ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ: തീരുവ 110ൽ നിന്ന് 40 ശതമാനത്തിലേക്ക്, ഈ കാറുകൾക്ക് ഇന്ത്യയിൽ വില കുറയും...
യൂറോപ്യൻ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ വ്യാപാര കരാർ ചര്‍ച്ചകളിൽ ഇതുസംബന്ധിച്ച തീരുമാനമായെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്

- Updated:
2026-01-26 10:41:36.0

representative image
ന്യൂഡല്‍ഹി: യൂറോപ്യൻ നിർമിത കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ഇന്ത്യ. നിലവിലെ 110 ശതമാനത്തിൽ നിന്ന് തീരുവ 40 ശതമാനമായി കുറച്ചേക്കും. യൂറോപ്യൻ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ വ്യാപാര കരാർ ചര്‍ച്ചകളിൽ ഇതുസംബന്ധിച്ച തീരുമാനമായെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ചൊവ്വാഴ്ചയോടെ യാഥാർത്ഥ്യമായേക്കും എന്ന സൂചനകൾക്കിടയിലാണ് വാഹനപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ വാണിജ്യ മന്ത്രാലയമോ യൂറോപ്യന്‍ കമ്മീഷനോ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
15,000 യൂറോയ്ക്ക് (ഏകദേശം16.5 ലക്ഷം രൂപ) മുകളില്‍ വിലയുള്ള വാഹനങ്ങൾക്കായിരിക്കും ആദ്യഘട്ടത്തിൽ ഇളവ് അനുവദിക്കുന്നത്. രണ്ട് ലക്ഷം പെട്രോൾ / ഡീസൽ വാഹനങ്ങൾ പ്രതിവർഷം ഇറക്കുമതി ചെയ്യാനാണ് അനുമതി. ഘട്ടം ഘട്ടമായി തീരുവ 10 ശതമാനത്തിലേക്ക് കുറയ്ക്കാനും സാധ്യതയുണ്ട്. ഈ മേഖലയിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഏറ്റവും വലിയ ചുവടുവെപ്പുകളിൽ ഒന്നാണിത്.
ഇതോടെ ഫോക്സ്‍വാഗൺ, ബിഎംഡബ്ല്യു, മെഴ്സിഡീസ് ബെൻസ് തുടങ്ങിയ യൂറോപ്യൻ വാഹന കമ്പനികളുടെ ഇറക്കുമതി ചെയ്യുന്ന മോഡലുകൾക്ക് വലിയ തോതിൽ വില കുറയുമെന്നാണ് കരുതുന്നത്. ഇന്ത്യൻ കമ്പനികളുടെ താൽപര്യം സംരക്ഷിക്കാൻ തുടക്കത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് തീരുവ ഇളവ് നൽകില്ല. അഞ്ച് വർഷത്തിന് ശേഷം ഇക്കാര്യത്തിൽ മാറ്റം വരുത്തിയേക്കും. വിൽപ്പനയുടെ കാര്യത്തിൽ യുഎസിനും ചൈനയ്ക്കും പിന്നിലായി ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയാണ് ഇന്ത്യ. എങ്കിലും, ഇന്ത്യയുടെ ആഭ്യന്തര വാഹന പ്രൊഡക്ഷന്‍ വ്യവസായം സംരക്ഷിക്കപ്പേടേണ്ടതിനാല്‍ കരുതലോടെയാവും നീക്കങ്ങള്‍.
ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് നിലവിൽ 70%, 110% എന്നിങ്ങനെയാണ് രാജ്യത്ത് നികുതി ചുമത്തുന്നത്. ടെസ്‌ല മേധാവി ഇലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖർ ഈ നടപടിയെ പലപ്പോഴും വിമർശിച്ചിട്ടുണ്ട്.
Adjust Story Font
16
