Quantcast

ഇനി കാറൊരു സ്വപ്നമല്ല; വെറും 1999 രൂപ ഇഎംഐയിൽ സ്വന്തമാക്കാം; മാരുതിയുടെ കിടിലൻ ദീപാവലി സമ്മാനം

കാർ വാങ്ങാൻ സാഹചര്യമില്ലാത്തതിനാൽ ഇരുചക്ര വാഹനം ഉപയോഗിക്കുന്ന മധ്യവർഗ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് മാരുതിയുടെ പുതിയ പദ്ധതി.

MediaOne Logo

Web Desk

  • Published:

    8 Oct 2025 6:25 PM IST

maruti suzuki launches entry level cars at just 1999 rupees emi
X

Photo| Special Arrangement

ഒരു കാർ, അത് പലരുടേയും വലിയൊരു സ്വപ്‌നമാണ്. അത്തരക്കാരുടെ സ്വപ്‌നസാഫല്യത്തിന് വമ്പൻ ഓഫറുമായി മാരുതി. ദീപാവലി സീണസിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമേകുന്ന തീരുമാനമാണ് മാരുതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിമാസം വെറും 1999 രൂപ ഇഎംഐ പ്രകാരം കാറുകൾ സ്വന്തമാക്കാം. വാഹനവില കുറച്ചതിനു പിന്നാലെയാണ് മാരുതിയുടെ പുത്തൻ ഓഫർ. ഇരുചക്ര വാഹനങ്ങളിൽ നിന്ന് ഫോർ വീലറുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ ഏറെ ഉപകാരപ്രദമാകുന്നതാണ് മാരുതിയുടെ പുതിയ പദ്ധതി.

എൻട്രി ലെവൽ കാറുകളായ ആൾട്ടോ, വാഗൺ ആർ, സെലേറിയോ എന്നീ മോഡലുകൾ ഇനി മുതൽ 1999 രൂപ ഇഎംഐയിലൂടെ സ്വന്തമാക്കാം. ഇത്തരമൊരു ഇഎംഐ പ്ലാനിലൂടെ കൂടുതൽ പേരിലേക്ക് കാറുകൾ എത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കാർ വാങ്ങാൻ സാഹചര്യമില്ലാത്തതിനാൽ ഇരുചക്ര വാഹനം ഉപയോഗിക്കുന്ന മധ്യവർഗ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് മാരുതിയുടെ പുതിയ പദ്ധതി. ഒരു കാർ സ്വന്തമാക്കിയാൽ പ്രതിമാസം ചെറിയ തുക വീതമേ കീശയിൽ നിന്ന് ഇറക്കേണ്ടിവരുന്നുള്ളൂ എന്നത് വലിയ ആശ്വാസമാകും.

അതേസമയം, ഡൗൺ പേയ്മന്റ് എത്രയാണെന്നോ ഇഎംഐ കാലാവധി എത്രയെന്നോ ഏതൊക്കെ ബാങ്കുകൾ പങ്കാളികളാകുമെന്നോ പ്രസ്തുത തുകയിൽ ഇൻഷുറൻസ്, പലിശ നിരക്ക് പോലുള്ള മറ്റ് ചെലവുകൾ ഉൾപ്പെടുന്നുണ്ടോ എന്നൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഓഫർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ.

കേന്ദ്രത്തിന്റെ ജിഎസ്ടി പരിഷ്‌കാരത്തിനു പിന്നാലെ കമ്പനികൾ ചെറുകാറുകളുടെ വില കുറച്ചിരുന്നു. ഇതോടെ റെക്കോർഡ് ബുക്കിങ്ങും എൻക്വയറിയുമാണ് കാർ കമ്പനികൾക്ക് ലഭിക്കുന്നത്. നവരാത്രി ഉത്സവകാലത്ത് ആദ്യ എട്ട് ദിവസത്തിൽ 1.65 ലക്ഷം കാറുകളാണ് മാരുതി വിറ്റത്. ദസറയ്ക്ക് ഇത് രണ്ട് ലക്ഷമായി ഉയർന്നു. നിലവിൽ 2.5 ലക്ഷം വാഹനങ്ങൾക്കുള്ള ബുക്കിങ്ങാണ് വന്നിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

എല്ലാ ഉത്സവകാലത്തെയും പോലെ ഈ സീസണിലും ബുക്കിങ്ങുകളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. മുമ്പ് പ്രതിദിനം 10,000 ആയിരുന്നെങ്കിൽ ഇപ്പോൾ 18,000 ബുക്കിങ്ങാണ് ദിനേന വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ചെറുകാറുകളുടെ വിൽപ്പനയിൽ വലിയ വർധനയാണ് നിലവിലുണ്ടായിരിക്കുന്നതെന്നും കൂടുതൽ പേർ വാഹനം വാങ്ങാൻ തയാറായി വരുന്നുണ്ടെന്നുമാണ് കമ്പനികൾ പറയുന്നത്. വരുംമാസങ്ങളിൽ റെക്കോർഡ് വാഹന വിൽപ്പനയുണ്ടായേക്കാമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.

TAGS :

Next Story