കീശ ചോരാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാം; ഓര്‍ബിറ്റര്‍ വി1 അവതരിപ്പിച്ച് ടിവിഎസ്, വില 50,000ല്‍ താഴെ
ബാറ്ററിയുടെ വില ഒഴിവാക്കി സ്‌കൂട്ടര്‍ മാത്രം കുറഞ്ഞ വിലക്ക് വാങ്ങാവുന്ന 'ബാസ്' പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ്

- Published:
13 March 2026 6:13 PM IST

വന്‍ വിലക്കുറവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ടിവിഎസ്. തങ്ങളുടെ നിലവിലുള്ള സിറ്റി കമ്യൂട്ടറായ ഓര്‍ബിറ്റര്‍ വി2 വിന്റെ റേഞ്ച് കുറഞ്ഞ പതിപ്പായ ഓര്‍ബിറ്റര്‍ വി1നെയാണ് ടിവിഎസ് കളത്തിലിറക്കിയിരിക്കുന്നത്. ബാറ്ററിക്ക് വാടക നല്‍കേണ്ടുന്ന 'ബാസ്' (ബാറ്ററി ആസ് എ സര്‍വീസ്) പാക്കേജില്‍ 49,999 രൂപയാണ് ഓര്‍ബിറ്റര്‍ വി1ന്റെ എക്‌സ് ഷോറൂം വില. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ വാഹനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് 'ബാസ്' പാക്കേജ് അവതരിപ്പിച്ചതെന്ന് ടിവിഎസ് പറയുന്നു. ബാസ് പ്ലാന്‍ ഇല്ലാതെ കൊച്ചിയില്‍ 88,500 രൂപയാണ് എക്‌സ് ഷോറൂം വില.
നഗരത്തിലെ ചെറിയ യാത്രകള്‍ക്കായി അവതരിപ്പിക്കുന്ന ഓര്‍ബിറ്റര്‍ വി1ല്‍ 1.8 kwh ബാറ്ററിയാണുള്ളത്. 86 കി.മീറ്ററാണ് ഐഡിസി റേഞ്ച്. ബാറ്ററി 80 ശതമാനം ചാര്‍ജാകാന്‍ രണ്ട് മണിക്കൂര്‍ 20 മിനിറ്റെടുക്കും. മാര്‍ഷ്യന്‍ കോപ്പര്‍, സ്റ്റെല്ലാര്‍ സില്‍വര്‍ എന്നീ രണ്ട് നിറങ്ങളിലാണ് ഓര്‍ബിറ്റര്‍ വി1 എത്തുന്നത്. നേരത്തെ വിപണിയിലെത്തിയ ഓര്‍ബിറ്റര്‍ വി2വില്‍ 3.1 kwh ബാറ്ററിയാണുള്ളത്. ഇത് 158 കി.മി ഐഡിസി റേഞ്ച് നല്‍കും.
മിനിമലിസ്റ്റ് ഡിസൈനാണ് ഓര്‍ബിറ്റര്‍ മോഡലുകള്‍ക്ക് ടിവിഎസ് നല്‍കിയത്. 845 എംഎം നീളമുള്ള സീറ്റ്, വിശാലമായ ഫ്‌ളാറ്റ് ഫൂട്ട് ബോര്‍ഡ്, അപ്‌റൈറ്റ് ഹാന്‍ഡില്‍ ബാര്‍ എന്നില യാത്ര സുഖകരമാക്കും. സീറ്റിനടിയില്‍ 34 ലീറ്ററിന്റെ സ്റ്റോറേജ് സൗകര്യമുണ്ട്. രണ്ട് ഹെല്‍മറ്റുകള്‍ ഇതില്‍ വെക്കാനാകുമെന്ന് ടിവിഎസ് പറയുന്നു. കണക്റ്റഡ് മൊബൈല്‍ ആപ്പ്, വൈസറോടു കൂടിയ ഫ്രണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇന്‍കമിങ് കോള്‍ ഡിസ്‌പ്ലേയോടു കൂടിയ കളര്‍ എല്‍സിഡി ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.
ബാറ്ററിക്ക് വാടക നല്‍കേണ്ടുന്ന 'ബാസ്' പാക്കേജ് പ്രകാരമാണ് ഓര്‍ബിറ്റര്‍ വി1 വാങ്ങുന്നതെങ്കില്‍ പ്രതിമാസം 862 രൂപയില്‍ തുടങ്ങുന്ന പാക്കേജ് സബ്‌സ്‌ക്രൈബ് ചെയ്യണം. ബാറ്ററിക്ക് അഞ്ച് വര്‍ഷം അല്ലെങ്കില്‍ 70,000 കിലോമീറ്റര്‍ വരെ ദീര്‍ഘിപ്പിക്കാവുന്ന വാറന്റിയും നല്‍കുന്നുണ്ട്. മാസം പരിധിയില്ലാത്ത കിലോമീറ്റര്‍ ഉയോഗിക്കാനുമാകും. 60 മാസത്തെ ബാസ് സബ്‌സ്‌ക്രിപ്ഷന്‍ കാലയളവ് പൂര്‍ത്തിയായാല്‍ ബാറ്ററി ഉടമസ്ഥത സ്‌കൂട്ടറുടമയ്ക്ക് നല്‍കുമെന്ന് ടിവിഎസ് പറയുന്നു.
Adjust Story Font
16
