Quantcast

അരമണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിങ്; അതിവേഗം സ്‌കോർപിയോ എൻ

ആദ്യ മിനിറ്റിൽ തന്നെ 25,000 ബുക്കിങ് ലഭിച്ചെന്നും മഹീന്ദ്ര അവകാശപ്പെടുന്നു.

MediaOne Logo

Web Desk

  • Published:

    30 July 2022 12:13 PM GMT

അരമണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിങ്; അതിവേഗം സ്‌കോർപിയോ എൻ
X

മഹീന്ദ്രയിൽ നിന്ന് പുറത്തുവന്ന ഏറ്റവും പുതിയ വാഹനമാണ് സ്‌കോർപിയോ എൻ. അവരുടെ ലെജൻഡ് എന്ന് വിളിക്കാവുന്ന സ്‌കോർപിയോയുടെ ഏറ്റവും പുതിയ വേർഷനാണ് സ്‌കോർപിയോ എൻ (Scorpio N ). ബിഡ് ഡാഡി ഓഫ് എസ്.യു.വി എന്ന് അവർ വിളിക്കുന്ന സ്‌കോർപിയോ എന്നിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ 11 മണിക്ക് ഔദ്യോഗികമായി ബുക്കിങ് ആരംഭിച്ച വാഹനത്തിന് അര മണിക്കൂർ കൊണ്ട് ലഭിച്ചത് ഒരു ലക്ഷത്തിലധികം ബുക്കിങാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആദ്യ മിനിറ്റിൽ തന്നെ 25,000 ബുക്കിങ് ലഭിച്ചെന്നും മഹീന്ദ്ര അവകാശപ്പെടുന്നു. സെപ്റ്റംബർ 26 നാണ് വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുക. ആദ്യത്തെ 25,000 ബുക്കിങുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടിൽ വാഹനം ലഭിക്കും. എന്നാൽ ഈ വർഷം 20,000 വാഹനങ്ങൾ മാത്രമേ ഡെലിവർ ചെയ്യാൻ സാധിക്കൂവെന്നാണ് മഹീന്ദ്ര കണക്കുകൂട്ടുന്നത്. ആഗസ്റ്റ് അവസാനം ബുക്ക് ചെയ്ത എല്ലാവരെയും പ്രതീക്ഷിക്കുന്ന ഡെലിവറി ഡേറ്റ് അറിയിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

11.99 ലക്ഷം മുതൽ 21.65 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. മഹീന്ദ്രയുടെ വെബ്‌സൈറ്റ് വഴിയാണ്് വാഹനം ബുക്ക് ചെയ്യേണ്ടത്. ഇപ്പോൾ ബുക്ക് ചെയ്താൽ ആഗസ്റ്റ് 15 വരെ ബുക്ക് ചെയ്ത വേരിയന്റിൽ മാറ്റം വരുത്താൻ സാധിക്കും. മഹീന്ദ്ര ഡീലർഷിപ്പ് വഴിയും വാഹനം ബുക്ക് ചെയ്യാൻ സാധിക്കും.

നിലവിലെ സ്‌കോർപിയോയെക്കാൾ കാഴ്ചയിലും അളവുകളിലും വലുതാണ് സ്‌കോർപിയോ എൻ. 4,622 എം.എം നീളവും 1,917 എം.എം വീതിയും എന്നത് നിലവിലെ വേർഷനെക്കാളും യഥാക്രമം 206 എം.എം, 97 എം.എം എന്നിങ്ങനെ അധികമാണ്. വീൽബേസും 70 എം.എം അധികമാണ്. പക്ഷേ തലയെടുപ്പ് അഥവാ ഉയരം റെഗുലർ സ്‌കോർപിയോക്കാണ്. 1870 എംഎ ആണ് എൻ വേർഷന്റെ ഉയരം. റെഗുലർ സ്‌കോർപിയോക്ക് 1,955 എം.എം ഉയരമുണ്ട്. അതേസമയം ഉയരം കുറഞ്ഞു എന്നത് വാഹനത്തിന്റെ സ്ഥിരതയും ഹാൻഡിലിങും വർധിപ്പിക്കും.

ബോഡി ഓൺ ഫ്രെയിം എസ്.യു.വിയാണ് സ്‌കോർപിയോ എന്നറിയാമല്ലോ. റെഗുലർ സ്‌കോർപിയോയിലും അത് അങ്ങനെ തന്നെയാണ്. എന്നാൽ എൻ വേർഷനിൽ 10 ശതമാനം കുറവാണ് ചേസിസിന്റെ ഭാരം. 213 കിലോ ഗ്രാമാണ് എൻ വേർഷൻ ചേസിസിന്റെ ഭാരം. കൂടുതൽ സ്റ്റിഫും എന്നാൽ ലൈറ്റുമായ ചേസിസ് ലക്ഷ്യമിട്ടാണ് മഹീന്ദ്ര ഇങ്ങനെ ചെയ്തത്. ചേസിസിന്റെ 81 ശതമാനവും നിർമിച്ചിരിക്കുന്നത് ഹൈ സ്ട്രെങ്ത്ത് സ്റ്റീലിലാണ്. ചേസിസിന്റെ ഭാരം കുറഞ്ഞതോടെ വാഹനത്തിന്റെ ഭാരവും 13 ശതമാനം കുറഞ്ഞ് 293 കിലോ ഗ്രാമായി.

അടിസ്ഥാനപരമായി സ്‌കോർപിയോ എൻ ഒരു റിയർ വീൽ ഡ്രൈവ് വാഹനമാണ്. എന്നാൽ 4X4 വേർഷനും ലഭ്യമാണ്. എന്നാൽ പെട്രോൾ വേരിയന്റുകൾക്ക് 4X4 വേരിയന്റ് ലഭ്യമല്ല. 4Xplor എന്ന് പേരിട്ടിരിക്കുന്ന ഡീസൽ വേരിയന്റിൽ മാത്രമാണ് 4X4 ലഭ്യമാകുക. നോർമൽ, ഗ്രാസ്, ഗ്രേവൽ, സ്നോ, മഡ്,റട്ട്സ് എന്നിങ്ങനെ ടെറെയ്ൻ മോഡുകളും ലോ, ഹൈ എന്നീ മോഡുകളും 4X4 ൽ ലഭ്യമാണ്.

രണ്ട് സീറ്റ് ക്രമീകരണങ്ങളിലാണ് സ്‌കോർപിയോ എൻ ലഭ്യമാകുക. എന്നാൽ റെഗുലർ മോഡലിലേത് പോലെ സൈഡ് ഫേസിങ് സീറ്റുകൾ എൻ വേർഷനില്ല. ഏഴ് സീറ്റുള്ള മോഡലിൽ രണ്ടാം നിരയിൽ മൂന്നു പേർക്കും മൂന്നാം നിരയിൽ രണ്ടു പേർക്കും ഇരിക്കാൻ സാധിക്കും. ആറ് സീറ്റ് വേരിയന്റിൽ രണ്ടും മൂന്നും നിരയിൽ ക്യാപ്റ്റൻ സീറ്റാണ്.

TAGS :

Next Story