Quantcast

200 കിലോമീറ്റർ വേഗത, അര മണിക്കൂറിൽ ചാർജാകും ബിഎംഡബ്ലുവിന്റെ ആദ്യ ഇലക്ട്രിക് എസ്.യു.വി ഐഎക്സ് ഇന്ത്യയിൽ

ഇന്ത്യയിൽ എക്‌സ് ഡ്രൈവ് 40 എന്ന ഒറ്റ വേരിയന്റിൽ ലഭിക്കുന്ന വാഹനത്തിൽ 326 എച്ച്പി പവറും 630 എൻഎം ടോർക്കും നൽകാനാകും.

MediaOne Logo

Web Desk

  • Published:

    13 Dec 2021 12:39 PM GMT

200 കിലോമീറ്റർ വേഗത, അര മണിക്കൂറിൽ ചാർജാകും  ബിഎംഡബ്ലുവിന്റെ ആദ്യ ഇലക്ട്രിക് എസ്.യു.വി ഐഎക്സ്  ഇന്ത്യയിൽ
X

ദിവസം കഴിയും തോറും ഇന്ത്യയിൽ ഇവി വാഹനമേഖല വളരുകയാണ്. മിക്കവാറും എല്ലാ ബ്രാൻഡുകളും ഇവി വാഹനങ്ങൾ പുറത്തിറക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്. ആഡംബര കാറുകളുടെ വിഭാഗത്തിലും കഥ മറ്റൊന്നല്ല.

ഇപ്പോൾ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്യൂ അവരുടെ ആദ്യ ഇവി കാർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ബിഎംഡബ്യൂ ഐ എക്‌സ് എന്നാണ് ഈ സിബിയു എസ്.യു.വി (പൂർണമായും വിദേശത്തു നിർമിച്ച ശേഷം ഇറക്കുമതി ചെയ്യുന്നവ) കാറിന്റെ പേര്.

ഇന്ത്യയിൽ എക്‌സ് ഡ്രൈവ് 40 എന്ന ഒറ്റ വേരിയന്റിൽ ലഭിക്കുന്ന വാഹനത്തിൽ 326 എച്ച്പി പവറും 630 എൻഎം ടോർക്കും നൽകാനാകും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 6.1 സെക്കൻഡ് മാത്രം മതി ഈ കരുത്തന്. പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്ററാണ്. ഓരോ ആക്‌സിലിനും ഓരോ മോട്ടോർ എന്ന നിലയിൽ ഡ്യൂയൽ മോട്ടോർ സാങ്കേതികവിദ്യയുള്ള ഈ കാറിന് ഓൾ വീൽ ഡ്രൈവും സാധിക്കും.

76.6 കിലോവാട്ടാണ് ഇതിന്റെ ബാറ്ററി പാക്കിന്റെ കരുത്ത്. പരമാവധി 425 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. നാല് തരത്തിലുള്ള ചാർജറുകൾ ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാൻ സാധിക്കും. 2.3 കിലോവാട്ട് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്താൽ 100 ശതമാനം ചാർജാകാൻ ഏകദേശം 36 മണിക്കൂറെടുക്കും. 11 കിലോവാട്ട് എസി വാൾ ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്താൽ ചാർജിങ് സമയം 7 മണിക്കൂറായും കുറയും. ഇനി 50 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്താൽ 73 മിനിറ്റുകൊണ്ട് 80 ശതമാനം ചാർജാകും. 150 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ചാൽ 80 ശതമാനം ചാർജ് ചെയ്യാൻ വെറും 31 മിനിറ്റുകൾ മതി. പക്ഷേ ഇത്തരത്തിലുള്ള 50 കിലോവാട്ട് ,150 കിലോവാട്ട് ഡിസി ചാർജറുകൾ ഇന്ത്യയിൽ സ്ഥാപിക്കുക എന്നത് അത്ര എളുപ്പമല്ല എന്നത് മറ്റൊരു കാര്യം.

ബിഎംഡബ്യുവിന്റെ സ്ഥിരം ഡിസൈൻ പാറ്റേണുകൡ നിന്ന് മാറി വലിയ ഗ്രില്ലോടു കൂടി ഫ്യൂച്ചറിസ്റ്റിക്കായ ഡിസൈനാണ് ഐഎക്‌സിന്. റേഡിയേറ്റർ ഇല്ലാത്തതിനാൽ എയർ ഇൻടേക്ക് ആവശ്യമില്ല അതുകൊണ്ട് ഗ്രിൽ അടച്ചതാണ്. വലിയ എൽഇഡി ഹെഡ് ലാമ്പുകളാണ് നൽകിയിരിക്കുന്നത്. എയറോ ഡൈനാമിക്‌സിനു വേണ്ടി വലിയ എയർ ഇൻലെറ്റുകളും മുന്നിൽ നൽകിയിട്ടുണ്ട്.

ഇന്റരിയിറിലേക്ക് വന്നാൽ ബിഎംഡബ്യൂ എക്‌സ് 5ന് സമാനമായ ഇന്റീരിയറാണ് നൽകിയിരിക്കുന്നത്. 14.9 ഇഞ്ചിന്റെ വലിയ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് നൽകിയിരിക്കുന്നത്. സ്വിച്ചുകളുടെ എണ്ണം വളരെ കുറഞ്ഞ ഐഎക്‌സിന്റെ ഒട്ടുമിക്ക നിയന്ത്രണങ്ങളും ആ സിസ്റ്റം വഴി ലഭിക്കും. ഡ്രൈവ്/ഗിയർ മോഡുകൾ തീരുമാനിക്കുന്നത് നടുവിലെ നോബ് വഴിയാണ്. 18 സ്പീക്കറുകളാണ് വാഹനത്തിലാകമാനമുള്ളത്. 4 സോൺ എസി, 360 ക്യാമറ, റിവേഴ്‌സ് അസിസ്റ്റന്റ് തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളും ഐഎക്‌സിലുണ്ട്.

എബിഎസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡൈനാമിക് സ്റ്റബിലിറ്റി കൺട്രോൾ, ടിപിഎംസ് കൂടാതെ ഗ്ലോബൽ എൻകാപ്പ് സേഫ്റ്റി റേറ്റിങിൽ 5 സ്റ്റാർ റേറ്റിങും ഐഎക്‌സിന് ലഭിച്ചിട്ടുണ്ട്.

ബെൻസിന്റെ ഇക്യുസി, ഓഡി ഇ-ട്രോൺ, ജാഗ്വാർ ഐ പേസ് എന്നിവയോട് നേരിട്ട് ഏറ്റുമുട്ടുന്ന ഐഎ്‌സിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത് 1.16 കോടിയിലാണ്.

Summary: BMW launches its first ev suv iX in india

TAGS :

Next Story