Quantcast

പെട്രോൾ-ഡീസൽ വാഹനങ്ങളേക്കാൾ ഇ.വികൾ കൂടുതൽ മലിനീകരണത്തിന് കാരണമാകുന്നതായി പഠനം

ഇലക്ട്രിക് വാഹനങ്ങളുടെ ഭാരക്കൂടുതൽ കാരണം ടയറുകൾക്ക് വേഗത്തിൽ തേയ്മാനം സംഭവിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2024-03-06 13:23:05.0

Published:

6 March 2024 1:20 PM GMT

Alive 1, the first electric car to be manufactured in Oman, by the end of this year
X

വാഹന മേഖലയിൽ ഇലക്ട്രിക് രംഗം ദ്രുതഗതിയിലാണ് വളരുന്നത്. മിക്ക വാഹന കമ്പനികളും ഇലക്ട്രിക് വാഹന നിർമാണത്തിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. വരും വർഷങ്ങളിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇനി ഉൽപ്പാദിപ്പിക്കില്ലെന്നും പല കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗത വാഹന നിർമാതാക്കൾക്ക് പുറമെ പുതിയ കമ്പനികളും ഇ.വി രംഗത്തേക്ക് വലിയ വിപ്ലവുമായി വന്നിട്ടുണ്ട്.

ഉപഭോക്താക്കളും ഇതിനനുസരിച്ച് മാറുകയാണ്. ഇലക്ട്രിക് വാഹനങ്ങൾ പലരുടെയും മുൻഗണനയായി മാറിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ആശങ്കയും അവബോധവുമെല്ലാം ഈ മാറ്റത്തിന് കൂടുതൽ പ്രേരണയേകുന്നുണ്ട്. ഡീസൽ, പെട്രോൾ വാഹനങ്ങളേക്കാൾ ഇ.വികളിൽനിന്നുള്ള മലിനീകരണം കുറവാണെന്നാണ് പൊതുവേ പറയപ്പെടാറ്. എന്നാൽ, ഈ വാദം തെറ്റാണെന്നുള്ള പഠനറിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ബ്രിട്ടൻ ആസ്ഥാനമായുള്ള എമിഷൻ അനലിറ്റിക്സ് എന്ന സ്ഥാപനം.

ഇലക്ട്രിക്, പെട്രോൾ, ഡീസൽ വാഹനങ്ങളിലെ ബ്രേക്കുകളിൽനിന്നും ടയറുകളിൽനിന്നും പുറത്തുവരുന്ന മലിനീകരണമാണ് ഇവർ പ്രധാനമായും പഠനവിഷയമാക്കിയത്. ഭാരം കൂടുതലുള്ളതിനാൽ ഇ.വികളുടെ ബ്രേക്കിൽനിന്നും ടയറുകളിൽനിന്നും കൂടുതൽ ഹാനികരമായ കണികകൾ പുറത്തുവിടുന്നതായി പഠനം വ്യക്തമാക്കുന്നു. അതേസമയം, മികച്ച എക്സ്ഹോസ്റ്റ് ഫിൽറ്റർ സംവിധാനമുള്ള പെ​ട്രോൾ - ഡീസൽ വാഹനങ്ങളിൽ ഇതിന്റെ തോത് വളരെ കുറവാണ്. ഏകദേശം 1850 മടങ്ങ് കൂടുതലാണ് ഇ.വികളിലെ മലിനീകരണ തോത്.

ഇ.വികളുടെ ഭാരക്കൂടുതൽ കാരണം ടയറുകൾ വേഗത്തിൽ നശിക്കുകയാണ്. ഇതുവഴി ദോഷകരമായ രാസവസ്തുക്കൾ വായുവിലേക്ക് പുറംതള്ളുന്നു. ടയറുകൾ സാധാരണയായി സിന്തറ്റിക് റബർ ഉപയോഗിച്ചാണ് നിർമിക്കുന്നത്. കൂടാതെ അസംസ്കൃത എണ്ണ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പ്രകൃതിദത്ത റബർ ഫില്ലറുകളും അഡിറ്റീവുകളും ഇതിൽ ചേർക്കുന്നുണ്ട്. ഇവയിൽ പലതും അർബുദത്തിന് വരെ കാരണമാകുന്നു.

ബാറ്ററിയുടെ ഭാരത്തിന്റെ ആഘാതവും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത പെട്രോൾ എൻജിനുമായി താതമ്യപ്പെടുത്തുമ്പോൾ ഇ.വികൾക്ക് വളരെ ഭാരമേറിയ ബാറ്ററി പാക്കാണുള്ളത്. ഈ അധിക ഭാരം ബ്രേക്കുകളിലും ടയറുകളിലും സമ്മർദ്ദം ചെലുത്തുകയും തേയ്മാനം വർധിപ്പിക്കുകയും ചെയ്യുന്നു.

ആധുനിക പെട്രോൾ കാറിൽനിന്നുള്ള എക്സ്ഹോസ്റ്റ് ബഹിർഗമനത്തേക്കാൾ 400 മടങ്ങ് കൂടുതലാണ് അര ടൺ ബാറ്ററിയുള്ള ഒരു ഇ.വിയിൽനിന്നുള്ള ടയറിന്റെ തേയ്മാനം കൊണ്ടുണ്ടാകുന്ന മലിനീകരണം. ഇ.വികളുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തുമ്പോൾ ബ്രേക്കുകളിൽനിന്നും ടയറുകളിൽനിന്നുമുള്ള കണിക മലിനീകരണവും പരിഗണിക്കേണ്ടതുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

പെട്രോളിൽ ഓടുന്ന വാഹനങ്ങളേക്കാൾ ശരാശരി 30 ശതമാനം ഭാരക്കൂടുതലാണ് ഇ.വികൾക്ക് ഉള്ളതെന്ന് പഠനത്തിൽ കണ്ടെത്തി. ഇത് സാധാരണ കാറുകളേക്കാൾ വേഗത്തിൽ ബ്രേക്കുകളും ടയർ ട്രെഡുകളും ക്ഷയിപ്പിക്കുകയും ചെറുതും വിഷാംശമുള്ളതുമായ കണങ്ങളെ അന്തരീക്ഷത്തിലേക്ക് തള്ളുകയും ചെയ്യുന്നു. പഠനത്തിന്റെ ഭാഗമായി 1600 കിലോമീറ്റർ ദൂരം വാഹനങ്ങൾ ഓടിച്ചാണ് ടയറിന്റെ തേയ്മാനവും മലിനീകരണ തോതും പരിശോധിച്ചത്.

2022ലാണ് ഈ പഠന റിപ്പോർട്ട് പുറത്തുവരുന്നത്. എന്നാൽ, വാൾസ്ട്രീറ്റ് ജേർണൽ കഴിഞ്ഞദിവസം ഇത് പ്രസിദ്ധീകരിച്ചതോടെ വിഷയം വീണ്ടും ചർച്ചയായി. അമേരിക്കയിലെ കാലിഫോർണിയയിൽ 2035ഓടെ പെ​ട്രോൾ വാഹനങ്ങൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിൽ സർക്കാർ പുനരാലോചന നടത്തുന്നുണ്ടെന്ന് വാൾസ്ട്രീറ്റ് ജേണൽ വ്യക്തമാക്കുന്നു.

പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ അഭിപ്രായത്തിൽ, കാലിഫോർണിയയിലെ സൂക്ഷ്മ കണികാ ദ്രവ്യത്തിന്റെ 1 ശതമാനം മാത്രമേ കാറുകൾ പുറന്തള്ളുന്നുള്ളൂ. അവയിൽ ഭൂരിഭാഗവും പഴയ മോഡലുകളിൽ നിന്നാണ്. പുതിയ പൊട്രോൾ കാറുകളിൽ മലിനീകരണ തോത് കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

TAGS :

Next Story