Quantcast

'സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നു'; അക്ഷയ് കുമാർ പരസ്യത്തിനെതിരെ വിമർശനം

റോഡ് സുരക്ഷ മാർഗ നിർദേശങ്ങൾ കടുപ്പിക്കാനാണ് കേന്ദ്ര തീരുമാനം

MediaOne Logo

Web Desk

  • Updated:

    2022-09-13 14:38:23.0

Published:

13 Sep 2022 2:22 PM GMT

സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നു; അക്ഷയ് കുമാർ പരസ്യത്തിനെതിരെ വിമർശനം
X

റോഡ് സുരക്ഷ മാർഗനിർദേശങ്ങളിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ആറ് എയർബാഗുകളുടെ ആവശ്യം വിശദീകരിക്കുന്ന ഒരു പരസ്യം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരുന്നു. ബോളിവുഡ് നടൻ അക്ഷയ് കുമാർ അഭിനയിച്ചിരിക്കുന്ന പരസ്യമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പരസ്യം സ്ത്രീധന സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.

വിവാഹ ചടങ്ങുകൾ കഴിഞ്ഞ് നവവധുവായ മകൾക്ക് വിടചൊല്ലുന്ന പിതാവാണ് പരസ്യത്തിലുള്ളത്. മുന്നിൽ രണ്ട് എയർബാഗുകൾ മാത്രമുള്ള കാറിലാണ് മകളെ യാത്രയാക്കുന്നത്. മകളോട് വിടപറയുമ്പോൾ അച്ഛൻ വിതുമ്പി കരയുന്നതും കാണാം. രണ്ട് എയർബാഗുകൾ മാത്രമുള്ള കാറിൽ മകളെ അയച്ചതിന് പിതാവിന്റെ അടുത്ത് വന്ന് പരിഹസിക്കുന്ന പൊലീസുകാരനായാണ് അക്ഷയ് കുമാർ പരസ്യത്തിൽ എത്തുന്നത്. ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന വാഹനത്തിൽ യാത്ര ചെയ്ത് ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശത്തോടെയാണ് പരസ്യം അവസാനിക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് പരസ്യത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

സ്ത്രീധന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന തെറ്റായ സന്ദേശം നൽകുന്ന പരസ്യമാണെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പരസ്യത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ശിവസേന എംപി പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ എഴുതി. റോഡ് സുരക്ഷയ്‌ക്കോ കാറിന്റെ സുരക്ഷാ സവിശേഷതകൾക്കോ പകരം സ്ത്രീധനം എന്ന ദുഷിച്ച ക്രിമിനൽ നടപടി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സൃഷ്ടിക്കൾക്കായി പണം മുടക്കുന്ന സർക്കാറാണിതെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു.

അതേസമയം ദേശീയ റോഡ് സുരക്ഷാ ക്യാമ്പയിനിനോട് സഹകരിച്ച് ആറ് എയർബാഗുകളുള്ള വാഹനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്റെ നയങ്ങളെ പിന്തുണയ്ക്കുന്നതിനായി അക്ഷയ് കുമാർ നടത്തിയ ശ്രമങ്ങളെ നിതിൻ ഗഡ്കരി അഭിനന്ദിച്ചു. റോഡ് സുരക്ഷ മാർഗ നിർദേശങ്ങൾ കടുപ്പിക്കാനാണ് കേന്ദ്ര തീരുമാനം. കാറുകളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ അപകടമരണം ഇതിനൊരു കാരണമായി.

TAGS :

Next Story