Quantcast

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇ.വി കാർ; എട്ട്​ വർഷത്തെ ബാറ്ററി വാറന്റി, പ്രത്യേകതകൾ ഇങ്ങനെ..

ഓഗസ്റ്റ് 31 ന് വാഹനം ഔദ്യോഗികമായി പുറത്തിറക്കും

MediaOne Logo

Web Desk

  • Published:

    18 Aug 2021 2:49 PM GMT

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇ.വി കാർ; എട്ട്​ വർഷത്തെ ബാറ്ററി വാറന്റി, പ്രത്യേകതകൾ ഇങ്ങനെ..
X

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇ.വി കാർ എന്ന പ്രത്യേകതയുമായി തിഗോർ ഇ.വി അവതരിപ്പിച്ച്​ ടാറ്റ മോട്ടോഴ്​സ്​. നെക്​സൺ ഇ.വിയിൽ പ്രവർത്തിക്കുന്ന സിപ്​ട്രോൺ പവർട്രെയിനാണ്​ തിഗോറിലും ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ഇ.വി ഓഗസ്റ്റ് 31 ന് ഔദ്യോഗികമായി പുറത്തിറക്കും. ​പ്രകൃതിദത്ത ഇന്ധനം ഉപയോഗിക്കുന്ന തിഗോറിന്റെ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തിയാണ്​ ഇ.വി നിരത്തിലിറക്കുന്നത്.

ഇൻറീരിയർ രൂപകൽപ്പനയിൽ ചില ബ്ലൂ ആക്​സൻറുകൾ ഒഴിച്ചുനിർത്തിയാൽ പരമ്പരാഗത തിഗോറിന്​ തുല്യമാണ്​ ഇ.വി പതിപ്പും. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാല്​ സ്​പീക്കറുകൾ, നാല്​ ട്വീറ്ററുകൾ, ഐആർഎ കണക്റ്റഡ് കാർ ടെക്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയവയാണ്​ മറ്റ്​ സവിശേഷതകൾ.

ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിങ്​ സെൻസറുകൾ, റിയർ പാർക്കിങ്​ ക്യാമറ, സീറ്റ് ബെൽറ്റ് വാണിങ്​ എന്നിവയും സുരക്ഷക്കായി ടിഗോറിൽ ഒരുക്കിയിട്ടുണ്ട്. ഹെഡ്‌ലാമ്പുകൾക്കുള്ളിലും 15 ഇഞ്ച് അലോയ് വീലുകളിലും നീല ഹൈലൈറ്റുകളും വാഹനത്തിലുണ്ട്​. പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും പരിഷ്​കരിച്ച ഡിആർഎല്ലുകളും പ്രത്യേകതയാണ്​.


സിപ്‌ട്രോൺ വാഹനങ്ങൾക്ക് കുറഞ്ഞത് 250 കിലോമീറ്റർ റേഞ്ച്​ ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്​സ്​ നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ തിഗോറിന്റെ കൃത്യമായ റേഞ്ച്​ കമ്പനി ഇനിയും പുറത്തുവിട്ടിട്ടില്ല. ഫാസ്റ്റ് ചാർജിങ്​ സംവിധാനമാണ്​ മറ്റൊരു പ്രത്യേകത. തിഗോർ ഇ.വി 60 മിനിറ്റിൽ 80 ശതമാനം വരെ ചാർജ്​ ചെയ്യാനാകും. അതേസമയം സാധാരണ ഗാർഹിക ചാർജിങ്​ ഉപയോഗിച്ചാൽ 7 മുതൽ 8 മണിക്കൂർ വരെ എടുക്കും. നെക്‌സണി​ലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്‌ട്രോൺ ടെകിന്റെ പ്രത്യേകതയാണ്​. ഇതും തിഗോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

സിപ്‌ട്രോൺ കരുത്തുള്ള നെക്‌സൺ ഇ.വിയുടെ വില 13.99-16.85 ലക്ഷം രൂപയാണ്​. സാധാരണ തിഗോർ ഇ.വിയുടെ വില 7.82 ലക്ഷം രൂപയും. ഇതിന്​ രണ്ടിലും ഇടയിലായിരിക്കും പുതിയ തിഗോറിന്റെ വിലയെന്നാണ്​ സൂചന. ഇന്ത്യയിലെ സ്വകാര്യ ഉപഭോക്​താക്കൾക്ക് ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഇ.വിയാകും തിഗോർ എന്നാണ്​ സൂചന.


നെക്​സൺ vs തിഗോർ

നെക്​സണിൽ, സിപ്​ട്രോൺ പവർട്രെയിൻ 95kW ഇലക്ട്രിക് മോട്ടോറും 30.2kWh ലിഥിയം അയൺ ബാറ്ററി പാക്കുമാണ്​ ഉപയോഗിക്കുന്നത്​. 127 bhp കരുത്തും 245Nm ടോർക്കും വാഹനം ഉത്പാദിപ്പിക്കും. ഒറ്റ ചാർജിൽ 312 കിലോമീറ്റർ ആണ്​ റേഞ്ച്​. എന്നാൽ ഈ സവിശേഷതകൾ തിഗോറിൽ ഉണ്ടാകില്ല. തിഗോറിൽ 26kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ടാറ്റ വാഗ്ദാനം ചെയ്യുന്നു. ടിഗോറിലെ മോട്ടോർ 75 എച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉത്​പ്പാദിപ്പിക്കും. 5.7 സെക്കൻഡിൽ 0 മുതൽ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിനാകും. കൂടാതെ ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറും IP67 റേറ്റിങും ഉണ്ട്. എട്ട്​ വർഷം/ 1,60,000 കിലോമീറ്റർ ബാറ്ററി, മോട്ടോർ വാറൻറിയും ടാറ്റ വാഗ്​ദാനം ചെയ്യുന്നു.

TAGS :

Next Story