Quantcast

സെക്കൻഡ് ഹാൻഡ് കാർ വാങ്ങും മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം ?

കൗതുകകരമായ വസ്തുത അല്ലെങ്കിൽ ഒരു തെറ്റിധാരണയാണ് കാലപഴക്കം കൂടിയാലും വളരെ കുറഞ്ഞ കിലോമീറ്ററുകൾ ഓടിയ വാഹനങ്ങൾ മികച്ചതാണ് എന്നതാണ്. ആ ധാരണ തെറ്റാണ് വാഹനം ഓടാൻ വേണ്ടി നിർമിച്ച ഒരു യന്ത്രമാണ്. അത് ആവശ്യത്തിന് ഓടിയില്ലെങ്കിലും യന്ത്രങ്ങൾക്ക് പ്രശ്നമുണ്ടാകാറുണ്ട്. അപ്പോൾ അത്തരം വാഹനങ്ങളും കണ്ണുമടച്ച് വാങ്ങരുത്.

MediaOne Logo

Nidhin

  • Published:

    4 Nov 2021 12:29 PM GMT

സെക്കൻഡ് ഹാൻഡ് കാർ വാങ്ങും മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം ?
X

കാർ വാങ്ങുന്നത് ഒരു ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായി കാണുന്ന നിരവധി പേരുണ്ട്. അവരിൽ പലരേയും പിന്നോട്ടടിക്കുന്ന കാര്യമായിരിക്കും പുതിയ വാഹനങ്ങളുടെ വില. അപ്പോഴാണ് സെക്കൻഡ് ഹാൻഡ് കാറുകൾ അല്ലെങ്കിൽ യൂസ്ഡ് കാറുകൾ നമ്മുടെ മനസിലേക്ക് വരുന്നത്.

പക്ഷേ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങുക എന്നത് ഒരുപാട് റിസ്‌ക് എലമെന്റ്സുള്ള കാര്യമാണ്. നോക്കീം കണ്ടും ചെയ്തില്ലെങ്കിൽ അതൊരു നഷ്ടക്കച്ചവടമായി മാറും. ഏതെങ്കിലും കാറിന് ഡോക്ടർ സ്റ്റിക്കർ ഒട്ടിച്ച് വിലകൂട്ടി വിറ്റ, ബജാജ് എഞ്ചിൻ വച്ച് ആർഎക്‌സ് വിറ്റ നാടാണ് സാറെ ഇത്.

അപ്പോൾ ഒരു യൂസ്ഡ് കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് നോക്കാം...

ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഇത് അൽപ്പം സമയമെടുത്ത് ചെയ്യേണ്ട ഒരു പ്രക്ിയയാണ്. നിങ്ങൾ നന്നായി ഹോം വർക്ക് ചെയ്യേണ്ടി വരും. ആദ്യം നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഏത് ടൈപ്പ് കാർ വാങ്ങണമെന്ന് തീരുമാനിക്കണം. ഒരു ഹാച്ച് ബാക്ക് വേണോ, സെഡാൻ വേണോ അതോ കോംപാക്ട് എസ്.യു.വി വേണമോ, അതോ എംയുവി അതുമല്ലെങ്കിൽ എസ്.യു.വി ആണോ നിങ്ങളുടെയും കുടുംബത്തിന്റയും ആവശ്യമനുസരിച്ചാണ് ഇത് തെരഞ്ഞെടേക്കേണ്ടത്.. നിങ്ങളുടെ ബഡ്ജറ്റ് ഇതിൽ ഒരു പ്രധാന ഘടകമാണ്...

ഏത് ബ്രാൻഡ് കാർ

ആഡംബര കാറുകൾ ഉൾപ്പെടെ ഏകദേശം 45 ഓളം കാർ ബ്രാൻഡുകൾ ഇന്ത്യയിൽ വിൽപ്പന നടത്തുന്നുണ്ട്. സെക്കൻഡ് ഹാൻഡ് കാറുകളുടെ കാര്യത്തിലേത്ത് വരുമ്പോൾ അത് ഇന്ത്യയിൽ വിപണനം അവസാനിച്ച കാറുകളും ഉൾപ്പെടും. ഇത്രയും ബ്രാൻഡുകൾക്ക് വിവിധ മോഡലുകളുമുണ്ട്. ഇത്രയും വലിയ ഒരു ലിസ്റ്റിൽ നിന്നാണ് നിങ്ങൾ വാഹനം തെരഞ്ഞെടുക്കേണ്ടത്. നേരത്തെ പറഞ്ഞപോലെ അത്ര പെട്ടെന്ന് നടക്കില്ല.

ബ്രാൻഡിന്റെ റിലയബിലിറ്റി, സർവീസ്, സ്പെയർ പാർട്സ് ലഭ്യത, പരിപാലന ചെലവ്, ബ്രാൻഡിന്റെ നിലവിലെ അവസ്ഥ, ഇവയൊക്കെ പരിഗണിക്കണം. കൂടാതെ ഇന്ത്യയിൽ ബിസിനസ് അവസാനിച്ച ബ്രാൻഡ് പരമാവധി ഒഴിവാക്കുക. കാരണം അതിന്റെ കമ്പനി സർവീസ് ഇനി കുറച്ചു വർഷങ്ങൾ കൂടി മാത്രമേ ലഭ്യമാകൂ. പിന്നെ ഈ തീരുമാനം നിങ്ങളുടെ റിസ്‌കാണ്. നിങ്ങൾ ആ റിസ്‌ക് എടുക്കുന്നുണ്ടെങ്കിൽ അതെടുക്കാം.

ഇനി കാർ ഏതുവഴി വാങ്ങണം. നാട്ടിലെ ചങ്ക് കൂട്ടുകാരന്റെ വാഹനം മുതൽ അൾട്രാ മോഡേൺ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വരെ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. പരിചയത്തിലുള്ള വാഹനങ്ങൾ, പത്ര പരസ്യം, ബ്രോക്കർമാർ, സെക്കൻഡ് ഹാൻഡ് ഷോറൂമുകൾ, ഓൺലൈൻ പ്ലാറ്റ്ഫോം അങ്ങനെ നിങ്ങൾ എല്ലാ രീതിയിലും നിങ്ങളുടെ ഇഷ്ടത്തിന് പറ്റിയ വാഹനം തേടുക. ഇപ്പോൾ മാരുതി ട്രൂവാല്യു, ടാറ്റ അഷ്വർഡ്, ഹ്യുണ്ടായി എച്ച് പ്രോമിസ്, ഹോണ്ട ഓട്ടോ ടെറസ് വാഹനമെടുക്കാൻ സാധിക്കും. ഇങ്ങനെ അംഗീകൃത ഷോറൂമുകളിൽ നിന്ന് വില അൽപ്പം കൂടിയാലും സർട്ടിഫൈഡ് കാറുകൾ ലഭിക്കും.

കാർ തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

വാഹനത്തിന്റെ പഴക്കം, പഴക്കം ചെല്ലുതോറും വാഹനത്തിന്റെ വിലയും കുറയും, പക്ഷേ അതുപോലെ തന്നെ വാഹനത്തിന്റെ പ്രവർത്തനക്ഷമതയും കുറയുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല, എത്ര നന്നായി നോക്കിയെന്ന് പറഞ്ഞാലും അതിനുമില്ലേ ഒരു ആയുസ്. അതുകൊണ്ട് കുറേനാളുകൾ ഉപയോഗിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ അഞ്ച് വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ തെരഞ്ഞെടുക്കാതിരിക്കുക. വാഹനത്തിന് ലോൺ ലഭിക്കാനും അതാണ് നല്ലത്.

പിന്നെ പരിശോധിക്കേണ്ടത് വാഹനത്തിന്റെ സർവീസ് ഹിസ്റ്ററിയാണ്. കൃത്യമായ സർവീസ് ഹിസ്റ്ററിയുണ്ടെന്ന് ഉറപ്പുവരുത്തുക. വളരെയധികം പഴക്കം ചെന്ന വാഹനങ്ങൾക്ക് അത് ലഭിക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. വാഹനത്തിന്റെ സർവീസ് ബുക്ക് പരിശോധിച്ചോ ഷോറൂമുമായി ബന്ധപ്പെട്ടോ വാഹനത്തിന്റെ സർവീസ് ഹിസ്റ്ററി ലഭിക്കും. അത് പരിശോധിക്കുന്നത് വഴി നിരവധി നേട്ടങ്ങളുണ്ട്. വാഹനം കൃത്യമായി പരിപാലിക്കപെട്ടിട്ടുണ്ടോ, ആക്സിഡറ്റ് റീപ്ലേസുമെന്റുകളുണ്ടോ കൂടാതെ വാഹനത്തിന്റെ ഓഡോ മീറ്ററിൽ കിലോമീറ്റർ ഫേക്ക് ആണോ എന്നും അവസാന സർവീസ് ചെയ്ത കിലോമീറ്റർ നോക്കി മനസിലാക്കാൻ സാധിക്കും.

നേരത്തെ പരാമർശിച്ച ട്രൂവാല്യു പോലുള്ള സർട്ടിഫൈഡ് ഷോറൂമുകൾ സെക്കൻഡ് വാഹനങ്ങൾക്കും വാറന്റി നൽകാറുണ്ട്, മാത്രമല്ല ചില സാധാരണ ഷോറൂമുകളും നൽകാറുണ്ട്. ഇത് നിങ്ങളുടെ ടെൻഷൻ കുറയ്ക്കാൻ സഹായിക്കും.

മോഡിഫിക്കേഷൻ പലർക്കും ഒരു ക്രേസാണ്. പക്ഷേ സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ മോഡിഫൈഡ് കാറുകൾ വാങ്ങുക എന്നത് ഒരു കാൽക്കുലേറ്റഡ് റിസ്‌കാണ്. ചിലപ്പോൾ അഡാർ ലുക്കും പെർഫോമൻസും ലഭിക്കും, ചിലപ്പോൾ ക്വാളിറ്റി കുറഞ്ഞ പാർട്ടുകളുള്ള പെർഫോമൻസ് കുറഞ്ഞ വാഹനങ്ങളും ലഭിക്കാം. ഇത്തരം വാഹനങ്ങൾ ചിലപ്പോൾ നിയമവിധേയമല്ലാതായെകാം. അപകടങ്ങൾ സംഭവിച്ചാൽ ഇൻഷ്വറൻസ് നിഷേധിക്കാൻ പോലും മോഡിഫിക്കേഷൻ കാരണമാകും.

ഉടമസ്ഥരുടെ എണ്ണവും സെക്കൻഡ് ഹാൻഡ് കാറുകളുടെ വില നിർണയിക്കുന്ന ഘടകമാണ്. വാഹനം കൈമാറുന്ന ആർസി ഉടമകളുടെ എണ്ണം കൂടുന്നതിനുരിച്ച് വാഹനത്തിന്റെ വിലയും കുറയും. അതോടൊപ്പം വാഹനത്തിന്റെ പെർഫോമൻസും കുറയാൻ സാധ്യതയുണ്ട്. വെബ്‌സൈറ്റിൽ കയറി ആർസി ഹിസ്റ്ററി പരിശോധിച്ചാൽ ഇത് കൃത്യമായി കണ്ടെത്താൻ സാധിക്കും.

പിന്നെ കൗതുകകരമായ വസ്തുത അല്ലെങ്കിൽ ഒരു തെറ്റിധാരണയാണ് കാലപഴക്കം കൂടിയാലും വളരെ കുറഞ്ഞ കിലോമീറ്ററുകൾ ഓടിയ വാഹനങ്ങൾ മികച്ചതാണ് എന്നതാണ്. ആ ധാരണ തെറ്റാണ് വാഹനം ഓടാൻ വേണ്ടി നിർമിച്ച ഒരു യന്ത്രമാണ്. അത് ആവശ്യത്തിന് ഓടിയില്ലെങ്കിലും യന്ത്രങ്ങൾക്ക് പ്രശ്നമുണ്ടാകാറുണ്ട്. അപ്പോൾ അത്തരം വാഹനങ്ങളും കണ്ണുമടച്ച് വാങ്ങരുത്.

പിന്നെ ചില മിത്തുകളാണ് ഡോക്ടർ ഉപയോഗിച്ച കാർ, ടീച്ചർ ഉപയോഗിച്ച കാർ. ഇവയൊക്കെ വെറും ഗിമിക്കാണ്. കാർ തലയിൽ വച്ച് പോകുന്ന ഡോക്ടർമാരെയൊന്നും നിങ്ങൾക്ക് പരിചയമില്ലല്ലോ. അവരും നമ്മുടെ റോഡിലൂടെ തന്നെ ചിലപ്പോൾ നമ്മളെക്കാൾ വളരെ മോശമായി വണ്ടിയോടിച്ച് പോകുന്നവരാണ്. അതുകൊണ്ട് ആ പ്രലോഭനത്തിൽ വീഴരുത്. ഒരു ഡോക്ടറുടെ സ്റ്റിക്കർ നിങ്ങളുടെ വാഹനത്തിന് അധികമായി ഒന്നും നൽകുന്നില്ല.

എല്ലാം കഴിഞ്ഞു ഒരു വാഹനം തെരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്തത് അതിന്റെ പരിശോധനയാണ്. ഒരിക്കലും പെട്ടെന്ന് പോയി വാഹനം വാങ്ങി വരരുത്. വാഹനം വാങ്ങാനായി ഒരു പകുതി പകലെങ്കിലും മാറ്റി വെക്കണം. നിങ്ങൾ കാർ വാങ്ങാൻ പോകുമ്പോൾ വാഹന സംബന്ധമായി അറിവുള്ള ഒരു സുഹൃത്തിനെ കൂടെ കൂട്ടുക. നിങ്ങൾക്ക് നല്ല അറിവുണ്ടെങ്കിലും ഒരാളെ കൂടെ കൂട്ടുക. ചിലപ്പോൾ നിങ്ങൾ കണ്ടുപിടിക്കാത്തത് കണ്ടുപിടിക്കാൻ അയാൾക്ക് സാധിക്കും.

ആ സുഹൃത്തിനെയും കൂട്ടി പകൽ തന്നെ പോകുക. കാരണം രാത്രി ബോഡിയിലെയും ഇന്റീരിയറിലെയും പല പിഴവുകളും കാണാൻ സാധിച്ചേക്കില്ല. ഇനി വരുന്നതാണ് ഏറ്റവും പ്രധാനം വാഹനത്തിന്റെ ബോഡി, ഇന്റീരിയർ, എഞ്ചിൻ എല്ലാം അടപടലി പരിശോധിക്കുക. അതിന് വേണ്ടി ഒരു ടെസ്റ്റ് ഡ്രൈവ് നടത്തുക. പരിചയമുള്ള ഒരു മെക്കാനിക്കിനെ സമീപിക്കുക. പുതിയ തലമുറ വാഹനങ്ങളാണെങ്കിൽ ഷോറൂമുകളിൽ അൽപ്പം പണം ചെലവാക്കിയാൽ അവർ ഫുൾ ചെക്ക് ചെയ്തു തരും.

ടെസ്റ്റ് ഡ്രൈവിൽ സ്റ്റീരിയോ ഓഫ് ചെയ്ത് റണ്ണിങിലും കുലുങ്ങുമ്പോഴോ എഞ്ചിനിൽ നിന്നോ അസ്വാഭാവികമായി വല്ല ശബ്ദമുണ്ടോ എന്ന് പരിശോധിക്കുക ഉണെങ്കിൽ അത് എന്താണെന്ന് മനസിലാക്കുക. ഓപ്പൺ റോഡിൽ, ബംബർ ടു ബംബർ ട്രാഫിക്കിൽ കയറ്റത്തിൽ ഇറക്കത്തിൽ എല്ലാം വാഹനമോടിച്ചു നോക്കണം.. പറ്റുമെങ്കിൽ വാഹനം ഒരു ദിവസം കൈയിൽ വെക്കാൻ ആവശ്യപ്പെടുക. ചില ഓൺലൈൻ സൈറ്റുകൾ ഒരാഴ്ച വരെ വാഹനം പരിശോധിക്കാൻ കൈയിൽ വെക്കാൻ നൽകാറുണ്ട്.

പിന്നെ വാഹനത്തിന്റെ വില തീരുമാനിക്കുന്ന പ്രക്രിയയാണ്. ഒരു കാര്യം മനസിലാക്കുക ലോകത്ത് ഒരു യൂസ്ഡ് കാറിനും കൃത്യമായ വിലയില്ല, അതിരിക്കുന്നത് നിങ്ങളുടെ വിലപേശൽ കഴിവിലാണ്. ഇനി രേഖകൾ പരിശോധിക്കണം. ഒറിജിനൽ ആർസി ഉറപ്പായും വേണം. അതിൽ നോക്കി വാഹനത്തിന്റെ നിർമാണ തീയതി ഉറപ്പാക്കണം. കൂടാടെ അതിലെ എഞ്ചിൻ നമ്പറും വാഹനത്തിലുള്ളതും ഒന്നാണെന്ന് പരിശോധിക്കണം. ചിലർ പെർഫോർമൻസ് കൂട്ടാൻ എഞ്ചിൻ മാറ്റാറുണ്ട്. അത് പരിശോധിക്കണം. പിന്നെ ഇനി എത്ര വർഷം വാഹനത്തിന് റീ റജിസ്ട്രേഷൻ ബാക്കിയുണ്ടെന്ന് പരിശോധിക്കണം. 15 വർഷമാണ് സ്വകാര്യ വാഹനത്തിന്റെ രജിസ്‌ട്രേഷൻ കാലാവധി.

പുതിയ നയമനുസരിച്ച് 20 വർഷമാണ് സ്വകാര്യ വാഹനങ്ങളുടെ പരമാവധി ആയുസ്. അത് കഴിഞ്ഞാൽ ഫിറ്റ്നെസ് പുതുക്കണം. വാണിജ്യ വാഹനങ്ങൾക്ക് ഇത് 15 വർഷമാണ്. ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പരിവാഹൻ സൈറ്റിലും കേരള പൊലീസിന്റെ സൈറ്റിലും വാഹനത്തിന് നിലവിൽ ഫൈനുകൾ അടക്കാൻ ബാക്കിയുണ്ടോ എന്നറിയാൻ സാധിക്കും. വാഹനം ബ്ലാക്ക് ലിസ്റ്റിൽ പെട്ടിടുണ്ടോ എന്ന് അറിയാനും സാധിക്കും. ഇത് പരിശോധിക്കുക എന്നത് നിർബന്ധമാണ്. അല്ലെങ്കിൽ ആരെങ്കിലും ഉണ്ടാക്കിയ തെറ്റിന് നിങ്ങൾ പിഴയടക്കേണ്ടി വരും.

ഇൻഷുറൻസ് ഫുൾ കവർ ആണോ എന്ന പരിശോധിക്കണം. നോ ക്ലെയിം ബോണസ് ഉണ്ടോ എന്നും പരിശോധിക്കണം. ഇൻഷുറൻസിന്റെ കാലാവധിയും പരിശോധിക്കണം. വാഹനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് കീ നൽകാൻ ആവശ്യപ്പെടുക.

പിന്നീട് വാഹനത്തെ സംബന്ധിച്ച എല്ലാ ഇടപാടുകൾക്കും രേഖയുണ്ടാകുക. സെയിൽ ലെറ്ററിന് ഇപ്പോൾ പ്രാമുഖ്യം നഷ്ടപ്പെട്ടെങ്കിലും ഒരു ഉറപ്പിന് അത് വാങ്ങാം. വാഹനം നിങ്ങൾക്ക് ലഭിച്ചാൽ അന്നോ അല്ലെങ്കിൽ തൊട്ടടുത്ത ദിവസമോ നിർബന്ധമായും ആർസി മാറ്റുക. ഇപ്പോൾ ഇത് പെട്ടെന്ന നടക്കുന്ന ഒരു പ്രോസസാണ്. പിന്നെ എല്ലാവരും മറക്കുന്ന മറ്റൊരു കാര്യമാണ് ഇൻഷുറൻസ് സർട്ടിഫിക്കിറ്റിൽ നിങ്ങളുടെ പേര് നൽകുക എന്നത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ ഒരു അപകടം സംഭവിച്ചാൽ നിങ്ങളുടെ ആ ഇൻഷൂറൻ്സ് സർട്ടിഫിക്കറ്റിന് ഒരു വിലയുമുണ്ടാകില്ല.

ഇനി ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട കാര്യം വാഹനം വാങ്ങി വീട്ടിലെത്തി പിറ്റേദിവസം തന്നെ വാഹനം ഒരു റെഗുലർ സർവീസിന് നൽകണം. അതിൽ വിവിധ ഫ്്ളൂയിഡുകളുടെ റീഫില്ലിങ്, തേയ്മാനം സംഭവിച്ച ഭാഗങ്ങളുടെ റീപ്ലേസ്മെന്റ് എന്നിവ ചെയ്യാം.. കാരണം ഇനി ആ വാഹനം നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് അതിനെ നന്നായി നോക്കേണ്ടത് നിങ്ങളുടെ കടമയാണ്.

TAGS :

Next Story