Quantcast

കൂടുതൽ റേഞ്ച്, പുതിയ ലുക്ക്; ഏഥർ റിസ്റ്റ പുറത്തിറക്കി

ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടറിൽ ട്രാക്ഷൻ കൺട്രോൾ ഇടംപിടിക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 April 2024 5:11 PM GMT

ather ritza
X

മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണ കമ്പനിയായ ഏഥർ പുതിയ സ്കൂട്ടറായ റിസ്റ്റ പുറത്തിറക്കി. 1.10 ലക്ഷം മുതൽ 1.45 ലക്ഷം (എക്സ് ഷോറൂം) വരെയാണ് വില.

നിലവിലുള്ള മോഡലായ ഏഥർ 450യേക്കാൾ വിലകുറഞ്ഞ മോഡലാണ് റിസ്റ്റ. അതേസമയം, ട്രാക്ഷൻ കൺട്രോൾ, രണ്ടിടത്തായി ആകെ 56 ലിറ്റർ സ്റ്റോറേജ് സ്​പേസ് തുടങ്ങിയ സവിശേഷതകൾ വാഹനത്തിലുണ്ട്. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടറിൽ ട്രാക്ഷൻ കൺട്രോൾ ഇടംപിടിക്കുന്നത്.

കുറച്ചുകൂടി ബോക്സി രീതിയിലാണ് വാഹനത്തെ ഏഥർ ഒരുക്കിയിട്ടുള്ളത്. ​ഹെഡ് ലൈറ്റെല്ലാം ചതുരത്തിലാണ്. ടി.വി.എസിന്റെ ഐക്യൂബുമായി രൂപത്തിൽ ചെറിയ സാമ്യമുണ്ട്.

119 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. 450 എക്സിനേക്കാൾ എട്ട് കിലോ ഗ്രാം കൂടുതലാണിത്. 780 എം.എം ആണ് സീറ്റിന്റെ ഉയരം. കൂടാതെ 165 എം.എം ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.

എസ്, ഇസഡ് എന്നീ രണ്ട് വേരിയന്റുകളിൽ വാഹനം ലഭ്യമാകും. രണ്ട് ബാറ്ററി പാക്കുകളാണുള്ളത്, 2.9 kwhഉം 3.7 kwhഉം.

2.9 kwh മോഡലിന്റെ പരമാവധി ഐ.ഡി.സി റേഞ്ച് 123 കിലോമീറ്ററാണ്. അതേസമയം, റോഡിൽ യഥാർഥത്തിൽ ലഭിക്കുന്ന റേഞ്ചായി ഏഥർ അവകാശപ്പെടുന്നത് 105 കിലോമീറ്ററാണ്. 3.7 kwhന്റെ ഐ.ഡി.സി റേഞ്ച് 160ഉം യഥാർഥ റേഞ്ച് 125ഉം ആണ്. രണ്ട് വേരിയന്റിന്റെയും പരമവാധി വേഗത 80 കിലോമീറ്ററാണ്.

ഏഴ് കളറുകളിൽ വാഹനം ലഭ്യമാകും. സിപ്, സ്മാർട്ട് ഇക്കോ എന്നീ രണ്ട് റൈഡിങ് മോഡുകളുമുണ്ട്. കൂടാതെ റിവേഴ്സ്, ഹിൽ ഹോൾഡ്, മാജിക് ട്വിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഇടംപിടിച്ചിരിക്കുന്നു.

താഴ്ന്ന വേരിയന്റിൽ 350 വാട്ട്സിന്റെ പോർട്ടബിൾ ചാർജറാണ് ലഭ്യമാകുക. ഉയർന്ന വേരിയന്റിൽ 700 വാട്ടിന്റെ ഡുവോ ചാർജർ ലഭിക്കും. വാഹനത്തിൽ ​മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജൂലൈ മുതൽ ഡെലിവറി ആരംഭിക്കും. പുതിയ വാഹനത്തിന് പുറമെ ഹാലോ ഹെൽമെറ്റും കമ്പനി പുറത്തിറക്കി. ബ്ലൂടൂത്ത് സ്പീക്കറും മൈക്കും ഉൾപ്പെടെ നിരവധി കണക്ടഡ് ഫീച്ചറുകളാണ് ഇതിലുള്ളത്. 14,999 രൂപയാണ് ഇതിന്റെ വില.



TAGS :

Next Story