Quantcast

ലണ്ടന്‍ മാരത്തണില്‍ ചരിത്രനേട്ടം സ്വന്തമാക്കി കിപ്‌ചോഗെ

മാരത്തണ്‍ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മികച്ച സമയത്തിലാണ് കിപ്‌ചോഗെ ലണ്ടന്‍ മാരത്തണ്‍ ഫിനിഷ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    28 April 2019 1:33 PM GMT

ലണ്ടന്‍ മാരത്തണില്‍ ചരിത്രനേട്ടം സ്വന്തമാക്കി കിപ്‌ചോഗെ
X

ലണ്ടന്‍ മാരത്തണില്‍ നാല് തവണ കിരീടം നേടുന്ന ആദ്യ ദീര്‍ഘദൂരഓട്ടക്കാരനെന്ന ചരിത്രനേട്ടം സ്വന്തമാക്കി കെനിയയുടെ എലൂദ് കിപ്‌ചോഗെ. മാരത്തണിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മികച്ച സമയത്തിലാണ്(2 മണിക്കൂര്‍ 2 മിനുറ്റ് 37 സെക്കന്റ്) എലൂദ് കിപ്‌ചോഗെ ലണ്ടന്‍ മാരത്തണ്‍ ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തില്‍ കെനിയയുടെ ബ്രിജിഡ് കൊസേഗിയാണ്(2:18:20) ഒന്നാമതെത്തിയത്.

എലൂദ് കിപ്‌ചോഗെ

ബര്‍ലിന്‍ മാരത്തണിലാണ് കിപ്‌ചോഗെ ലോകറെക്കോഡ് സമയം(2:01:39) കുറിച്ചത്. ബര്‍ലിനെ അപേക്ഷിച്ച് വളവുകളും കയറ്റിറക്കങ്ങളുമുള്ളതിനാല്‍ ശരാശരി വേഗത കുറഞ്ഞ മാരത്തണായാണ് ലണ്ടന്‍ വിലയിരുത്തപ്പെടുന്നത്. എന്നിട്ടും മികച്ച സമയത്തില്‍ നാലാമതും ഒന്നാമതെത്താന്‍ 34കാരനായ കിപ്‌ചോഗെക്ക് കഴിഞ്ഞു. നേരത്തെ 2015, 2016, 2018 വര്‍ഷങ്ങളിലാണ് ലണ്ടന്‍ മാരത്തണില്‍ കിപ്‌ചോഗെ ഒന്നാമതെത്തിയിരുന്നത്.

എതോപ്യന്‍ ദീര്‍ഘദൂര ഓട്ടക്കാരായ മൊസിനെറ്റ് ജെറെമ്യു(2:02:55) മൂള്‍ വാസിഹുന്‍(2:03:16) എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. മാരത്തണ്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ രണ്ട്, മൂന്ന് സ്ഥാനങ്ങളാണിത്. ആതിഥേയരായ ബ്രിട്ടന്റെ പ്രതീക്ഷയായിരുന്ന വിഖ്യാതതാരം മോ ഫറക്ക് കിപ്‌ചോഗെയുടേയും കൂട്ടരുടേയും അതിവേഗത്തിനൊപ്പം മുന്നില്‍ 14 മൈല്‍ വരെ മാത്രമേ പിടിച്ചു നില്‍ക്കാനായുള്ളൂ. അഞ്ചാമനായാണ് മോ ഫറ ഫിനിഷ് ചെയ്തത്.

ലണ്ടനില്‍ കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബ്രിജിഡ് കൊസേഗി ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തുകയായിരുന്നു. നിലവിലെ ചാമ്പ്യനായ വിവിയന്‍ ചെരിയോട്ടിന്(2:20:14) ഇക്കുറി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എതോപ്യയുടെ റോസ ദെരജെക്കാണ്(2:20:51) മൂന്നാം സ്ഥാനം.

TAGS :

Next Story