Quantcast

കാർ മേധാവിയെ റാഞ്ചി ഫോർഡ്; ട്രാക്ക് തെറ്റുമോ ആപ്പിൾ കാർ

ഫെബ്രുവരി മുതൽ ആപ്പിൾ കാർ ടീമിൽ നിന്ന് പുറത്തുപോകുന്ന നാലാമത്തെ മുതിർന്ന അംഗമാണ് ഫീൽഡ്

MediaOne Logo

Web Desk

  • Published:

    8 Sep 2021 12:18 PM GMT

കാർ മേധാവിയെ റാഞ്ചി ഫോർഡ്; ട്രാക്ക് തെറ്റുമോ ആപ്പിൾ കാർ
X

കാർ നിർമാണ മേഖലയിലേക്ക് കാലെടുത്തു വയ്ക്കാനുള്ള ടെക് ഭീമൻ ആപ്പിളിന്റെ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി. 2024ഓടെ ബജറ്റ് കാറുകൾ നിർമിക്കാനുള്ള ആപ്പിളിന്റെ ടൈറ്റാൻ പദ്ധതിയുടെ മേധാവി കമ്പനി വിട്ട് ഫോർഡിലേക്ക് ചേക്കേറി. ആപ്പിൾ വൈസ് പ്രസിഡണ്ടു കൂടിയായ ഡൗഗ് ഫീൽഡ് ആണ് ഫോർഡിനൊപ്പം ചേർന്നത്. 2018ൽ ടെസ്‌ലയിൽ നിന്നാണ് ഇദ്ദേഹം ആപ്പിളിലെത്തിയിരുന്നത്. ടെസ്‌ല ത്രീ കാറിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയര്‍മാരില്‍ ഒരാളാണ് ഫീൽഡ്.

ഫെബ്രുവരി മുതൽ ആപ്പിൾ കാർ ടീമിൽ നിന്ന് പുറത്തുപോകുന്ന നാലാമത്തെ മുതിർന്ന അംഗമാണ് ഇദ്ദേഹം. ഫോർഡിന്റെ അഡ്വാൻസ്ഡ് ടെക്‌നോളജി മേധാവിയായി ഇദ്ദേഹം ചാർജെടുക്കുമെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം വാഹനങ്ങളിൽ ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ ഈയിടെ ഫോർഡ് ഗൂഗിളുമായി കരാറിലെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഫീൽഡിന്റെ നിയമനത്തിന് ഏറെ പ്രാധാന്യമുണ്ട്.

ടൊയോട്ടയുമായി സഹകരണം

ഡിസൈനിലും ഉപയോഗത്തിലും ശേഷിയും സാമ്പ്രദായികമായ എല്ലാ സങ്കൽപ്പങ്ങളെയും അട്ടിമറിക്കുന്ന കാറാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഇതിനായി ഏഷ്യയിലെ വാഹന വമ്പന്മാരായ ടൊയോട്ടയുമായി ആപ്പിൾ ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

പദ്ധതിക്കു വേണ്ടി മെഴ്സിഡസിൽ നിന്ന് എണ്ണംപറഞ്ഞ രണ്ട് എഞ്ചിനീയർമാരെയാണ് ഈയിടെ ആപ്പിൾ റാഞ്ചിയത്. സ്പെഷ്യൽ പ്രൊജക്ട് ഗ്രൂപ്പിലെ പ്രൊഡക്ട് ഡിസൈൻ എഞ്ചിനീയർമാരായാണ് ഇവർ ജോലി ചെയ്യുന്നത്. ഇതിലൊരാൾക്ക് പോർഷെയിൽ ജോലി ചെയ്ത അനുഭവസമ്പത്തുണ്ട്. പ്രോജക്ടിൽ ജോലി ചെയ്തിരുന്ന നിരവധി പേർ നേരത്തെ ആപ്പിൾ വിട്ടതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. നിശ്ചയിച്ച സമയത്തിനുള്ളിൽ കാർ പുറത്തിറക്കാൻ ആകുമോ എന്ന സന്ദേഹവുമുണ്ടായിരുന്നു. ഇതിനിടെയാണ് കമ്പനി അധികൃതർ ടൊയോട്ടയുമായി ചർച്ചകൾ ആരംഭിക്കുന്നതും മറ്റു കമ്പനികളിൽ നിന്ന് വിദഗ്ധരെ റാഞ്ചിയെടുക്കുന്നതും.

2014ലാണ് പ്രൊജക്ട് ടൈറ്റാൻ എന്ന പേരിൽ കാർ നിർമാണ പദ്ധതിക്ക് ആപ്പിൾ രൂപം നൽകുന്നത്. കാലിഫോർണിയയിലെ കൂപ്പറ്റിനോ ഓഫീസിൽ നിരവധി വിദഗ്ധരാണ് ഇതിന്റെ ഗവേഷണത്തിലുള്ളത്. നേരത്തെ ആഭ്യന്തര പ്രശ്നങ്ങളും നേതൃവിഷയങ്ങളും പദ്ധതിയെ സാരമായി ബാധിച്ചുവെന്ന് വാഹനവെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2016ൽ പദ്ധതി ആപ്പിൾ ഉപേക്ഷിക്കുകയാണ് എന്ന വാർത്തയുമുണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രതിസന്ധികൾ കമ്പനി മെല്ലെ മറികടന്നു എന്നാണ് റിപ്പോർട്ട്.

TAGS :

Next Story