Quantcast

വാട്‌സാപ്പ് അലേര്‍ട്ട് വരെ സ്‌ക്രീനിൽ; ഇത് പുതിയ സുസുക്കി അവെനിസ് 125

ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ ഡിജിറ്റൽ ഡിസ്‌പ്ലെയിൽ നാവിഗേഷൻ, ഇൻകമിങ് കോൾ അലേർട്ട്, മിസ്ഡ് കോൾ അലേർട്ട്, എസ്.എം.എസ് അലേർട്ട്...

MediaOne Logo

Web Desk

  • Published:

    18 Nov 2021 9:52 PM IST

വാട്‌സാപ്പ് അലേര്‍ട്ട് വരെ സ്‌ക്രീനിൽ; ഇത് പുതിയ സുസുക്കി അവെനിസ് 125
X

രണ്ടു പേരെയും വച്ച് ഒരു കയറ്റം കയറാൻ പോലും ബുദ്ധിമുട്ടിയിരുന്ന ഗിയർലെസ് സ്‌കൂട്ടറുകളുടെ കാലം നമ്മൾ മറന്നു കാണാൻ ഇടയില്ല. 100 സിസി എഞ്ചിന്‍ തന്നെ ഗിയർലെസ് സ്‌കൂട്ടറുകൾക്ക് അലങ്കാരമായിരുന്നു. ബോഡിയിലും അധികം ഭംഗിയൊന്നും വേണ്ട എന്നൊക്കെയായിരുന്നു കുറച്ചുകാലം മുമ്പ് വരെ ഗിയർലെസ് സ്‌കൂട്ടറുകളുടെ ലോകം. ഇന്ന് പക്ഷേ ഗിയർലെസ് സ്‌കൂട്ടറുകൾ കടന്നുപോകുന്നത് അങ്ങേയറ്റം മത്സരാത്മകമായ ഒരു കാലഘട്ടത്തിലൂടെയാണ്. സിസി കൂട്ടിയും ഫീച്ചറുകൾ കൂട്ടിയും കമ്പനികൾ പരസ്പരം മത്സരിക്കുകയാണ്.

ആ നിരയിലേക്കാണ് സുസുക്കി അവരുടെ പുതിയ 125 സിസി സ്‌കൂട്ടർ അവെനിസ് അവതരിപ്പിച്ചിരിക്കുന്നത്. 125 സിസിയിൽ നിലവിൽ സുസുക്കിയുടെ ആക്‌സസ്, ബുർഗ്മാൻ സ്ട്രീറ്റ് എന്നീ മോഡലുകളുണ്ട്. ഇതിൽ ആക്‌സസിന്റെ പ്ലാറ്റ്‌ഫോമിലും അതേ എഞ്ചിനിലുമാണ് അവെനിസും അവതരിപ്പിച്ചിരിക്കുന്നത്.

ഡിസൈനിലേക്ക് വന്നാൽ ടിവിഎസ് എൻടോർഖിനും ഹോണ്ട ഡിയോക്കും വെല്ലുവിളിയായാണ് പുതിയ ഡിസൈൻ. യുവാക്കളെ ലക്ഷ്യംവെച്ചാണ് ഇത്തരത്തിലുള്ള ഡിസൈനിലേക്ക് കമ്പനികൾ കടക്കുന്നത്. താഴെയായി ക്രമീകരിച്ചിട്ടുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, ഫേക്ക് വെന്റുകൾ, 3ഡി ലോഗോ, ഡ്യുവൽ ടോൺ നിറം, സ്‌പോർട്ടിയായ എൽഇഡി ടെയിൽ ലാമ്പ്, സ്പ്ലിറ്റ് ഗ്രാബ് റെയിൽ ഇതെല്ലാം പുതിയ സമീപനത്തിന്റെ ഭാഗമാണ്.

കോൾ അലേർട്ട് മുതൽ വാട്‌സാപ്പ് മെസേജ് വരെ സ്‌ക്രീനിൽ

ഫീച്ചറുകളുടെ ധാരാളിത്തമാണ് സുസുക്കി അവെനിസിൽ. ബ്ലൂട്ടൂത്ത് കണക്റ്റിവിറ്റിയോട് കൂടിയ ഡിജിറ്റൽ ഡിസ്‌പ്ലെയിൽ നാവിഗേഷൻ, ഇൻകമിങ് കോൾ അലേർട്ട്, മിസ്ഡ് കോൾ അലേർട്ട്, എസ്.എം.എസ് അലേർട്ട്, വാട്‌സാപ്പ് കോൾ അലേർട്ട് വരെ ലഭിക്കും. കൂടാതെ ഡിജിറ്റൽ മീറ്ററിന് താഴെയുള്ള സ്റ്റോറേജ് സ്‌പേസിൽ യുഎസ്ബി ചാർജിങ് ഓപ്ഷനും ലഭ്യമാണ്.



പ്രശസ്തമായ സുസുക്കിയുടെ ആക്‌സസിന്റെ പ്ലാറ്റ്‌ഫോമിലിറങ്ങുന്ന വാഹനത്തിന് മുന്നിൽ ടെലിസ്‌കോപ്പിക്ക് സസ്‌പെൻഷനും പിന്നിൽ മോണോഷോക്ക് സസ്‌പെൻഷനുമാണ്. മുന്നിൽ 12 ഇഞ്ച് ടയറും പിന്നിൽ 10 ഇഞ്ച് ടയറുമാണ്. നേരത്തെ പേരുകേട്ട സുസുക്കിയുടെ 125 സിസി എഞ്ചിനാണ് അവെനിസിന്റെയും ഹൃദയം. ഇതിന് 6,750 ആർപിഎമ്മിൽ 8.7 എച്ച്പി പവറും 5,500 ആർപിഎമ്മിൽ 10 എൻഎം ടോർഖും ഉത്പാദിപ്പിക്കാൻ സാധിക്കും.

86,700 രൂപയിലാണ് സുസുക്കി അവെനിസ് 125 ന്റെ ഡൽഹിയിലെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ആക്‌സസിന്റെ ബേസ് മോഡലിനെക്കാൾ 12,000 രൂപ അധികമാണിത്. പ്രധാന എതിരാളിയായ ടിവിഎസ് എൻടോർഖിന്റെ വില ആരംഭിക്കുന്നത് 73,270 ലും അവസാനിക്കുന്നത് 85,025ലുമാണ്.

Summary: Suzuki Avenis 125 Launched

Next Story