Quantcast

'കാറിൽ പിറകിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം'; മിസ്ത്രിയുടെ മരണത്തിൽ പുതിയ നിയമ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

ഇൻറർസിറ്റി ബസുകളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്നും മന്ത്രി നിതിൻ ഗഡ്കരി

MediaOne Logo

Web Desk

  • Published:

    7 Sep 2022 11:08 AM GMT

കാറിൽ പിറകിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം; മിസ്ത്രിയുടെ മരണത്തിൽ പുതിയ നിയമ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി
X

മുംബൈ: കാറിൽ പിറകിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന നിയമ പ്രഖ്യാപനവുമായി കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പിറകിലെ സീറ്റിലിരുന്ന് യാത്ര ചെയ്യവേ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി കാറപകടത്തിൽ മരണപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. പിറകിലെ സീറ്റുകളിൽ സീറ്റ് ബെൽറ്റ് അലാറം ഇനിമുതൽ സ്ഥിരം ഫീച്ചറായിരിക്കുമെന്നും നിയമം വരുന്നതോടെ നിർമാണ കമ്പനികൾ ഇക്കാര്യം പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ കമ്പനികൾക്ക് മതിയായ സമയം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

'സൈറസ് മിസ്ത്രിയുടെ അപകടത്തെ തുടർന്ന് കാറിന്റെ പിറകിലെ സീറ്റിലടക്കം ബെൽറ്റ് നിർബന്ധമാക്കാനുള്ള തീരുമാനം സ്വീകരിച്ചിരിക്കുകയാണ്. കുറച്ചു ദിവസത്തിനുള്ളിൽ ഉത്തരവിറക്കും' മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

പിൻസീറ്റിൽ ബെൽറ്റ് ധരിക്കാത്തവർക്ക് പിഴ ചുമത്താൻ 2019 മോട്ടോർ വെഹിക്കിൾ ആക്ടിൽ വകുപ്പുണ്ടെന്നും അതിനാൽ ഇക്കാര്യം അവഗണിക്കാനാകില്ലെന്നുമാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. സീറ്റ് ബെൽറ്റ് ക്ലിപ്പോ ബക്കിളോ ഉപയോഗിച്ചില്ലെങ്കിൽ പ്രവർത്തിക്കുന്ന തരത്തിലാണ് കാർ സെൻസറുകൾ സജ്ജീകരിച്ചിരിക്കുന്നത്. ബെൽറ്റില്ലാതെ ക്ലിപ്പ് മാത്രം ഉപയോഗിച്ച് വാഹനമോടിക്കുന്നവരുണ്ടെന്നും ഇത്തരം ക്ലിപ്പ് നിർമാണവും വിൽപ്പനയും നിരോധിക്കുമെന്നും മന്ത്രി ഗഡ്കരി വ്യക്തമാക്കി.

ഇൻറർസിറ്റി ബസുകളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്നും മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഈ വർഷം ഒക്‌ടോബർ ഒന്നു മുതൽ നിർമിക്കുന്ന എട്ടു സീറ്റുള്ള കാറുകളിൽ ചുരുങ്ങിയത് ആറു എയർബാഗുകളുണ്ടാകണമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കരട് നിയമം ജനുവരിയിൽ പുറത്തിറക്കിയിട്ടുണ്ടെന്നും പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികളെത്തുന്ന ട്രാൻസ്‌പോർ ഡെവലപ്‌മെൻറ് കൗൺസിൽ യോഗം ഗഡ്കരിയുടെ അധ്യക്ഷതയിൽ സെപ്തംബർ ഒമ്പതിന് ബംഗളൂരുവിൽ ചേരും.

കാറിൽ പിറകിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് ഏർപ്പെടുത്താനുള്ള തീരുമാനം റോഡ് സുരക്ഷാ പ്രവർത്തകർ സ്വാഗതം ചെയ്തു. '35 ശതമാനം അപകട മരണങ്ങളും സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തത് കൊണ്ടാണ്. പ്രത്യേകിച്ച് പിറകിൽ ഇരിക്കുന്നവർക്ക് സീറ്റ് ബെൽറ്റില്ലാത്തത് കൊണ്ട്. വാഹനത്തിനകത്ത് കൂട്ടിയിടിക്കുന്നതും പരിക്കേൽക്കുന്നതും സീറ്റ് ബെൽറ്റ് ഇല്ലാതാക്കും. വാഹന നിർമാണ രംഗവും ഇക്കാര്യം സ്വാഗതം ചെയ്യുമെന്ന് കരുതുന്നു' സേവ് ലൈഫ് ഫൗണ്ടേഷന്റെ പിയൂഷ് തിവാരി പറഞ്ഞു.

സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം അമിതവേഗത്തെ തുടർന്ന്

സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ അപകടം അമിതവേഗത്തെ തുടർന്ന് വാഹന നിയന്ത്രണം നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. അപകടത്തിൽപെട്ട മേഴ്സിഡസ് ജി.എൽ.സി കാർ ഓടിച്ചത് മുംബൈയിലെ പ്രശസ്തയായ ഡോക്ടറായ മിസ്ത്രിയുടെ സുഹൃത്താണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾകൂടി മരിച്ചിരുന്നു. മുംബൈയിലെ പ്രശസ്തമായ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായ അനഹിത പണ്ടോളെ ആയിരുന്നു കാറോടിച്ചിരുന്നത്. ആരോഗ്യ രംഗത്തിനു പുറമെ സാമൂഹിക പ്രവർത്തനത്തിലും സജീവമാണ് അവർ. മറീൻ ലൈൻസിലെ ഹോർഡിങ്സിനെതിരെ സമരം നടത്തിയ വാർത്തകളിൽ നിറഞ്ഞിരുന്നു.

മുംബൈക്കടുത്തുള്ള പാൽഘഡിൽ സൂര്യ നദിക്കു കുറുകെയുള്ള പാലത്തിലായിരുന്നു അപകടം. അമിത വേഗതയിലായിരുന്നു അനഹിത വാഹനമോടിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇടതുവശത്തുകൂടെ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് ഡിവൈഡറിൽ പോയി ഇടിച്ചത്. അനഹിതയുടെ ഭർത്താവ് ഡാരിയസ് പണ്ടോളെയും മുൻസീറ്റിലായിരുന്നു. മരിച്ച സൈറസ് മിസ്ത്രിയും ജഹാംഗീർ പണ്ടോളെയും പിൻസീറ്റിലായിരുന്നു. അമിതവേഗതയിൽ ഇടതുവശത്തുകൂടെ മറ്റൊരു വാഹനത്തെ ഇവർ സഞ്ചരിച്ച കാറ് മറികടക്കാൻ ശ്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

മിസ്ത്രിക്കു പിന്നാലെ ജഹാംഗീർ ആശുപത്രിയിൽ വച്ചും മരിക്കുകയായിരുന്നു. അനഹിതയുടെയും ഡാരിയസിന്റെയും നില ഗുരുതരമാണ്. വാപിയിലെ റെയിൻബോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇവർ കഴിയുന്നത്.ദാരുണാന്ത്യം ബന്ധുവിന്റെ സംസ്‌കാരചടങ്ങിൽനിന്നു മടങ്ങവെവാഹനത്തിലുണ്ടായിരുന്നവരുമായി സൈറസ് മിസ്ത്രിക്ക് കുടുംബബന്ധമുണ്ട്. മുംബൈയിലെ അറിയപ്പെട്ട കുടുംബമാണ് പണ്ടോളെ. അനഹിതയുടെ ഭർത്താവ് ജെ.എം ഫിനാൻഷ്യലിന്റെ പ്രൈവറ്റ് ഇക്വിറ്റി തലവനാണ്. കമ്പനിയുടെ സി.ഇ.ഒയും മാനേജിങ് ഡയരക്ടറുമാണ്. കഴിഞ്ഞ ദിവസം മരിച്ച ഗുജറാത്തിലുള്ള ബന്ധുവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങവെയാണ് അപകടമുണ്ടായത്.

'Seat belt mandatory for rear occupants'; Nitin Gadkari announced a new law on Cyrus Mistry's death

TAGS :

Next Story