Quantcast

ഒരു മണിക്കൂർ കൊണ്ട് ഫുൾ ചാർജ്; ടോർക്ക് ക്രാറ്റോസ് ഇലക്ട്രിക് ബൈക്ക് എത്തി

ആദ്യഘട്ടത്തിൽ പുനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിൽ ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ ലഭ്യമാകുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-01-27 10:34:13.0

Published:

27 Jan 2022 3:48 PM IST

ഒരു മണിക്കൂർ കൊണ്ട് ഫുൾ ചാർജ്; ടോർക്ക് ക്രാറ്റോസ് ഇലക്ട്രിക് ബൈക്ക് എത്തി
X

പൂനെ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ടോർക്ക് മോട്ടോർസ്, ക്രാറ്റോസ് എന്ന പേരിൽ പുതിയ ഇലക്ട്രിക് ബൈക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ക്രാറ്റോസ്, ക്രാറ്റോസ് R എന്നീ പതിപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.സബ്‌സിഡിക്ക് ശേഷം, ക്രാറ്റോസ്, ക്രാറ്റോസ് R എന്നിവയുടെ എക്സ്ഷോറൂം (പുനെ) വില യഥാക്രമം 1,07,999 രൂപയും 1,22,999 രൂപയുമാണ്. ബൈക്കിനുള്ള ബുക്കിംഗ് കമ്പനിയുടെ വെബ്‌സൈറ്റിൽ 999 രൂപയ്ക്ക് ആരംഭിച്ചിട്ടുണ്ട്.

ബൈക്കിന് 48V സിസ്റ്റം വോൾട്ടേജുള്ള IP67-റേറ്റഡ് 4 Kwh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഇതിന് 180 കിലോമീറ്റർ IDC പരിധി വാഗ്ദാനം ചെയ്യുന്നു. ഫാസ്റ്റ് ചാര്‍ജറുമായാണ് വരുന്നത്. ബൈക്ക് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ ഒരു മണിക്കൂര്‍ മാത്രമേ എടുക്കൂ. യഥാർത്ഥ റേഞ്ച് 120 കിലോമീറ്ററാണ്. സ്റ്റാൻഡേർഡ് ടോർക്ക് ക്രാറ്റോസിലെ ഇലക്ട്രിക് മോട്ടോർ 10.05 ബിഎച്ച്പി പവർ ഔട്ട്പുട്ടും പരമാവധി 28 എൻഎം പീക്ക് ടോർക്കും നൽകുന്നു. R വേരിയന്റ് താരതമ്യേന 12.06 ബിഎച്ച്പി പവർ ഔട്ട്പുട്ടും 38 എൻഎം പീക്ക് ടോർക്കും നൽകുന്നു. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത ആർജ്ജിക്കുന്നത് 4 സെക്കൻഡുകൾ മാത്രം മതിയെന്ന് കമ്പനി അവകാശപ്പെടുന്നു.

രണ്ട് വേരിയന്റുകളിലും ഫുൾ-എൽഇഡി ലൈറ്റിംഗും സ്റ്റാൻഡേർഡായി പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്നു. അടിസ്ഥാന മോഡൽ വൈറ്റ് കളർ ഓപ്ഷനിൽ ലഭ്യമാണ്. വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ചോയിസുകളിൽ R വേരിയന്റ് ലഭിക്കും. സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിന് ചുറ്റുമാണ് മോട്ടോർസൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. സസ്‌പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോ-ഷോക്കും നൽകിയിരിക്കുന്നു. ആങ്കറിംഗ് ചുമതലകൾ രണ്ട് അറ്റത്തും സിംഗിൾ ഡിസ്‌കുകളാണ് നിർവഹിക്കുന്നത്. രണ്ട് വേരിയന്റുകളിലെയും സുരക്ഷ വർധപ്പിക്കുന്നതിന് സിബിഎസ് ടെക് ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രണ്ട് വേരിയന്റുകളിലെയും സ്റ്റാൻഡേർഡ് ഫീച്ചറുകളിൽ ഒന്നിലധികം റൈഡ് മോഡുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, റിവേഴ്സ് മോഡ്, മൊബൈൽ കണക്റ്റിവിറ്റി, യുഎസ്ബി ചാർജിംഗ്, ആന്റി-തെഫ്റ്റ്, ഫ്രണ്ട് സ്റ്റോറേജ് ബോക്സ്, OTA അപ്ഡേറ്റുകൾ എന്നിവ ഉൾപ്പെടുന്നു. ഘട്ടംഘട്ടമായി ക്രാറ്റോസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ കമ്പനി പുറത്തിറക്കും. ആദ്യഘട്ടത്തിൽ പുനെ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, ഡൽഹി എന്നിവിടങ്ങളിൽ ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ ലഭ്യമാകുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിലോടെ ബൈക്കിൻറെ ഡെലിവറികൾ നടക്കും എന്നാണ് റിപ്പോർട്ട്‌.

Next Story