Quantcast

'ഏഴ് വർഷമായി ഇവിടെ പണിയെടുക്കുന്നു, പെട്ടെന്നൊരു ദിവസം പറയുന്നു ഇനി ജോലിയില്ലെന്ന്'- ഫോര്‍ഡ് പ്ലാന്‍റിന് മുന്നില്‍ ജീവനക്കാരുടെ പ്രതിഷേധം

പ്ലാന്റ് അടച്ചുപൂട്ടുന്നത് വഴി 1200 ഓളം പേർക്കാണ് തൊഴിൽ നഷ്ടമാകുന്നതെന്ന് ഫോർഡ് ഇന്ത്യ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    22 Sept 2021 9:33 PM IST

ഏഴ് വർഷമായി  ഇവിടെ പണിയെടുക്കുന്നു, പെട്ടെന്നൊരു ദിവസം പറയുന്നു ഇനി ജോലിയില്ലെന്ന്- ഫോര്‍ഡ് പ്ലാന്‍റിന് മുന്നില്‍ ജീവനക്കാരുടെ പ്രതിഷേധം
X

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് ഇന്ത്യയിലെ പ്ലാന്റ് അടച്ചുപൂട്ടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഫോർഡിന്റെ കിഴക്കൻ ഗുജറാത്തിലെ സാനന്ദ് പ്ലാന്റിന് മുന്നിൽ നൂറുകണക്കിന് ഫാക്ടറി ജീവനക്കാർ പ്രതിഷേധവുമായി രംഗത്ത്. കമ്പനി അടച്ചുപൂട്ടണമെന്ന തീരുമാനം ഫോർഡ് പിൻവലിക്കുകയോ, അല്ലെങ്കിൽ ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ജോലി നൽകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

കടുത്ത നഷ്ടത്തെ തുടർന്ന് ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ പ്ലാന്റുകൾ അടച്ചു പൂട്ടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

''ഏഴ് വർഷമായി ഞാൻ ഇവിടെ പണിയെടുക്കുന്നു, പെട്ടെന്നൊരു ദിവസം പറയുന്നു ഇനി ജോലിയില്ലെന്ന്, എന്റെ ഭാവി എന്താകും ഇനി ?- ഫാക്ടറിയിലെ ഒരു തൊഴിലാളിയായ അനിൽ സിങ് ജാല പറഞ്ഞു.

'' `ഒന്നുകിൽ പ്ലാന്റ് അടച്ചുപൂട്ടുമെന്ന തീരുമാനം ഫോർഡ് പിൻവലിക്കണം, അല്ലെങ്കിൽ ഇവിടെ മറ്റൊരു പ്ലാന്റ് കൊണ്ടുവരാൻ സർക്കാർ നടപടിയെടുക്കണം, ആ പ്ലാന്റിൽ ഞങ്ങൾക്ക് ജോലിക്ക് മുൻഗണന ലഭിക്കണം'' ഇതാണ് തങ്ങളുടെ ആവശ്യമെന്നും അനിൽ സിങ് കൂട്ടിച്ചേർത്തു.

ജയ്‌സുഖ് കണ്ടോളിയ എന്ന തൊഴിലാളിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു-'' പ്ലാന്റ് അടച്ചുപൂട്ടുന്നുവെന്ന തീരുമാനം ഞങ്ങളെ ഞെട്ടിച്ച് കളഞ്ഞു. 2016 മുതൽ ഞാനിവിടെയുണ്ട്, ഡിസംബർ 31 വരെയെ പ്ലാന്റ് പ്രവർത്തിക്കൂ എന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു, ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങൾക്കറിയില്ല''

പ്ലാന്റ് അടച്ചുപൂട്ടുന്നത് വഴി 1200 ഓളം പേർക്കാണ് തൊഴിൽ നഷ്ടമാകുന്നതെന്ന് ഫോർഡ് ഇന്ത്യ വ്യക്തമാക്കി. തൊഴിൽ നഷ്ടപെടുന്നവർക്ക് വേണ്ട നടപടികളെടുക്കാൻ തങ്ങൾ തൊഴിലാളി യൂണിയനുകളുമായി സംസാരിക്കുകയാണെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. സർക്കാരുമായും ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് ഫോർഡ് ഇന്ത്യ അറിയിച്ചു.

TAGS :

Next Story