Quantcast

മെഴ്‌സിഡസിൽ നിന്ന് എഞ്ചിനീയർമാരെ റാഞ്ചി, ടൊയോട്ടയുമായി ചർച്ച തുടങ്ങി; വരുന്നു ആപ്പിള്‍ കാർ

2014ലാണ് കാര്‍ നിര്‍മാണം ലക്ഷ്യമിട്ട് പ്രൊജക്ട് ടൈറ്റാൻ എന്ന രഹസ്യപദ്ധതിക്ക് ആപ്പിൾ രൂപം നൽകിയത്.

MediaOne Logo

Web Desk

  • Published:

    5 Sep 2021 11:26 AM GMT

മെഴ്‌സിഡസിൽ നിന്ന് എഞ്ചിനീയർമാരെ റാഞ്ചി, ടൊയോട്ടയുമായി ചർച്ച തുടങ്ങി; വരുന്നു ആപ്പിള്‍ കാർ
X

ബ്രാൻഡിങ്ങിന്റെ അപാരത കൊണ്ട് നമ്മുടെ ചിന്തകളെ പോലും അട്ടിമറിച്ച കമ്പനിയാണ് ആപ്പിൾ. ആപ്പിൾ എന്നു കേൾക്കുമ്പോൾ ഐസക് ന്യൂട്ടന്റെ തലയിൽ വീണ ആപ്പിളാണോ അതോ സ്റ്റീവ് ജോബ്‌സ് വികസിപ്പിച്ചെടുത്ത ആപ്പിളാണോ എന്ന് ഒരു വേള ശങ്കിക്കും. അത്രയ്ക്കുണ്ട് ആപ്പിൾ എന്ന ടെക്‌നോളജി ബ്രാൻഡ് നമുക്കിടയിൽ ചെലുത്തിയ സ്വാധീനം.

ഏതായാലും ടെക് ലോകത്തിനൊപ്പം വാഹനലോകത്തിന്റെ പുതിയ നിരത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് ആപ്പിൾ. 2024ഓടെ ആപ്പിൾ കാറുകൾ പുറത്തിറക്കാനുള്ള ആലോചനയിലാണ് കമ്പനിയെന്ന് ഡിജിടൈംസ് ഏഷ്യ റിപ്പോർട്ട് ചെയ്തു.

വരുമ്പോള്‍ അത് ഒരൊന്നൊന്നര വരവായിരിക്കണമല്ലോ. ഡിസൈനിലും ഉപയോഗത്തിലും ശേഷിയും സാമ്പ്രദായികമായ എല്ലാ സങ്കല്‍പ്പങ്ങളെയും അട്ടിമറിക്കുന്ന കാറാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. ഇതിനായി ഏഷ്യയിലെ വാഹന വമ്പന്മാരായ ടൊയോട്ടയുമായി ആപ്പിൾ ചർച്ച നടത്താന്‍ തീരുമാനിച്ചു കഴിഞ്ഞു. ഓട്ടോമാറ്റിക് കാറുകൾ സംയുക്തമായി എങ്ങനെ നിർമിക്കാനാകും എന്നാണ് ആലോചന.


പദ്ധതിക്കു വേണ്ടി മെഴ്‌സിഡസിൽ നിന്ന് എണ്ണംപറഞ്ഞ രണ്ട് എഞ്ചിനീയർമാരെയാണ് ഈയിടെ ആപ്പിൾ റാഞ്ചിയത്. സ്‌പെഷ്യൽ പ്രൊജക്ട് ഗ്രൂപ്പിലെ പ്രൊഡക്ട് ഡിസൈൻ എഞ്ചിനീയർമാരായാണ് ഇവർ ജോലി ചെയ്യുന്നത്. ഇതിലൊരാൾക്ക് പോർഷെയിൽ ജോലി ചെയ്ത അനുഭവസമ്പത്തുണ്ട്. പ്രോജക്ടിൽ ജോലി ചെയ്തിരുന്ന നിരവധി പേർ നേരത്തെ ആപ്പിൾ വിട്ടതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. നിശ്ചയിച്ച സമയത്തിനുള്ളിൽ കാർ പുറത്തിറക്കാൻ ആകുമോ എന്ന സന്ദേഹവുമുണ്ടായിരുന്നു. ഇതിനിടെയാണ് കമ്പനി അധികൃതർ ടൊയോട്ടയുമായി ചർച്ചകൾ ആരംഭിക്കുന്നതും മറ്റു കമ്പനികളില്‍ നിന്ന് വിദഗ്ധരെ റാഞ്ചിയെടുക്കുന്നതും.

2014ലാണ് പ്രൊജക്ട് ടൈറ്റാൻ എന്ന പേരില്‍ കാര്‍ നിര്‍മാണ പദ്ധതിക്ക് ആപ്പിൾ രൂപം നൽകുന്നത്. കാലിഫോര്‍ണിയയിലെ കൂപ്പറ്റിനോ ഓഫീസിൽ നിരവധി വിദഗ്ധരാണ് ഇതിന്റെ ഗവേഷണത്തിലുള്ളത്. നേരത്തെ ആഭ്യന്തര പ്രശ്‌നങ്ങളും നേതൃവിഷയങ്ങളും പദ്ധതിയെ സാരമായി ബാധിച്ചുവെന്ന് വാഹനവെബ്‌സൈറ്റുകൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016ൽ പദ്ധതി ആപ്പിൾ ഉപേക്ഷിക്കുകയാണ് എന്ന വാർത്തയുമുണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രതിസന്ധികൾ കമ്പനി മെല്ലെ മറികടന്നു എന്നാണ് റിപ്പോർട്ട്.


ആപ്പിൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷിൻ ലേണിങ് മേധാവി ജോൺ ജിയന്നൻഡ്രിയക്ക് കീഴിലാണ് ഇപ്പോൾ പദ്ധതി മുമ്പോട്ടു പോകുന്നത്. ആപ്പിൾ വാച്ച് പദ്ധതി സൂപ്പർ വൈസർ കെവിൻ ലിഞ്ചും പദ്ധതിയിൽ ചേർന്നിട്ടുണ്ട്. വാഹനം നിർമിക്കാൻ തങ്ങളുടെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരെ തന്നെ ആപ്പിൾ ഉപയോഗിക്കുന്നുണ്ട് എന്നർത്ഥം.

2024ൽ കാർ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ 2025-27ൽ മാത്രം കാർ പ്രതീക്ഷിച്ചാൽ മതിയെന്നാണ് ആപ്പിൾ വിശകലന വിദഗ്ധൻ മിങ് ചി കുവോ പറയുന്നത്.


കാറിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ആപ്പിൾ ഹുണ്ടായിയുമായി ചർച്ച നടത്തുന്നത്. 'നെക്സ്റ്റ് ലെവൽ' ബാറ്ററി സാങ്കേതികവിദ്യ തന്നെ ഉപയോഗിക്കാനാണ് ആലോചന. ഹുണ്ടായിയുടെ ഇ-ജിപിഎം ഇലക്ട്രിക് വെഹികിൾ പ്ലാറ്റ്‌ഫോമിലാകും ആപ്പിൾ കാറുകളുടെ നിർമാണത്തിന്റെ ആദ്യഘട്ടം എന്നാണ് കരുതപ്പെടുന്നത്.

2017ൽ കാലിഫോർണിയൻ നിരത്തിൽ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുടെ പരിശോധന ആപ്പിൾ നടത്തിയിരുന്നു. യുഎസ് കാർ റെന്റൽ കമ്പനിയായ ഹെർട്‌സിൽ നിന്ന് വാടകക്കെടുത്ത കാറുകൾ ഉപയോഗിച്ചായിരുന്നു പരിശോധന. സെൻസറുകളും ക്യാമറകളും ഘടിപ്പിച്ച 60 വാഹനങ്ങളിലായിരുന്നു ആപ്പിളിന്റെ പരീക്ഷണം.

TAGS :

Next Story