Quantcast

ഒക്ടോബര്‍ നാലിന് ടാറ്റ പഞ്ച് കളത്തിലിറങ്ങും; വേരിയന്‍റുകളുടെ പേരും ഫീച്ചറുകളും പുറത്ത്

നാല് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. ടാറ്റ ഇപ്പോൾ പിന്തുടർന്ന് വരുന്ന വേരിയന്റുകളുടെ പേരുകളായ എക്‌സ് ഇ, എക്‌സ് എം, എക്‌സ് ടി എന്നീ പേരുകളിൽ നിന്ന് മാറി വ്യത്യസ്തമായ വേരിയന്റ് പേരുകളാണ് പഞ്ചിനുണ്ടാകുക.

MediaOne Logo

Web Desk

  • Published:

    28 Sep 2021 2:05 PM GMT

ഒക്ടോബര്‍ നാലിന്  ടാറ്റ പഞ്ച് കളത്തിലിറങ്ങും; വേരിയന്‍റുകളുടെ പേരും ഫീച്ചറുകളും പുറത്ത്
X

ഇന്ത്യൻ വാഹന വിപണിയിൽ അടുത്ത കാലത്ത് ഏറ്റവും വലിയ ചലനം സൃഷ്ടിച്ച പ്രഖ്യാപനമാണ് മാസങ്ങൾക്ക് മുമ്പ് ടാറ്റ നടത്തിയത്-ടാറ്റയിൽ നിന്നൊരു മൈക്രോ എസ്.യു.വി വരുന്നു. പഞ്ച് എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ ചിത്രം കൂടി പുറത്തുവന്നതോടെ ടാറ്റ ഷോറൂമുകളിൽ നിരവധി അന്വേഷണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഒക്ടോബർ നാലിനാണ് വാഹനം ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിക്കുക. വാഹനത്തിന്റെ എക്സ്റ്റീരിയർ, ഇന്റീരിയർ ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.

പഞ്ചിന്റെ വേരിയന്റുകളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാല് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. ടാറ്റ ഇപ്പോൾ പിന്തുടർന്ന് വരുന്ന വേരിയന്റുകളുടെ പേരുകളായ എക്‌സ് ഇ, എക്‌സ് എം, എക്‌സ് ടി എന്നീ പേരുകളിൽ നിന്ന് മാറി വ്യത്യസ്തമായ വേരിയന്റ് പേരുകളാണ് പഞ്ചിനുണ്ടാകുക.

പ്യൂർ, അഡ്‌വെഞ്ച്വർ, അക്കംബ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിവയായിരിക്കും വിവിധ വേരിയന്റുകളുടെ പേര്.


വൈറ്റ്, ഗ്രേ, സ്റ്റോൺഹെൻജ് എന്നീ മോണോ ടോൺ നിറങ്ങളിലും, വൈറ്റ് ആൻഡ് ബ്ലാക്ക്, ഗ്രേ ആൻഡ് ബ്ലാക്ക്, ഓറഞ്ച് ആൻഡ് ബ്ലാക്ക്, ബ്ലൂ ആൻഡ് വൈറ്റ്, സ്‌റ്റോൺ ഹെഞ്ച് ആൻഡ് ബ്ലാക്ക്, അർബൻ ബ്രോൺസ് ആൻഡ് ബ്ലാക്ക് എന്നീ ഡ്യൂയൽ ടോൺ നിറങ്ങളിലും പഞ്ച് ലഭിക്കും. ഡ്യൂവൽ ടോൺ നിറങ്ങൾ ടോപ് എൻഡ് മോഡലായ ക്രീയേറ്റീവിൽ മാത്രമായിരിക്കും ലഭിക്കുക.

എംഎടി ഗിയർബോക്‌സ് ഓപ്ഷൻ ലഭ്യമാകുക മിഡിൽ ഓപ്ഷനായ അഡ്വവെഞ്ചർ മുതൽ മുകളിലേക്ക് മാത്രമായിരിക്കും.വാഹനത്തിന്റെ മറ്റു ഫീച്ചറുകളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ടാറ്റ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും പുറത്തുവന്ന സൂചനകൾ അനുസരിച്ച് 7.0 ഇഞ്ച് ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക്ക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളടക്കമുള്ള ഒരു ഫുള്ളി പാക്ക്ഡ് മൈക്രോ എസ്.യു.വിയാണ് പഞ്ച്.


ടാറ്റ അൽട്രോസിൽ ഉപയോഗിച്ചിരിക്കുന്ന ആൽഫാ പ്ലാറ്റ് ഫോമിലാണ് പഞ്ചും നിർമിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അൽട്രോസിലെ 90 ഡിഗ്രി ഓപ്പണിങ് ഡോർ സവിശേഷത പഞ്ചിനും ലഭിക്കും.

ഇന്ത്യക്കാർക്ക് ഇതിനോടകം തന്നെ സുപരിചിതമായ ടാറ്റയുടെ 1.2 ലിറ്റർ ശേഷിയുള്ള 3-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പഞ്ചിന് കരുത്ത് പകരുക. കുറഞ്ഞ വേരിയന്റുകൾക്ക് ടിയാഗോയിലും ടിഗോറിലും കാണുന്ന 83 ബിഎച്ചപി കരുത്തുള്ള നാച്ചുറലി ആസ്പിറേറ്റ് എഞ്ചിനാണ് ഉണ്ടാകുക. കൂടിയ വേരിയന്റുകളിൽ ടാറ്റ അൾട്രോസ് ഐ-ടർബോയിൽ പരീക്ഷിച്ച 1.2 ലിറ്റർ ടർബോ ചാർജഡ് എഞ്ചിനും ഉണ്ടാകും.

ഒക്ടോബർ 4 ന് വാഹനം പുറത്തിറക്കി ബുക്കിങ് ആരംഭിക്കുമെങ്കിലും വാഹനത്തിന്റെ വില ഒക്ടോബർ പകുതിയോട് മാത്രമേ പുറത്തുവിടൂ. 5.50 ലക്ഷം മുതൽ 8 ലക്ഷം രൂപയാണ് പഞ്ചിന്റെ വില പ്രതീക്ഷിക്കുന്നത്. മാരുതി ഇഗ്നിസാണ് പഞ്ചിന്റെ നേരിട്ടുള്ള എതിരാളിയെങ്കിലും വിലയുടെ കാര്യം വരുമ്പോൾ നിസാൻ മാഗ്നൈറ്റും റെനോൾട്ട് കൈഗറുമായും പഞ്ചിന് മത്സരിക്കേണ്ടി വരും.

TAGS :

Next Story