Quantcast

ഫോർഡിന്റെ പ്ലാന്റിൽ നിന്ന് ഇനി ടാറ്റ കാറുകൾ പുറത്തിറങ്ങും; വൻതുക നൽകി ഫോർഡ് പ്ലാന്റ് ടാറ്റ ഏറ്റെടുത്തു

ഭൂമിയും കെട്ടിടങ്ങളും പ്ലാന്റും മെഷിനറിയും ഉപകരണങ്ങളും കൂടാതെ ഫോർഡിന്റെ പ്ലാന്റിൽ നിലവിലുള്ള യോഗ്യരായ ജീവനക്കാരെയും ടാറ്റ ഏറ്റെടുക്കുമെന്നും കരാറിലുണ്ട്.

MediaOne Logo

Web Desk

  • Published:

    8 Aug 2022 9:10 AM GMT

ഫോർഡിന്റെ പ്ലാന്റിൽ നിന്ന് ഇനി ടാറ്റ കാറുകൾ പുറത്തിറങ്ങും; വൻതുക നൽകി ഫോർഡ് പ്ലാന്റ് ടാറ്റ ഏറ്റെടുത്തു
X

ഫോർഡ് ഇന്ത്യയിലെ ഉത്പാദനവും വിൽപ്പനയും അവസാനിപ്പിച്ച് ഒരു വർഷം പിന്നിട്ടതിന് പിന്നാലെ ഫോർഡിന്റെ ഗുജറാത്തിലെ സാനന്ദ് പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ മോട്ടോഴ്‌സ്. യൂണിറ്റ് ട്രാൻസ്ഫർ എഗ്രിമെന്റ് (UTA) പ്രകാരമാണ് പ്ലാന്റ് ഏറ്റെടുത്തിരിക്കുന്നത്. ടാറ്റയ്ക്ക് കീഴിൽ പുതുതായി രൂപീകരിച്ച സബ്‌സിഡയറി കമ്പനിയായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) ആണ് പ്ലാന്റ് ഏറ്റെടുത്തിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ വേണ്ടി പ്രത്യേകമായി ടാറ്റ രൂപീകരിച്ച കമ്പനിയാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഫോർഡ് ഇന്ത്യ വിട്ടത്.

ഈ ഏറ്റെടുക്കലിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭൂമിയും കെട്ടിടങ്ങളും പ്ലാന്റും മെഷിനറിയും ഉപകരണങ്ങളും കൂടാതെ ഫോർഡിന്റെ പ്ലാന്റിൽ നിലവിലുള്ള യോഗ്യരായ ജീവനക്കാരെയും ടാറ്റ ഏറ്റെടുക്കുമെന്നും കരാറിലുണ്ട്. 725.7 കോടി രൂപയാണ് ഇത്രയും കാര്യങ്ങൾക്കായി ഫോർഡിന് ടാറ്റ നൽകുക.

പ്ലാന്റ് ടാറ്റ ഏറ്റെടുത്താലും പ്ലാന്റിൽ നിന്ന് ലോകവിപണിയിലേക്കായി എഞ്ചിൻ നിർമിക്കുന്നത് ഫോർഡ് തുടരും. ഇതിന് ആവശ്യമായ മെഷീനറികൾ കെട്ടിടങ്ങളും മാറ്റിവെക്കും. ഭാവിയിൽ എപ്പോഴെങ്കിലും ഫോർഡ് എഞ്ചിൻ നിർമാണം അവസാനിപ്പിച്ചാൽ ആ ഉപകരണങ്ങളും സ്ഥലവും കെട്ടിടവും യോഗ്യരായ ജീവനക്കാരെയും ടാറ്റ തന്നെ ഏറ്റെടുക്കുമെന്നും കരാർ വ്യവസ്ഥയുണ്ട്

ഫോർഡിന്റെ പ്ലാന്റ് ടാറ്റ വാഹനങ്ങൾ നിർമിക്കാൻ ഉപയോഗിക്കണമെങ്കിൽ ടാറ്റ ഇനിയും പണം ചെലവഴിക്കേണ്ടതുണ്ട്. ഉപകരണങ്ങളും പ്രൊഡക്ഷൻ ലൈനും ഇവി വാഹനം നിർമിക്കാൻ ഉതകുന്ന രീതിയിൽ മാറ്റണം. നിലവിൽ പ്രതിവർഷം 3,00,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്. ഇത് 4,20,000 വരെ ഉയർത്താനും സാധിക്കും.

ടാറ്റയുടെ ഇന്ത്യയിലെ പ്ലാന്റുകളെല്ലാം ഉത്പാദനശേഷിയുടെ പരമാവധിയോട് അടുക്കുന്ന സാഹചര്യത്തിൽ ഫോർഡിന്റെ പ്ലാന്റ് ഏറ്റെടുത്തത് ടാറ്റയ്ക്ക് ഗുണകരമാകും. പ്രതിവർഷം അഞ്ചു ലക്ഷം കാറുകൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ടാറ്റ കൂടുതൽ അടുക്കാനും ഇത് സഹായിക്കും.

അതേസമയം ഫോർഡിന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്ലാന്റായ ചെന്നൈ പ്ലാന്റിന്റെ കാര്യത്തിൽ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.

TAGS :

Next Story