും അഴീക്കോടും തമ്മിലുള്ള തര്‍ക്കങ്ങള്‍ വെറും കഴുതക്കരച്ചിലുകള്‍ മാത്രമായിരുന്നു എന്നാണ് വിവക്ഷ. മനുഷ്യര്‍ കഴുതകളായി മാറുമ്പോള്‍ യഥാര്‍ഥ കഴുതകള്‍ മനുഷ്യരേക്കാള്‍ അറിവുള്ളവരായി മാറുന്നു. കഴുതയുടെ സംഭാഷണമാണ് എഴുത്തുകാര്‍ക്ക് ബോധോദയം ഉണ്ടാക്കുന്നത്. മനുഷ്യവിഭവങ്ങളുടെ അസാധാരണവും വിപുലവുമായ ദുര്യോഗപ്പെടുത്തലാണ് എഴുത്ത് എന്ന കഴുതയുടെ വാക്കുകള്‍ കേട്ടാണ് എഴുത്തുകാരന്‍ തലമുണ്ഡനം ചെയ്ത് രുദ്രാക്ഷം ധരിക്കുന്നത്. മനുഷ്യ വിഭവത്തിന്റെ ഏറ്റവും വിപുലവും അസാധാരണവുമായ ദുര്യോഗമാണ് എഴുത്ത് എന്നത് ആധുനികതയെ സംബന്ധിച്ചുള്ള വി.പി ശിവകുമാറിന്റെ പ്രസ്താവനയായി കണക്കാക്കാം.

'പ്രതി ആധുനികത' എന്ന സംജ്ഞ കേവലമൊരു ഊഹാധിഷ്ഠിത സൃഷ്ടിയല്ല എന്ന് വ്യക്തമാകുന്നു. ആധുനികത എന്ന രാഷ്ടീയരോഗം

നമ്മുടെ ദുരന്തങ്ങളെ, പട്ടിണികളെ, ഗതികേടുകളെ ദാര്‍ശനികമാക്കിയാണ് മഹത്വവത്കരണവും ദൈവവത്കരണവും നടക്കുന്നത്. ഒരു കുട്ടിയുടെ വളര്‍ന്നു വരുന്ന മൂക്ക് ഗണപതിയുടെ മൂക്കാകുമ്പോഴും വിശ്വവിഖ്യാതമാകുമ്പോഴും നാട്ടുകാര്‍ക്കും മാധ്യമങ്ങള്‍ക്കും അത്ഭുതമാണ്. കുട്ടിക്കും അമ്മയ്ക്കും അങ്ങനെ ആകണമെന്നില്ല. വളരാത്ത കുട്ടി അമ്മയുടെ ദുഃഖമാണ്. അമ്മയെ ദൈവമാക്കുകയും യൗവനത്തെ ശൈശവവത്കരിച്ച് അപ്പുക്കിളിയാക്കുകയും ചെയ്യുന്നത് കുട്ടിയുടെയുടെയും അമ്മയുടെയും വേദനയാണ്. ആധുനികതയുടെ കാലത്തെ അമ്മയുടെ ഗര്‍ഭപാത്രയാത്രയും അപ്പുക്കിളിവത്കരണവും നരകയാതനകളാണ് യഥാര്‍ഥ ജീവിതത്തിന് നല്‍കിയത്. അതൊരു രാഷ്ട്രീയ രോഗമായിരുന്നു. അപ്പുക്കിളി ഒരു രാഷ്ടീയ ദുരന്തമാണ്.
ശിവകുമാറിന്റെ 'അമ്മ വന്നു' എന്ന കഥ ഇതാണ് അവതരിപ്പിക്കുന്നത്. അമ്മയെ ഒരു അമ്മ ദൈവമെന്ന ബിംബമാക്കി മാറ്റുന്നു. ഈ അമ്മയുടെ എഴുന്നള്ളത്ത് കാത്തുനില്‍ക്കവെ ഒരു കുട്ടി മരിക്കുകയാണ്. അമ്മദൈവങ്ങള്‍ എഴുന്നള്ളവേ സ്വന്തം അമ്മയുടെ മടിയില്‍ കിടന്ന് രാമു എന്ന ആ കുട്ടി ദയനീയമായി മരിക്കുന്നു. അകാലവാര്‍ധക്യം ഉണ്ടാക്കുന്ന സ്‌ക്ലീറോഡെര്‍മ്മ എന്ന രോഗം പിടിപെട്ട് രാമു ദയനീയമായി മരിക്കുന്നു. അപ്പുക്കിളിയ്ക്ക് ഈ രോഗമായിരുന്നു. രാമകൃഷ്ണപിള്ള എന്ന മധ്യവയസ്‌കന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മയെന്ന നിലയിലാണ് ഈ കഥയുടെ ആഖ്യാനം. ആ ഓര്‍മയില്‍ അയാള്‍ കുട്ടിക്കാലത്ത് വച്ചു മരിച്ചു പോകുന്നു. ഇവിടയാണ് കഥ ഫാന്റസിയുടെ തലത്തിലേയ്ക്ക് പോകുന്നത്. ഇങ്ങനെയാണ് ആ ഭാഗം അവതരിപ്പിക്കുന്നത്:' ' ആ കുട്ടി, രാമു രാമകൃഷ്ണനെന്ന യുവാവോ, രാമകൃഷ്ണപിള്ള എന്ന മധ്യവയ്‌സകനായോ വളരാതെ എട്ടു വയസ്സുള്ളപ്പോള്‍ത്തന്നെ മരിച്ചു പോയി. രാമകൃഷ്ണപിള്ളയും രാമകൃഷ്ണനും സാധ്യതകള്‍ മാത്രമായിരുന്നു. രാമു മാത്രമായിരുന്നു സത്യം. പാതവക്കത്തെ ചെത്തിത്തേക്കാത്ത പുരയില്‍ വച്ച്, മണ്ണെണ്ണ വിളക്കിന്റെ കറുത്ത വെളിച്ചത്തില്‍, അഴുക്കും പൂപ്പലും പിടിച്ച തഴപ്പായയില്‍, കണ്ണുനീര്‍ വറ്റിയ അമ്മയുടെ മടിയില്‍ രാമുവായിത്തന്നെ കിടന്ന് 'അമ്മ വന്നോ അമ്മ വന്നോ ' എന്നു ചോദിച്ചു കൊണ്ട് അവന്‍ മരിച്ചു.'' അമ്മയിലേക്ക് മടങ്ങാനുള്ള അഥവാ, ഗര്‍ഭപാത്രത്തിലേക്ക് മടങ്ങാനുള്ള ഖസാക്കിയന്‍ ത്വരയാണ് ഇങ്ങനെയൊരു ദുരന്തത്തെ നിര്‍മിക്കുന്നത്. അമ്മയുടെ ചന്ദന വയറ്റില്‍ ചാരിക്കിടന്ന് കരിക്കിന്‍ തൊണ്ടുകളെണ്ണുന്ന രവിയെ നമ്മുക്കറിയാം. മുതിര്‍ന്നാലും മുതിരാത്ത ശൈശവമാണ് ഇവിടെ. യൗവനവും മധ്യവയസ്സും ഒരു സാധ്യത മാത്രമാണെന്ന ഈ നില അവതരിപ്പിക്കാനാണ് ഫാന്റസിയുടെ രൂപഘടന ഉപയോഗിക്കുന്നത്. ബോര്‍ഹസ് കഥകളോട് ബന്ധം പുലര്‍ത്തുന്ന സന്ദര്‍ഭം കൂടിയാണിത്. ബോര്‍ഹസ് തെരഞ്ഞെടുത്ത 'പൂമ്പാറ്റയെ സ്വപ്നം കണ്ട തത്വജ്ഞാനി' എന്ന ഫാന്റസി കഥയുണ്ട്. താന്‍ പൂമ്പാറ്റയായി മാറുന്നത് സ്വപ്നം കണ്ട ഒരാള്‍ ഉണര്‍ന്നെണീക്കുമ്പോള്‍ പൂമ്പാറ്റയെ സ്വപ്നം കണ്ട താനാണോ അതോ പൂമ്പാറ്റ സ്വപ്നം കാണുന്ന താനാണോ ഈ കാണുന്നത് എന്ന് ആശങ്കപ്പെടുന്നു. വി.പി. ശിവകുമാറിന്റെ കഥയില്‍ രാമകൃഷ്ണന്‍ എന്നയാള്‍ ഉണ്ടോ എന്ന സംശയം കാണാം. അതൊരു രാഷ്ട്രീയ സംശയമാണ്. യൗവ്വനം ഒരു ജനതയില്‍ നിന്നും നീക്കം ചെയ്യപ്പെടുകയും അതൊരു സാധ്യത മാത്രമായി മാറുകയും ജീവിതം ഒരു സ്വപ്നമായി മാറുകയും ചെയ്യുമ്പോഴാണ് ഇത്തരം ഫാന്റസികള്‍ ഉണ്ടാകുന്നത്. അപ്പുക്കിളിമാര്‍ മഹത്വവത്കരിക്കപ്പെടുന്ന രാഷ്ടീയ സാഹചര്യത്തില്‍ ജീവിതം സ്വപ്നവും സാധ്യതയുമായി മാറുന്നു. ആധുനികത സ്‌ക്ലീളോഡെര്‍മ്മ എന്ന രോഗമായിരുന്നു. അതു കൊണ്ട് നേട്ടമുണ്ടായവരുണ്ട്, എന്നാല്‍ അതിന്റെ ദുരന്തങ്ങള്‍ അനുഭവിച്ചത് ഞങ്ങളായിരുന്നു എന്ന നിലപാട് ആണ് കഥാകൃത്ത് സ്വീകരിക്കുന്നത്.

രക്തസാക്ഷിത്വവും ബലിയും

നിങ്ങളുടെ അത്ഭുതങ്ങള്‍ ഞങ്ങളു ദുരന്തമാണ് എന്നാണ് വി.പി ശിവകുമാര്‍ പല കഥകളിലൂടെയും പറയുന്നത്. വരമ്പ് എന്ന കഥനോക്കുക. കുട്ടനാട് ചെല്ലുന്നവര്‍ക്ക് നല്ല കാഴ്ചസ്ഥലമാണ്. അത്ഭുതകരമായ സൗന്ദര്യമാണ്. കുട്ടനാട്ടിലെ വരമ്പുകള്‍ തകരാതെ തുടരുന്നത് ബലിയര്‍പ്പിക്കപ്പെടുന്ന മനുഷ്യരാലാണ് എന്ന ഒരു വിശ്വാസം അവിടെ നിലനിന്നിരുന്ന ഒന്നാണ്. എന്നാല്‍, ആ ബലികള്‍ക്ക് പിന്നിലുള്ള മനുഷ്യപ്രയത്‌നത്തെയാണ് ഈ കഥയില്‍ രചയിതാവ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. വരമ്പ് പൊട്ടുമ്പോള്‍ ഓടിയെത്തുന്ന കാര്‍ഷിക ജനതയില്‍ ആദ്യം ഓടിയെത്തുവനെ വരമ്പില്‍ എടുത്തു വച്ചു വരമ്പടയ്ക്കുന്നു. അതു ഒരു ജനതയുടെ നിവൃത്തികേടിന്റേയും അതിജീവനത്തിന്റെയും കഥയാണത്. അല്ലാതെ വരമ്പുകള്‍ നിലനില്‍ക്കുന്നത് ഭദ്രകാളിക്ക് ബലി കൊടുക്കുന്നതു കൊണ്ടല്ല. മനുഷ്യന്റെ ദുരന്തങ്ങളും അതിജീവനങ്ങളും മറച്ചു പിടിക്കുമ്പോഴാണ് ഭദ്രകാളിയുടെ അത്ഭുതമായി കുട്ടനാട് മാറുന്നത്. സൃഷ്ടിയുടെ അത്ഭുതമല്ല സൃഷ്ടിക്കുന്ന മനസ്സാണ് പ്രധാനമെന്ന് പറയാനാണ് 'പ്രതിഷ്ഠ ' എന്ന കഥ അദ്ദേഹം എഴുതിയത്. ഏറ്റവും മുന്നിലായി ഓടിയെത്തുന്ന വ്യക്തി രക്തസാക്ഷികളാകുന്നു. ഏറ്റവും മുന്നിലായി ഓടി എത്തുന്ന എഴുത്തുകാരുടെ അവസ്ഥയും ഇതു തന്നെയാണ്. വി.പി ശിവകുമാര്‍ ഏറ്റവും മുന്നിലായി ഓടിയെത്തിയതുകൊണ്ട് രക്തസാക്ഷിത്വം വരിച്ച എഴുത്തുകാരനാണ്. നാമിന്ന് വീണ്ടെടുപ്പിനായി ശ്രമം തുടരുമ്പോഴും വി.പി ശിവകുമാര്‍ എന്ന എഴുത്തുകാരനെ ഈ വിധി പിന്‍തുടരുകയാണ്. രക്തസാക്ഷിത്വത്തെ ബലിയാക്കി, അത്ഭുതമാക്കി മാറ്റുന്ന പ്രവര്‍ത്തനം ചരിത്രത്തില്‍ ഉണ്ട്.


ശിവകുമാറിനെക്കുറിച്ച് അന്‍വര്‍ അലി എഴുതുന്ന ഒരു ലേഖനം കഥാസമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വി.പി ശിവകുമാര്‍ ആധുനികതാപ്രസ്ഥാനത്തെ എതിര്‍ത്തപ്പോള്‍ താനടക്കമുള്ളവര്‍ അതിനെ അന്നു വിമര്‍ശിച്ചു എന്ന് അതില്‍ പറയുന്നു. എന്നാല്‍, വി.പി ശിവകുമാറായിരുന്നു ശരി എന്നു ഇന്നു മനസ്സിലാകുന്നു എന്നു അദ്ദേഹം നിരീക്ഷിക്കുന്നു. പക്ഷെ, സ്വന്തമായ ശൈലി കണ്ടെത്തണം, ഭാഷകണ്ടെത്തണം, സ്വന്തമായ ധിക്കാരങ്ങള്‍ നിര്‍മിക്കണം എന്ന വി.പി ശിവകുമാറിന്റെ ആശയങ്ങളെ ഉദ്ധരിച്ചു കൊണ്ട് വി.പി ശിവകുമാറിനെ ഇന്നത്തെ ദലിത് വംശീയവാദത്തോട് ചേര്‍ത്തു വയ്ക്കുകയാണ് മേല്‍ പറഞ്ഞ ലേഖകന്‍. വീണ്ടെടുക്കുന്നതു വിഗ്രഹമാക്കാനായി മാറുന്നത് കാണാം. അധഃസ്ഥിത ജീവിതത്തിന്റെ അടയാളങ്ങള്‍ കഥയില്‍ സൃഷ്ടിക്കണമെന്നു വി.പി ശിവകുമാര്‍ പറയുന്നത് ദലിത് വംശീയതയുടെ ഗര്‍ഭപാത്രത്തിലേയ്ക്കു മടങ്ങണമെന്ന അര്‍ഥത്തിലല്ല. വെട്ടിയാലും മുറിയാത്ത സ്‌നേഹം എന്നതുപോലുള്ള മൗലികമായ ബിംബങ്ങള്‍ സി. അയ്യപ്പനെ മുന്‍നിര്‍ത്തി വി.പി ശിവകുമാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വൈദേശിക അനുകരണമായ ആധുനികതാ പ്രസ്ഥാനത്തിന്റെ വിപരീതം എന്ന നിലയിലാണ് സ്വകീയമായ രചനാശൈലിയെ വി.പി ശിവകുമാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ലാറ്റിനമേരിക്കന്‍ സാഹിത്യം പോലെ മൗലികമായ സാഹിത്യരചന ഇവിടെയും ഉണ്ടാകണം, അനുകരണമല്ല വേണ്ടത് എന്ന നിലപാടായിരുന്നു വി.പി ശിവകുമാറിന്. വി.പി ശിവകുമാറിനെ വീണ്ടെടുക്കുമ്പോഴും അതു വി.പി ശിവകുമാറിന് വിപരീതമായിത്തീരരുത്. ഏറ്റവും മുന്നിലായി ഓടിയെത്തുന്നവന്റെ രക്തസാക്ഷിത്വത്തെ ഭദ്രകാളിക്കു മുന്നിലുള്ള ബലികര്‍മമാക്കുന്നതുപോലുള്ള പ്രവര്‍ത്തനമാണത്. വി.പി ശിവകുമാര്‍ പ്രതിഷ്ഠയും ബലികര്‍മവും ആകരുത്, സൃഷ്ടിക്കുന്ന പ്രക്രിയയും അതിജീവനവുമാകണം.


TAGS :

Next Story