Quantcast

ഇലക്ട്രിക് തകരാർ തിരിച്ചടിയായി; മാരുതി 1.80 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു

മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കൽ

MediaOne Logo

Web Desk

  • Updated:

    2021-09-03 14:55:25.0

Published:

3 Sep 2021 10:57 AM GMT

ഇലക്ട്രിക് തകരാർ തിരിച്ചടിയായി; മാരുതി 1.80 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു
X

മുംബൈ: മാരുതി സുസുകി കമ്പനി ഇലക്ട്രിക് തകരാറ് മൂലം തങ്ങളുടെ 1.80 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമോട്ടീവ് മാനുഫാക്‌ടേഴ്‌സ് (SIAM) കണക്കുകൾ പ്രകാരം രാജ്യത്തെ പ്രധാന വാഹന നിർമാതാക്കൾ നടത്തുന്നത്‌ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കലുകളിൽ ഒന്നാണ്.

പെട്രോൾ വാഹന ഗണത്തിൽപ്പെടുന്ന സിയാസ്, എർട്ടിഗ, വിറ്റാരാ ബ്രസ്സ, എസ്‌ക്രോസ്, എക്‌സ് എൽ സിക്‌സ് എന്നിവയുടെ 2018 മെയ് നാലു മുതൽ 2020 ഒക്‌ടോബർ 27 വരെയിറങ്ങിയ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.

നവംബർ ആദ്യ വാരം മുതൽ തകരാറുള്ള ഭാഗം മാറ്റിനൽകുമെന്ന് കമ്പനി അറിയിച്ചു. മാരുതി സുസുകി വർക്‌ഷോപ്പുകൾ വഴി മോട്ടോർ ജനറേറ്റർ യൂനിറ്റ് സൗജന്യമായാണ് മാറ്റി നൽകുക. അതുവരെ വെള്ളക്കെട്ടിലൂടെയും ഇലക്‌ട്രോണിക് ഭാഗങ്ങളിൽ വെള്ളം തെറിക്കുന്ന തരത്തിലും വാഹനം ഓടിക്കരുതെന്ന് കമ്പനി ഉപഭോക്താക്കളോട് അപേക്ഷിച്ചു.

പിഴവ് സംശയിക്കപ്പെടുന്ന വാഹനങ്ങളുടെ ഉടമകൾക്ക് കമ്പനി വെബ്‌സൈറ്റുകളിൽ 'Imp Customer Info' സെക്ഷൻ സന്ദർശിക്കാം. എർട്ടിഗ, വിറ്റാര ബ്രസ്സ ഉടമകൾ http://www.marutisuzuki.com എന്ന വെബ്‌സൈറ്റും സിയാസ്, എക്‌സ്എൽ സിക്‌സ്, എസ് ക്രോസ് ഉടമകൾ http://www.nexaexperience.com എന്ന വെബ്‌സൈറ്റും സന്ദർശിച്ച് തങ്ങളുടെ വാഹനത്തിന്റെ ചേസിസ് നമ്പർ നൽകണം. ഇവ വാഹനത്തിന്റെ ഐഡി പ്ലെയിറ്റിലും ഇൻവോയിസ്‌രജിസ്‌ട്രേഷൻ രേഖകളിലും കാണാം.

ഈ വർഷം ഏപ്രിലിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാഹനം തിരിച്ചുവിളിക്കൽ പോളിസി നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടാൽ നിർമാതാക്കൾ വാഹനം തിരിച്ചുവിളിച്ചു പ്രശ്‌നം പരിഹരിക്കണമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്.

മാരുതി സുസുകി 2020 ൽ 1,35,000 വാഗനർ, ബലേനോ കാറുകൾ തിരിച്ചുവിളിച്ചിരുന്നു. വോക്‌സ് വാഗനും സ്‌കോഡയും 2016 ൽ നടത്തിയതാണ് രാജ്യത്തെ ഏറ്റവും വലിയ തിരിച്ചുവിളിക്കൽ. ഡീസൽ ഗണത്തിൽപ്പെട്ട 2,85,000 വാഹനങ്ങളാണ് സോഫ്റ്റ്‌വെയർ നവീകരിക്കാനായി വിളിച്ചുവരുത്തിയതെന്ന് സിയാം കണക്കുകൾ പറയുന്നു. പുക പരിശോധനയിൽ വഞ്ചന കാണിക്കാൻ സോഫ്റ്റ്‌വെയറുകൾ സജ്ജീകരിച്ചത് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി.

Next Story