Quantcast

സ്‌കോർപിയോയിൽനിന്ന് മെഴ്‌സിഡസ് മേബാക്കിലേക്ക്; മോദിയുടെ കാറുകൾ

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മഹീന്ദ്ര സ്‌കോർപിയോ എസ്.യു.വിയായിരുന്നു മോദിയുടെ ഇഷ്ടവാഹനം

MediaOne Logo

abs

  • Published:

    28 Dec 2021 11:59 AM GMT

സ്‌കോർപിയോയിൽനിന്ന് മെഴ്‌സിഡസ് മേബാക്കിലേക്ക്; മോദിയുടെ കാറുകൾ
X

ചെറു മിസൈലുകളെയും സ്‌ഫോടനത്തെയും ചെറുക്കുന്ന അതിസുരക്ഷാ വാഹനത്തിലേക്ക് തന്റെ യാത്രകൾ മാറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വി.ആർ 10 ബാലിസ്റ്റിക് സംരക്ഷണ സംവിധാനത്തിന്റെ അകമ്പടിയുള്ള മെഴ്‌സിഡസ് ബെൻസ് മേബാക് എസ് 650 ഗാർഡ് പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ യാത്രാ വാഹനം. പന്ത്രണ്ടു കോടി രൂപയാണ് ഇതിനു വില കണക്കാക്കുന്നത്.

റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിനെ സ്വീകരിക്കാൻ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലെത്തിയ വേളയിലാണ് മാധ്യമങ്ങൾ ഈ വാഹനം ശ്രദ്ധിക്കുന്നത്. റേഞ്ച് റോവർ, ലാൻഡ് ക്രൂയിസർ, ബിഎംഡബ്ല്യൂ 7 സീരീസ് എന്നിങ്ങനെ മോദിയുടെ ഇഷ്ടവാഹനങ്ങളുടെ ഗ്യാരേജിലേക്കാണ് മേബാക്കും കയറി വരുന്നത്. 2014 മുതല്‍‍ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയുടെ ഇഷ്ടവാഹനങ്ങൾ ഏതൊക്കെയാണ്. പരിശോധിക്കുന്നു;

മഹീന്ദ്ര സ്‌കോർപിയോ 5645

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മഹീന്ദ്ര സ്‌കോർപിയോ എസ്.യു.വി ആയിരുന്നു മോദിയുടെ ഇഷ്ടവാഹനം. ഈ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് 2014ൽ സത്യപ്രതിജ്ഞാ ചടങ്ങിനായി മോദി രാഷ്ട്രപതി ഭവനിലെത്തിയത്. ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ നമ്പർ 5645.

2.2 ലിറ്ററിന്റെ 4 സിലിണ്ടർ എംഹോക്ക് എൻജിനാണ് സ്‌കോർപിയോയ്ക്ക് കരുത്ത് പകരുന്നത്. 97 കിലോമീറ്റർ ദൂരം പിടിക്കാൻ ഈ വാഹനത്തിന് വെറും 5.7 സെക്കൻഡ് മാത്രം മതി. 120 കുതിരശക്തിയാണ് എഞ്ചിൻ.


പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് പിന്നാലെ ഈ വാഹനം ഉപേക്ഷിച്ച വേളയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര, സ്‌കോർപിയോ വാഹന വ്യൂഹത്തിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. സമ്പൂർണമായി ഇന്ത്യയിൽ നിർമിച്ച വാഹനം പ്രധാനമന്ത്രി ഉപയോഗിക്കുന്നതിൽ കമ്പനിക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ടെന്നാണ് ആനന്ദ് മഹീന്ദ്ര എഴുതിയിരുന്നത്. എല്ലാ സുരക്ഷാ സൗകര്യങ്ങളും വാഹനത്തിൽ സജ്ജമാക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ മെയ്ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾക്കായി വാദിക്കുന്ന പ്രധാനമന്ത്രി പിന്നീട് ഈ വാഹനം ഉപേക്ഷിച്ചു. ബിഎംഡബ്ല്യൂ 7 സീരിസിലേക്കാണ് മോദിയുടെ യാത്രകൾ മാറിയത്.

ബിഎംഡബ്ല്യൂ 7 സീരീസ് 760

സുരക്ഷാ ചുമതലയുള്ള സെക്യൂരിറ്റി പേഴ്‌സണൽ ഗ്രൂപ്പിന്റെ (എസ്.പി.ജി) നിർദേശങ്ങൾ പ്രകാരമാണ് പ്രധാനമന്ത്രിമാർ വാഹനം മാറാറുള്ളത്. ഇതുപ്രകാരം പിന്നീടുള്ള മോദിയുടെ ഔദ്യോഗിക യാത്ര ബിഎംഡബ്ല്യൂ 7 സീരീസിലായി. ആഗോള തലത്തിൽ തന്നെ ഏറ്റവും സുരക്ഷിതവാഹനം എന്നറിയപ്പെടുന്നതാണ് 760 എൽഐ ഹൈ സെക്യൂരിറ്റി എഡിഷൻ കാർ. സ്‌ഫോടനങ്ങൾ ചെറുക്കാൻ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് വാഹനമാണിത്.


പഞ്ചറായാലും യാത്രായോഗ്യമായ ടയറുകൾ, ഓക്‌സിജൻ വിതരണ കിറ്റ്, പൊട്ടിത്തെറി ഒഴിവാക്കുന്നതിനായുള്ള സെൽഫ് സീലിങ് ഇന്ധന ടാങ്ക് എന്നിവയെല്ലാം ഈ ബിഎംഡബ്ല്യൂവിന്റെ സവിശേഷതകളാണ്.

റേഞ്ച് റോവർ എച്ച്എസ്ഇ

ബിഎംഡബ്ല്യൂ സെവൻ സീരിസിൽ നിന്ന് മോദി പിന്നീട് ചേക്കേറിയത് റേഞ്ച് റോവറിലേക്കായിരുന്നു. 2017 ആഗസ്തിലാണ് മോദി പുതിയ വാഹനം തെരഞ്ഞെടുത്തത്. 375 കുതിരശക്തിയുള്ള 5 ലിറ്റർ വി8 എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ സമ്പൂർണ കവചിത വാഹനത്തിലാണ് മോദി ആ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ ചെങ്കോട്ടയിലെത്തിയത്.


സ്‌കോർപിയോക്ക് ശേഷമുള്ള മറ്റൊരു എസ്.യു.വി ആയിരുന്നു ഈ റേഞ്ച് റോവർ സെന്റിനൽ. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി സൈറൺ, എമർജൻസി ഫ്‌ളാഷറുകൾ, ടയർ പഞ്ചറായാലും സഞ്ചരിക്കാനുള്ള റൺ ഫ്‌ളാറ്റ്, വെള്ളക്കെട്ടുകളെ മറികടക്കാനുള്ള ശേഷി തുടങ്ങിയ അതിനൂതന സംവിധാനങ്ങളെല്ലാം ഈ ബ്രിട്ടീഷ് നിർമിത വാഹനത്തിലുണ്ടായിരുന്നു.

ടൊയോട്ട ലാൻഡ് ക്രൂയിസർ

2019ലെ സ്വാതന്ത്ര്യദിനത്തിലാണ് മോദിയുടെ അടുത്ത വാഹനം മാധ്യമങ്ങളുടെ കണ്ണിൽ ഇടംപിടിച്ചത്- ടൊയോട്ട ലാൻഡ് ക്രൂയിസർ. 4.5 ലിറ്ററിന്റെ വി8 എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 262 കുതിരശക്തി. ബുള്ളറ്റ് പ്രൂഫ് അടക്കമുള്ള മേൽപ്പറഞ്ഞ സുരക്ഷാ സംവിധാനങ്ങളെല്ലാം ഇതിലും ഒരുക്കിയിരുന്നു.


നേരത്തെ, സ്വന്തം നാടായ അഹമ്മദാബാദിലെ ചില യാത്രകളിൽ മോദി ഇതേ സീരിസിലുള്ള കാർ ഉപയോഗിച്ചിരുന്നു.

ടാറ്റ സഫാരി

ടാറ്റ സഫാരിയാണ് മോദിയുടെ മറ്റൊരു ഇഷ്ട എസ്.യു.വി. സ്‌ഫോടനങ്ങൾ ചെറുക്കാനുള്ള ശേഷി മുതൽ സുരക്ഷയ്ക്കായി വാഹനത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു.


പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ അടക്കം നിരവധി സ്ഥലങ്ങളിൽ മോദി ഈ വാഹനത്തിൽ റോഡ് ഷോ നടത്തിയിട്ടുണ്ട്.

അതിനിടെ, പുതുതായി മോദിയുടെ വാഹനവ്യൂഹത്തിലെത്തുന്ന മെഴ്‌സിഡസ് മേബാക് എസ് 650 ഗാർഡ് വിആർ 10 പ്രൊട്ടക്ഷൻ ലെവൽ പ്രകാരം നിർമിക്കുന്ന ലോകത്തെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്നാണ്. ബോയിങ്ങിന്റെ അപ്പാച്ചി ഹെലികോപ്ടർ നിർമിക്കുന്ന അസംസ്‌കൃത വസ്തുക്കൾ കൊണ്ടാണ് കാറിന്റെ ഇന്ധന ടാങ്ക് നിർമിച്ചിട്ടുള്ളത്.


ബോഡിയിൽ വെടിയുണ്ടയോ ചെറുമിസൈലോ ഏൽക്കില്ല. പ്രത്യേക ഓക്‌സിജൻ സംവിധാനവുമുണ്ട്. എക്സ്പ്ലോസീവ് റെസിസ്റ്റന്റ് വെഹിക്കിൾ (ഇ.ആർ.വി.2010) റേറ്റിങ്ങ് ലഭിച്ചിട്ടുള്ള ഈ വാഹനം രണ്ട് മീറ്റർ അകലെ ഉണ്ടാകുന്ന 15 കിലോഗ്രാം ടി.എൻ.ടി സ്‌ഫോടനത്തിൽ നിന്ന് സുരക്ഷ ഉറപ്പാക്കും. 6.0 ലിറ്റർ ട്വിൻ-ടർബോ വി12 എൻജിനാണ് ഈ വാഹനത്തിലുള്ളത്. ഇത് 516 ബി.എച്ച്.പി. പവറും 900 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്ററാണ് ഈ കവചിത വാഹനത്തിന്റെ പരമാവധി വേഗം.

TAGS :

Next Story