Quantcast

ഇത് കളി വേറെ !; ഇലക്ട്രിക് ത്രീ-വീലർ വിപണി പിടിക്കാൻ ഹ്യുണ്ടായിയും ടിവിഎസും ഒന്നിക്കുന്നു

വെള്ളക്കെട്ടുള്ള റോഡുകൾക്കായി മാറ്റം വരുത്താവുന്ന ഗ്രൗണ്ട് ക്ലിയറൻസ്, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ, ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ തെർമൽ മാനേജ്മെന്റ് എന്നിവ പുതിയ വാഹനത്തിൽ ഉണ്ടാവും

MediaOne Logo
ഇത് കളി വേറെ !; ഇലക്ട്രിക് ത്രീ-വീലർ വിപണി പിടിക്കാൻ ഹ്യുണ്ടായിയും ടിവിഎസും ഒന്നിക്കുന്നു
X

ന്യൂഡൽഹി/സോൾ: ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കമ്പനിയും ടിവിഎസ് മോട്ടോർ കമ്പനിയും. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഇലക്ട്രിക് ത്രീ-വീലറുകൾ നിർമ്മിക്കുന്നതിനായി ഇരു കമ്പനികളും തമ്മിൽ കരാർ ഒപ്പിട്ടു. 2026-ലെ കൊറിയ-ഇന്ത്യ ബിസിനസ് ഫോറത്തിൽ വെച്ചാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്.

വാഹനത്തിന്റെ രൂപകൽപ്പന ഹ്യുണ്ടായിയുടെ നേതൃത്വത്തിലായിരിക്കും. തങ്ങളുടെ ആഗോള ഗവേഷണ-വികസന മികവ് ഇതിനായി ഹ്യുണ്ടായ് ഉപയോഗപ്പെടുത്തും. അതേസമയം, ടിവിഎസ് നിർമ്മാണത്തിനും ഇന്ത്യയിലെ വിപണനത്തിനുമാണ് നേതൃത്വം നൽകുക. ഇന്ത്യയിലെ റോഡുകൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലായിരിക്കും വാഹനം നിർമ്മിക്കുന്നത്. വെള്ളക്കെട്ടുള്ള റോഡുകൾക്കായി മാറ്റം വരുത്താവുന്ന ഗ്രൗണ്ട് ക്ലിയറൻസ്, മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ, ചൂടുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ തെർമൽ മാനേജ്മെന്റ് എന്നിവ പുതിയ വാഹനത്തിൽ ഉണ്ടാവും. യാത്രക്കാരെ കൊണ്ടുപോകുന്നതിനും ചരക്ക് നീക്കത്തിനും ഒരേപോലെ ഉപയോഗിക്കാവുന്ന തരത്തിൽ മാറ്റം വരുത്താവുന്ന ക്യാബിൻ സൗകര്യം ഇതിന്റെ പ്രത്യേകതയാണ്.

വാഹനത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഇതിലൂടെ നിർമ്മാണ ചിലവ് കുറയ്ക്കാനും സ്‌പെയർ പാർട്ടുകൾ എളുപ്പത്തിൽ ലഭ്യമാക്കാനും സാധിക്കും. ഇത് ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പദ്ധതിയുടെ ആദ്യ ചർച്ചകൾ 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹ്യുണ്ടായ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ആരംഭിച്ചത്. 2025-ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ഇതിന്റെ കൺസെപ്റ്റ് മോഡൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ കരാർ ഒപ്പിട്ടതോടെ പദ്ധതി ഔദ്യോഗികമായി ഉൽപ്പാദന ഘട്ടത്തിലേക്ക് കടക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ത്രീ-വീലർ വിപണിയായ ഇന്ത്യയിലായിരിക്കും ഈ വാഹനം ആദ്യം പുറത്തിറക്കുക. അതിനുശേഷം മറ്റ് ആഗോള വിപണികളിലേക്ക് വിതരണം വ്യാപിപ്പിക്കാനും കമ്പനികൾക്ക് പദ്ധതിയുണ്ട്. ഹ്യുണ്ടായിയുചെ സാങ്കേതിക തികവും ടിവിഎസിന്റെ വിപണിയിലെ പരിചയസമ്പത്തും ഒത്തുചേരുമ്പോൾ ഇലക്ട്രിക് ത്രീ-വീലർ രംഗത്ത് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

TAGS :

Next Story