നാലു ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് കാർ, ഒറ്റച്ചാർജിൽ 200 കി.മീ വരെ- ബുക്കിങ് ആരംഭിച്ചു

രണ്ടായിരം രൂപയ്ക്ക് കാർ ബുക്കു ചെയ്യാം

MediaOne Logo

abs

  • Updated:

    2022-06-10 06:50:17.0

Published:

10 Jun 2022 6:43 AM GMT

നാലു ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് കാർ, ഒറ്റച്ചാർജിൽ 200 കി.മീ വരെ- ബുക്കിങ് ആരംഭിച്ചു
X

പെട്രോളിനും ഡീസലിനും പൊള്ളുന്ന വിലയായതോടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിലെ നിരത്തു കീഴടക്കുകയാണിപ്പോൾ. എന്നാൽ ഇത്തരം വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള പ്രധാന തടസ്സം ഉയര്‍ന്ന വിലയാണ്. രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങൾക്കെല്ലാം പത്തു ലക്ഷത്തിന് മുകളിലാണ് വില. അതിനൊരു പരിഹാരം കാണുകയാണ് മുംബൈ ആസ്ഥാനമായ പിഎംവി ഇലക്ട്രിക് എന്ന സ്റ്റാർട്ടപ്പ് കമ്പനി. നാലു മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള ഇലക്ട്രിക് കാറുകൾ വിപണിയിലിറക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്.

രണ്ടായിരം രൂപയ്ക്ക് കാർ ബുക്കു ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈസി (EaS-E) എന്നാണ് രണ്ടു സീറ്റുള്ള മൈക്രോ ഇലക്ട്രിക് കാറിന്റെ പേര്. ഇകോ ഫ്രണ്ട്‌ലി ആൻഡ് സസ്റ്റൈനബ്ൾ ഇലക്ട്രിക് വെഹിക്ൾ എന്നതിന്റെ ചുരുക്കപ്പേരാണ് ഈസി. ജൂലൈയിൽ കാര്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ റോഡുകളിൽ കാണുന്ന ഒരു ഇലക്ട്രിക് വാഹനവുമായും ഈസിക്ക് സാമ്യമില്ല. എന്നാൽ ചിലയിടത്ത് ഫ്രഞ്ച് കാറായ സിട്രോൺ അമിയെയും എംജിയുടെ ഇ200നെയും ഓർമിപ്പിക്കുന്നു.
മുൻഭാഗത്ത് ബോണറ്റിന്റെ നീളത്തിൽ എൽഇഡി ഡിആർഎൽ ഉണ്ട്. ബമ്പറിന് താഴെ സെർക്കുലർ ഹെഡ്‌ലാംപ്. 13 ഇഞ്ചിന്റേതാണ് ടയറുകൾ. രണ്ടു സീറ്റാണ് എങ്കിലും നാലു ഡോറുണ്ട്. പിന്നിൽ എൽഇഡി ടെയിൽലാംപുകൾ. 10 കിലോവാട്ട് ലിഥിയം അയൽ ഫോസ്‌ഫേറ്റ് ബാറ്ററിയാണ്. കൂടെ 15 കിലോവാട്ട് ശേഷിയുള്ള പിഎസ്എസ്എം ഇലക്ട്രിക് മോട്ടോറും. ടോർക് ശേഷി കമ്പനി പുറത്തുവിട്ടിട്ടില്ല. പരമാവധി വേഗം മണിക്കൂറിൽ 70 കിലോമീറ്റർ വരെ.
മൂന്ന് വേരിയന്റിലാണ് കാർ ലഭ്യമാകുകയെന്ന് കമ്പനി പറയുന്നു. വേരിയന്റിനെ ആശ്രയിച്ച് ഒരൊറ്റച്ചാർജിൽ 120-200 കിലോമീറ്റർ വരെ സഞ്ചരിക്കാം. നാലു മണിക്കൂറിനുള്ളിൽ ഫുൾ ചാർജ് ചെയ്യാം എന്നാണ് കമ്പനി അവകാശവാദം. കാറിന്റെ ആകെ നീളം 2915 മില്ലിമീറ്റർ. 1157 എംഎം വീതിയും 1600 എംഎം ഉയരവും.
ടച്ച് സ്‌ക്രീൻ ഇൻഫർമേഷൻ സംവിധാനം, യുഎസ്ബി ചാർജിങ് പോർട്ട്, എയർ കണ്ടീഷനിങ്, റിമോട്ട് കീലെസ് എൻട്രി, പാർകിങ് അസിസ്റ്റൻസ്, ക്രൂയിസ് കൺട്രോൾ, സീറ്റ് ബെൽറ്റ്, റിയർ പാർക്കിങ് ക്യാമറ തുടങ്ങിയവയുമുണ്ട്. ഫീറ്റ് ഫ്രീ ഡ്രൈവിങ് മോഡിൽ ആക്‌സിലേറ്റർ ചവിട്ടാതെ 20 കിലോ മീറ്റർ വേഗത്തിൽ മുമ്പോട്ടുനീങ്ങാനാകും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് പ്രീ ബുക്കിങ്. 2023 രണ്ടാം പാദത്തിലാകും വാഹനം ലഭ്യമാകുക.

TAGS :

Next Story