Quantcast

പുതിയ വാഹനം വാങ്ങാന്‍ വരട്ടെ ; കിടിലന്‍ മോഡലുകളുമായി കൊറിയന്‍ കമ്പനികള്‍ വരുന്നൂ

പുറത്തിറങ്ങാനിരിക്കുന്നത് ഇലക്ട്രിക് എസ്.യു.വി അടക്കമുള്ള വാഹനങ്ങള്‍

MediaOne Logo

Web Desk

  • Updated:

    2023-12-23 15:01:59.0

Published:

23 Dec 2023 3:00 PM GMT

kia ev 9
X

ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ വാഹന നിര്‍മാണ കമ്പനികളും പണിപ്പുരയില്‍ തിരക്കിലാണ്. മികച്ച വാഹനങ്ങളുമായി കളം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഏവരും. ദക്ഷിണ കൊറിയന്‍ കമ്പനികളായ ഹ്യുണ്ടായിയും കിയയുമെല്ലാം അണിയറയില്‍ നിരവധി കാറുകള്‍ തയാറാക്കി വെച്ചിട്ടുണ്ട്.

ഹ്യുണ്ടായ് ക്രേറ്റ ഫേസ്‌ലിഫ്റ്റ്


പ്രധാനമായും അഞ്ച് വാഹനങ്ങളാണ് ഹ്യുണ്ടായ് പുറത്തിറക്കുക. ക്രേറ്റയുടെ ഫേസ്‌ലിഫ്്റ്റാണ് ഇതില്‍ പ്രധാനപ്പെട്ടത്. ജനുവരി 16ന് വാഹനം ഇന്ത്യയില്‍ പുറത്തിറക്കും. പരിഷ്‌കരിച്ച രൂപവുമായിട്ടാണ് ഈ എസ്.യു.വി വരുന്നത്. ലെവല്‍ 2 അഡാസ് ഫീച്ചേഴ്‌സുകള്‍ വാഹനത്തിലുണ്ടാകും. കൂടാതെ പുതിയ ടര്‍ബോ പെട്രോള്‍ എന്‍ജിനും ശക്തി പകരും.

അല്‍കസര്‍ ഫേസ്‌ലിഫ്റ്റ്

ക്രേറ്റയുടെ മൂത്ത സഹോദരനായ അല്‍കസറും മുഖംമിനുക്കി നിരത്തിലെത്തും. മാര്‍ച്ചില്‍ ഇതിന്റെ അവതരണമുണ്ടാകാനാണ് സാധ്യത. നിലവിലുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ തന്നെയായിരിക്കും വാഹനത്തിലുണ്ടാവുക. ലെവല്‍ 2 അഡാസ് സംവിധാനവും കരുത്തുപകരും.

ട്യൂസണ്‍

ഹ്യുണ്ടായ് നിരയിലെ മറ്റൊരു തുറപ്പുചീട്ടാണ് ട്യൂസണ്‍. വാഹനത്തിന്റെ മുഖംമിനുക്കിയ പതിപ്പ് ജൂണില്‍ എത്തുമെന്നാണ് അറിയുന്നത്. ഈ എസ്.യു.വി നേരത്തെ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ പുറത്ത് ചെറിയ മാറ്റങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍, ഇന്റീരിയറില്‍ കൂടുതല്‍ സുഖസൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരട്ട ടച്ച് സ്‌ക്രീന്‍, ടച്ച് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍ എന്നിവ പുതുതാണ്. നിലവിലുള്ള രണ്ട് ലിറ്റര്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളാകും വാഹനത്തിലുണ്ടാവുക.

കോന ഇലക്ട്രിക്

കോന ഇലക്ട്രിക്കിന്റെ പുതിയ മോഡലും ഹ്യുണ്ടായ് 2024ല്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം. 2019ല്‍ ഇന്ത്യയിലെത്തിയ ഈ വാഹനം കാര്യമായ ചലനമൊന്നും ഉണ്ടാക്കിയിട്ടില്ല. പുതിയ ഡിസൈനില്‍ വരുന്ന വാഹനം ഇലക്ട്രിക് വാഹന രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. രണ്ട് വിധം ബാറ്ററി പാക്കായിരിക്കും വാഹനത്തിലുണ്ടാകുക. 48.4 കിലോ വാട്ട്, 65.4 കിലോ വാട്ട് എന്നിവയായിരിക്കും ബാറ്ററി പാക്ക്. പരമാവധി 490 കിലോ മീറ്റര്‍ വരെ റേഞ്ച് ലഭിക്കും. വാഹനം മേയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ഐഓണിക് 6

ഹ്യുണ്ടായ്‌യുടെ ഫ്‌ളാഗ്ഷിപ് ഇലക്ട്രിക് വാഹനമായ ഐഓണിക് 6ഉം 2024ല്‍ ഇന്ത്യയിലെത്തും. രാജ്യാന്തര തലത്തില്‍ 77.4 കിലോ വാട്ട് ബാറ്ററി പാക്കുള്ള വാഹനമാണുള്ളത്. 610 കിലോ മീറ്ററാണ് പരമാവധി റേഞ്ച്.

കിയ സോണറ്റ്


മൂന്ന് കാറുകള്‍ കിയയുടെ പണിപ്പുരയില്‍ തയാറായിട്ടുണ്ട്. പരിഷ്‌കരിച്ച കിയ സോണറ്റ് ഈയിടെ കമ്പനി അവതരിപ്പിച്ചിരുന്നു. ജനുവരിയില്‍ വാഹനം പുറത്തിറങ്ങും. ഇതിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 25,000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. നേരത്തെയുണ്ടായിരുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ഡീസല്‍ എന്നിങ്ങനെയുള്ള എന്‍ജിന്‍ വകഭേദങ്ങള്‍ തന്നെയാകും വാഹനത്തെ ചലിപ്പിക്കുക. കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ വാഹനത്തിലുണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

കാര്‍ണിവല്‍

നാലാം തലമുറ കിയ കാര്‍ണിവലും ഇന്ത്യയിലേക്ക് വരികയാണ്. പുതിയ ഡിസൈന്‍, ഫീച്ചറുകള്‍, പ്രീമിയം സൗകര്യങ്ങള്‍ എന്നിവയെല്ലാം കാര്‍ണിവലിനെ നിരത്തുകളില്‍ രാജാവാക്കും. ഏപ്രിലില്‍ വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.

ഇ.വി 9

കൊറിയന്‍ കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ ഇ.വി 9ഉം അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. മൂന്ന് നിര എസ്.യു.വിയാണിത്. ഒറ്റച്ചാര്‍ജില്‍ 541 കിലോ മീറ്റര്‍ വരെ റേഞ്ചുണ്ടാകും. പൂര്‍ണമായും വിദേശത്തുനിന്ന് നിര്‍മിച്ചാകും വാഹനം ഇന്ത്യയിലെത്തിക്കുക.

TAGS :

Next Story