Quantcast

ആഗസ്റ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ 10 കാറുകൾ ഇവയാണ്

വില്‍പ്പനയില്‍ കുറവുണ്ടായെങ്കിലും പട്ടികയിലെ ഏറ്റവും കൂടുതല്‍ ആറ് കാറുകളും മാരുതി സുസുക്കിയുടേതാണ്.

MediaOne Logo

Web Desk

  • Published:

    4 Sep 2021 4:54 PM GMT

ആഗസ്റ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ 10 കാറുകൾ ഇവയാണ്
X

ഇന്ത്യൻ കാർ വിപണിയിൽ മികച്ച വളർച്ച രേഖപ്പെടുത്തിയ മാസമാണ് കടന്നുപോയത്. 10.9 ശതമാനം വളർച്ചയാണ് ആഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ വിൽപ്പനയിലുണ്ടായത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ വിറ്റത് 2,34,079 കാറുകളായിരുന്നെങ്കിൽ ഈ വർഷം വിറ്റത് 2,59,55 കാറുകളാണ്. അതിൽ ഏറ്റവും കൂടുതൽ വിറ്റ പത്തു കാറുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഏറ്റവും കൂടുതൽ വിറ്റ പത്ത് കാറുകളിൽ ആറ് കാറും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മാരുതി സുസുക്കിയുടേത് തന്നെയാണ്. കാര്യങ്ങൾ അങ്ങനെയാണെങ്കിലും മാരുതി സുസുക്കിയുടെ കാറുകളുടെ വിൽപ്പനയിൽ 8.7 ശതമാനം കുറവാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്. മാത്രമല്ല സെമി കണ്ടക്ടറുകളുടെ ക്ഷാമം മൂലം കമ്പനി ഉത്പാദനത്തിലും കുറവ് വരുത്തിയിരുന്നു.

1. മാരുതി സുസുക്കി ബലേനോ

മാരുതി സുസുക്കി അവരുടെ പ്രീമിയം ഷോറൂമായ നെക്‌സ വഴി വിൽക്കുന്ന ബലേനോയാണ് കഴിഞ്ഞ മാസം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങിയത്. 15,646 ബലേനോകളാണ് കഴിഞ്ഞമാസം നിരത്തിലിറങ്ങിയത്. ജൂലൈ മാസത്തിൽ അത് 10,742 യൂണിറ്റായിരുന്നു-46 ശതമാനത്തിന്റെ വളർച്ചയാണ് ഒരു മാസം കൊണ്ട് ഉണ്ടായത്.

2. മാരുതി സുസുക്കി ആൾട്ടോ

നിരത്തിൽ ടയർ കുത്തിയ കാലം തൊട്ട് ഇന്ത്യക്കാർ ഹൃദയത്തോട് ചേർത്തുവച്ച വാഹനമാണ് ആൾട്ടോ. ആദ്യം ആൾട്ടോ ഇറങ്ങിയപ്പോഴും പിന്നീട് ആൾട്ടോ 800 വന്നപ്പോഴും ഇപ്പോ വീണ്ടും ആൾട്ടോ ആയപ്പോഴും ആ സ്‌നേഹം തുടരുകയാണ്. അതുകൊണ്ടു തന്നെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് സാധാരണക്കാരന്റെ ആൾട്ടോയാണ്. 13,236 ആൾട്ടോയാണ് കഴിഞ്ഞമാസം നിരത്തിലിറങ്ങിയത്. അതേസമയം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പനയിൽ നിന്ന് ആൾട്ടോ പുറകോട്ടാണ് പോയത്. ആഗസ്റ്റ് 2020ൽ 14,397 ആൾട്ടോ വിൽക്കാൻ മാരുതിക്കായിരുന്നു.

3. മാരുതി സുസുക്കി വിറ്റാര ബ്രസ്സ

മാരുതി സുസുക്കിയുടെ ആഗസ്റ്റിലെ വിൽപ്പനയിൽ മികച്ച പങ്ക് വഹിച്ചത് കോപാക്ട് എസ്.യു.വികളിലെ അവരുടെ പൊന്നോമനയായ വിറ്റാര ബ്രസ്സയാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കോപാക്ട് എസ്.യു.വിയും ബ്രസ്സ തന്നെ. 12,906 ബ്രസ്സകളാണ് കഴിഞ്ഞ മാസം നിരത്തിൽ ടയർ കുത്തിയത്. കോംപാക്ട് എസ്.യു.വികളോട് ഇന്ത്യക്കാരുടെ ഇഷ്ടം കൂടുന്നു എന്നതിന്റെ എത്രയും വലിയ ഉദാഹരണമാണ്- കഴിഞ്ഞ വർഷം ആഗസ്റ്റിൽ 6903 യൂണിറ്റുകൾ മാത്രം വിറ്റ ബ്രസ്സ 87 ശതമാനത്തിന്റെ വളർച്ച നേടിയത്.

4. ഹ്യുണ്ടായി ക്രെറ്റ

ഏറ്റവും കൂടുതൽ വിറ്റ കാറുകളുടെ ലിസ്റ്റിൽ ആദ്യ അഞ്ചിലുള്ള മാരുതി സുസുക്കിയുടേത് അല്ലാത്ത ഏക വാഹനം ഹ്യുണ്ടായിയുടെ ക്രെറ്റയാണ്. 12,906 ക്രെറ്റയാണ് കഴിഞ്ഞ മാസം ഹ്യുണ്ടായി വിറ്റത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 11,758 ക്രെറ്റയാണ് നിരത്തിലിറങ്ങിയത്- ഏഴ് ശതമാനത്തിന്റെ വളർച്ച. ഇന്ത്യയിൽ ഹ്യുണ്ടായിയുടെ വളർച്ചയ്ക്ക് വലിയ പങ്ക് വഹിക്കുന്ന വാഹനമാണ് ക്രെറ്റ.

5. മാരുതി സുസുക്കി സ്വിഫ്റ്റ്

സെമി കണ്ടക്ടറുകളുടെ ക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ച മോഡലുകളിലൊന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. എന്നിരുന്നാലും പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്താൻ സ്വിഫ്റ്റിന് സാധിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 14,869 സ്വിഫ്റ്റ് വിറ്റുപോയെങ്കിൽ ഇത്തവണ 16 ശതമാനം കുറഞ്ഞ് 12,483 സ്വിഫ്റ്റ് മാത്രമാണ് റോഡിലെത്തിയത്.

6. മാരുതി സുസുക്കി ഇക്കോ

പട്ടികയിൽ ഒട്ടും പ്രതീക്ഷിക്കാത്ത വാഹനമാണ് ഇക്കോ. പക്ഷേ 10,666 ഇക്കോയാണ് കഴിഞ്ഞ മാസം നിരത്തിലിറങ്ങിയത്. ഏറ്റവും വിലകുറഞ്ഞ ഏഴ് സീറ്റർ വാഹനം എന്നതും ബിസിനസ് ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ഇക്കോയുടെ സെല്ലിങ് പോയിന്റ്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 9,115 ഇക്കോയാണ് വിറ്റഴിഞ്ഞത്.- 17 ശതമാനത്തിന്റെ വളർച്ച.

7. ടാറ്റ നെക്‌സോൺ

ആദ്യ പത്തിൽ സ്ഥാനം പിടിച്ച ടാറ്റയുടെ ഏക വാഹനമാണ് കോപാക്ട് എസ്.യു.വിയായ നെക്‌സോൺ. വലിയ വളർച്ചയാണ് നെക്‌സോണിന്റെ വിൽപ്പനയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജുലൈയെക്കാളും ഇരട്ടി വിൽപ്പനയാണ് ആഗസ്റ്റിൽ നെക്‌സോൺ നേടിയത്. 10,006 നെക്‌സോൺ ഇന്ത്യക്കാർ ആഗസ്റ്റിൽ മാത്രം വാങ്ങിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 2,179 നെക്‌സോൺ മാത്രമാണ് നിരത്തിലിറങ്ങിയത് എന്നത് കൂടി ഇതിനോട് ചേർത്ത് വായിക്കണം. 93 ശതമാനത്തിന്റെ വളർച്ചയാണ് നെക്‌സോൺ നേടിയത്. അടുത്തിടെ പുറത്തിറങ്ങിയ നെക്‌സോൺ ഡാർക്ക് എഡിഷനും ഇലക്ട്രിക് വേർഷനായ ഇവിയുമാണ് നെക്‌സോണിന്റെ വിൽപ്പനയിൽ ഏറ്റവും കൂടുതൽ സഹായിച്ചത്.

8. മാരുതി സുസുക്കി വാഗൺ ആർ

പട്ടികയിലെ മാരുതി സുസുക്കിയുടെ അവസാന സ്ഥാനത്ത് നിൽക്കുന്ന മോഡലാണ് വാഗൺ ആർ. കുടുംബങ്ങളുടെ ഇഷ്ടവാഹനങ്ങളിലൊന്നായ വാഗൺ ആറിനോടുള്ള ഇഷ്ടം കുറഞ്ഞു വരികയാണ്. 30 ശതമാനമാണ് വാഗൺ ആറിന്റെ വിൽപ്പനയിൽ ഇടിവുണ്ടായത്. എന്നിരുന്നാലും 9,639 യൂണിറ്റുകളുമായി ആദ്യ പത്തിൽ തന്നെയുണ്ട് വാഗൺ ആർ. പക്ഷേ കഴിഞ്ഞ വർഷം ഇതേസമയത്ത് 13,770 വാഗൺ ആർ വിൽക്കാൻ മാരുതിക്ക് സാധിച്ചിരുന്നു.

9. കിയ സെൽറ്റോസ്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ വാഹനമാണ് കിയയുടെ സെൽറ്റോസ്. അതുകൊണ്ട് തന്നെ 8,619 കിയ സെൽറ്റോസാണ് കഴിഞ്ഞ ആഗസ്റ്റിൽ വിറ്റഴിഞ്ഞത്. അതേസമയം ചിപ്പ് ക്ഷാമം മൂലം ഉത്പാദനം കുറഞ്ഞതോടെ കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനത്തിന്റെ കുറവാണ് സെൽറ്റോസിന്റെ വിൽപ്പനയിലുണ്ടായത്. കഴിഞ്ഞ വർഷം 10,655 സെൽറ്റോസാണ് വിറ്റഴിഞ്ഞത്.

10. ഹ്യുണ്ടായി വെന്യു

പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത് ഹ്യുണ്ടായിയുടെ വെന്യുവാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ മൂന്നാമത്തെ കോപാക്ട് എസ്.യു.വിയാണ് വെന്യു. 8,337 വെന്യുവാണ് കഴിഞ്ഞ മാസം വിൽക്കാൻ ഹ്യുണ്ടായിക്ക് സാധിച്ചത്.

ഉത്സവകാലത്ത് വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ വളർച്ചയാണ് ഇന്ത്യയിൽ രേഖപ്പെടുത്താറുള്ളത്. അതുകൊണ്ട് തന്നെ സെപ്റ്റംബറിൽ എല്ലാ വാഹന കമ്പനികളും മികച്ച പ്രതീക്ഷ വയ്ക്കുന്നുണ്ട്.

TAGS :

Next Story