Quantcast

പറക്കും കാറുകളുടെ കാലം അകലെയല്ല; ഞെട്ടിക്കും പ്രകടനവുമായി മസ്‌കിൻ്റെ ടെസ്‌ല റോഡ്സ്റ്റര്‍

ഭാവിയില്‍ പറക്കും കാറുകളുമുണ്ടാകുമെന്ന കമൻ്റോടെയാണ് മസ്‌ക് വീഡിയോ പോസ്റ്റ് ചെയ്തത്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-10-16 13:47:46

Published:

16 Oct 2026 4:20 PM IST

Elon Musks Tesla Roadster Flies, Flips Mid-Air
X

പറക്കും കാര്‍ എന്ന സങ്കല്‍പ്പം അകലെയല്ലെന്ന പ്രസ്താവനയോടെ ടെസ്‌ലയുടെ അടുത്ത തലമുറ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറായ റോഡ്സ്റ്ററിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. റോഡ്സ്റ്റര്‍ കാര്‍ ആകാശത്തേക്ക് പറന്നുയരുന്നതും ഫ്‌ലിപ്പ് ചെയ്യുന്നതുമായ പരീക്ഷണ ദൃശ്യങ്ങളാണ് മസ്‌ക് പങ്കുവെച്ചത്. ടെസ്‌ലയും മസ്‌കിന്റെ തന്നെ കമ്പനിയായ സ്‌പേസ് എക്‌സും സംയുക്തമായി വികസിപ്പിച്ച സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പ്രകടനം. ഇന്നലെ ടെക്‌സസിലെ സ്‌പേസ് എക്‌സിന്റെ പരീക്ഷണ കേന്ദ്രത്തില്‍ നടന്ന പ്രദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ മസ്‌ക് എക്‌സില്‍ പങ്കുവച്ചു. ഭാവിയില്‍ പറക്കും കാറുകളുമുണ്ടാകുമെന്ന കമന്റോടെയാണ് മസ്‌ക് വീഡിയോ പോസ്റ്റ് ചെയ്തത്.

റോഡ്സ്റ്റര്‍ കാര്‍ റോഡില്‍ തലകീഴായി സഞ്ചരിക്കുന്നതും വായുവിലേക്ക് ഉയര്‍ന്ന് പറന്നിറങ്ങുന്നതുമായ ദൃശ്യങ്ങളാണ് പങ്കുവെച്ചത്. പ്രത്യേകമായി തയ്യാറാക്കിയ വളഞ്ഞ റാമ്പിലൂടെ മുകളിലേക്ക് കയറിയാണ് കാര്‍ വായുവിലൂടെ പറന്നിറങ്ങിയത്. വാഹനത്തിന്റെ അടിഭാഗത്ത് വായു വലിച്ചെടുക്കുന്ന സക്ഷന്‍ സംവിധാനമാണ് തലകീഴായ പ്രതലത്തില്‍ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് സ്‌പേസ് എക്‌സ് വികസിപ്പിച്ച കംപ്രസ് ചെയ്ത വാതകം ഉപയോഗിക്കുന്ന ത്രസ്റ്ററുകളുടെ സഹായത്തോടെ വാഹനം വായുവിലേക്ക് ഉയരുകയും നിലത്തിറങ്ങുകയും ചെയ്തു. സാധാരണ ഇലക്ട്രിക് കാറുകളില്‍നിന്ന് വ്യത്യസ്തമായി, വാഹനം ഉയര്‍ത്താനും അതിന്റെ ചലനം നിയന്ത്രിക്കാനും പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതാണ് ഈ പരീക്ഷണത്തിന്റെ സവിശേഷത. നിര്‍ത്തിയിട്ട ഏതാനും വാഹനങ്ങള്‍ക്ക് മുകളിലൂടെ ഉയര്‍ന്ന് പറന്ന് തലകീഴായി മറിഞ്ഞ് സുരക്ഷിതമായി നിലത്തിറങ്ങുന്ന റോഡ്‌സ്റ്റര്‍ കാറിന്റെ ദൃശ്യങ്ങളുമുണ്ട്.

വാഹനത്തെ വായുവിലേക്ക് ഉയര്‍ത്താനും ചലനം നിയന്ത്രിക്കാനും പ്രത്യേക ത്രസ്റ്ററുകളുമാണ് ഉപയോഗിക്കുന്നത്. ഏകദേശം 600 ലിറ്റര്‍ കംപ്രസ് ചെയ്ത വായു ഉള്‍ക്കൊള്ളുന്ന സംവിധാനമാണ് പ്രോട്ടോടൈപ്പിലുള്ളതെന്ന് ടെസ്‌ലയുടെ എന്‍ജിനീയറിങ് വിഭാഗം മേധാവി ലാര്‍സ് മൊറാവി പറയുന്നു. വാഹനത്തിന്റെ വേഗതയും പ്രകടനശേഷിയും വര്‍ധിപ്പിക്കാനുള്ള സാങ്കേതികവിദ്യകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷണത്തില്‍ കാണിച്ച പ്രകടനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന വാഹനത്തിലും അതേപടി ലഭ്യമാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

റോഡ്സ്റ്ററിന്റെ പെര്‍ഫോമന്‍സ്, ത്രസ്റ്റ്, റോക്കറ്റ് എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ടെസ്‌ല അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ റോഡ് ഉപയോഗം ലക്ഷ്യമിടുന്ന പെര്‍ഫോമന്‍സ് പതിപ്പിനും കൂടുതല്‍ പ്രകടനശേഷിയുള്ള ത്രസ്റ്റ് പതിപ്പിനും പുറമെ, ത്രസ്റ്ററുകള്‍ ഉപയോഗിച്ച് വായുവിലേക്ക് ഉയരാനുള്ള സംവിധാനങ്ങളുള്ള റോക്കറ്റ് പതിപ്പും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. റോക്കറ്റ് പതിപ്പില്‍ ഒരാള്‍ക്കു മാത്രമാണ് യാത്ര ചെയ്യാനാകുക. കാറിന്റെ വാണിജ്യ ഉല്‍പ്പാദനം 2028ല്‍ ആരംഭിക്കാനാണ് ടെസ്‌ല ലക്ഷ്യമിടുന്നത്. നിലവില്‍, വായുവിലൂടെ ഏറെനേരം സഞ്ചരിക്കുന്ന സാങ്കേതികവിദ്യ റോഡ്‌സ്റ്ററിലില്ല. എന്നാല്‍, ഭാവിയില്‍ അത്തരം സാങ്കേതികവിദ്യയിലേക്കുള്ള ചുവടുവെപ്പായാണ് റോഡ്‌സ്റ്ററിന്റെ രംഗപ്രവേശനത്തെ വാഹനലോകം കാണുന്നത്.

TAGS :

Next Story